റാവല്‍പിണ്ടി : ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രവിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഒന്നാം ടെസ്റ്റില്‍ പാകിസ്താനെതിരെ 10 വിക്കറ്റ് വിജയം നേടി ബംഗ്ലാദേശ്. ആദ്യമായാണ് ബംഗ്ലാദേശ് പാക് ടീമിനെ തോല്‍പ്പിക്കുന്നത്. ബംഗ്ലദേശ് 6.3 ഓവറില്‍ വിക്കറ്റു പോകാതെ ചരിത്രം കുറിക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്സില്‍ നേരിട്ട കൂട്ടത്തകര്‍ച്ചയാണ് മത്സരത്തില്‍ പാക്കിസ്ഥാനു തിരിച്ചടിയായത്. മത്സരം സമനിലയാകുമെന്നു കരുതിയിരിക്കെ, രണ്ടാം ഇന്നിങ്സില്‍ 55.5 ഓവറില്‍ 146 റണ്‍സെടുത്ത് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടായി. 80 പന്തുകളില്‍ 51 റണ്‍സെടുത്ത പാക്ക് ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ മാത്രമാണു പിടിച്ചുനിന്നത്. മെഹ്ദി ഹസന്‍ മിറാസ് നാലു വിക്കറ്റുകളും ഷാക്കിബ് അല്‍ ഹസന്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു.
മത്സരത്തിന്റെ നാലാം ദിനം തന്നെ ബംഗ്ലദേശ് മേല്‍ക്കൈ സ്വന്തമാക്കിയിരുന്നു. 117 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാനെതിരെ ആദ്യ ഇന്നിങ്സില്‍ ബംഗ്ലദേശ് നേടിയത്. മുഷ്ഫിഖുര്‍ റഹ്മാന്‍ സെഞ്ചറിയുമായി തിളങ്ങിയപ്പോള്‍ 565 റണ്‍സാണ് ആദ്യ ഇന്നിങ്സില്‍ ബംഗ്ലദേശ് അടിച്ചുകൂട്ടിയത്.