ന്യൂഡല്‍ഹി: ഗുസ്തി താരം ബജ്രംഗ് പൂനിയയ്ക്ക് സമ്പൂര്‍ണ വിലക്കുമായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ). ഉത്തേജക മരുന്നു പരിശോധനയ്ക്ക് സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനാണ് താരത്തിന് നാലു വര്‍ഷത്തെ സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇക്കാലയളവില്‍ മത്സരങ്ങളില്‍ പങ്കെടുക്കാനോ വിദേശത്തു പോലും പരിശീലക ജോലി ചെയ്യാനോ താരത്തിനു കഴിയില്ല.
മാര്‍ച്ച് 10നു ഹരിയാനയില്‍ നടന്ന ഒളിംപിക്‌സ് യോഗ്യതാ മത്സരത്തിനുള്ള സിലക്ഷന്‍ ട്രയല്‍സില്‍ പരാജയപ്പെട്ട ബജ്രംഗ് ഉത്തേജക പരിശോധനയ്ക്കു സാംപിള്‍ നല്‍കാതെ വേദി വിട്ടുപോയിരുന്നു. അതിനു ശേഷം സാംപിള്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹകരിച്ചില്ലെന്നു കാട്ടിയാണു നാഡ ബജ്രംഗ് പുനിയയെ ഏപ്രില്‍ 23നു സസ്‌പെന്‍ഡ് ചെയ്തത്.
കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയെന്ന കാരണത്താലായിരുന്നു പൂനിയയടെ നിസഹകരണം. പരിശോധനയ്ക്ക് തയാറാണെന്നും എന്നാല്‍ കിറ്റുകളില്‍ വ്യക്തത വേണമെന്നും പൂനിയ നാഡയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ, ഉത്തേജക പരിശോധനയ്ക്കു തയാറായില്ല എന്ന കാരണത്താല്‍ ബജ്രംഗ് പുനിയയ്ക്ക് ലോക ഗുസ്തി സംഘടനയും (യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് യുഡബ്ല്യുഡബ്ല്യു) സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തി. നാഡയുടെ വിലക്കിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്യാന്തര ഗുസ്തി സംഘടനയുടെയും നടപടി.