/kalakaumudi/media/media_files/2025/08/05/sunil-chethri-2025-08-05-21-10-18.jpg)
ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രതിസന്ധി വളരുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖ ക്ലബ്ബുകളിലൊന്നും ദേശീയ ഫുട്‌ബോള്‍ ഐക്കണ്‍ സുനില്‍ ഛേത്രിയുടെ ടീമുമായ ബെംഗളൂരു എഫ്‌സി, ഫസ്റ്റ്-ടീം കളിക്കാരുടെയും ജീവനക്കാരുടെയും ശമ്പളം നിര്‍ത്തിവെച്ചു. ഐഎസ്എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് തിങ്കളാഴ്ച ഈ തീരുമാനം പ്രഖ്യാപിച്ചത്.
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) റിലയന്‍സിന്റെ കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലീഗ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. അടുത്ത ഐഎസ്എല്‍ സീസണിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ ക്ലബ്ബുകളുടെ ക്ഷമയും സാമ്പത്തിക ഭദ്രതയും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
''ലീഗിന്റെ ഭാവിയെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് ഈ നടപടി സ്വീകരിക്കേണ്ടി വന്നു. ഞങ്ങളുടെ കളിക്കാരുടെയും, ജീവനക്കാരുടെയും, അവരുടെ കുടുംബങ്ങളുടെയും ഭാവിയും ക്ഷേമവും ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്, ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാത്തിരിക്കുമ്പോള്‍ ഞങ്ങള്‍ അവരുമായി ബന്ധപ്പെടുന്നുണ്ട്.'' ബെംഗളൂരു എഫ്‌സി അധികൃതര്‍ അറിയിച്ചു.
ശമ്പളം നിര്‍ത്തിവെച്ചെങ്കിലും, ക്ലബ്ബിന്റെ യൂത്ത് ടീമുകളും ബിഎഫ്സി സോക്കര്‍ സ്‌കൂളുകളും സാധാരണ പോലെ തുടരുമെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു.