ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബാഴ്സലോണ ലീഡെടുത്തു. പത്താം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ബാഴ്സലോണയ്ക്ക് ലീഡ് നല്‍കി. എന്നാല്‍, അധികം വൈകാതെ തന്നെ സെര്‍ജിയോ കരേറ സെല്‍റ്റ വിഗോയെ സമനിലയില്‍ എത്തിച്ചു.

author-image
Biju
New Update
barza

മാഡ്രിഡ്: ലാ ലിഗയില്‍ സെല്‍റ്റ വിഗോയ്ക്കെതിരെ നടന്ന ആവേശകരമായ മത്സരത്തില്‍ ബാഴ്സലോണ മിന്നുന്ന വിജയം സ്വന്തമാക്കി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണ വിജയിച്ചത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ ഹാട്രിക്കാണ് ബാഴ്സയുടെ വിജയത്തില്‍ നിര്‍ണായകമായത്. ലെവന്‍ഡോവ്സ്‌കിയെ കൂടാതെ കൗമാര താരം ലാമിന്‍ യമാലും ബാഴ്സലോണക്കായി വലകുലുക്കി വിജയമുറപ്പിച്ചു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബാഴ്സലോണ ലീഡെടുത്തു. പത്താം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ബാഴ്സലോണയ്ക്ക് ലീഡ് നല്‍കി. എന്നാല്‍, അധികം വൈകാതെ തന്നെ സെര്‍ജിയോ കരേറ സെല്‍റ്റ വിഗോയെ സമനിലയില്‍ എത്തിച്ചു. 37-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്‌കി വീണ്ടും വലകുലുക്കി ബാഴ്സയെ മുന്നിലെത്തിച്ചെങ്കിലും, 43-ാം മിനിറ്റില്‍ ബോര്‍ഹ ഇഗ്ലേഷ്യസിലൂടെ സെല്‍റ്റ വിഗോ വീണ്ടും സമനില ഗോള്‍ നേടി.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, യുവതാരം യമാല്‍ വലകുലുക്കി ടീമിനെ 3-2ന് മുന്നിലെത്തിച്ചു. തുടര്‍ന്ന്, 73-ാം മിനിറ്റില്‍ തന്റെ മൂന്നാം ഗോള്‍ കൂടി നേടി റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ഹാട്രിക്ക് തികച്ചു. ഈ നിര്‍ണായക ഗോളിന് പിന്നാലെ, 4-2 എന്ന നിലയില്‍ ബാഴ്സലോണ തങ്ങളുടെ വിജയം ഉറപ്പിച്ചു.