ട്വന്റി20യില്‍ ലോകറെക്കോഡുമായി ബറോഡ

സിക്കിമിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ നയിച്ച ബറോഡ അടിച്ചെടുത്തത്. ഈ വര്‍ഷം ഒക്ടബോറില്‍ സിംബാബ്‌വെ നേടിയ 344 റണ്‍സിന്റെ റെക്കോഡ് ആണ് ബറോഡ പഴങ്കഥയാക്കിയത്. 

author-image
Prana
New Update
baroda

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെക്കോഡ് സ്‌കോറുമായി ബറോഡ. സിക്കിമിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ നയിച്ച ബറോഡ അടിച്ചെടുത്തത്. ഈ വര്‍ഷം ഒക്ടബോറില്‍ നയ്‌റോബിയില്‍ ഗാംബിയയ്‌ക്കെതിരെ സിംബാബ്‌വെ നേടിയ 344 റണ്‍സിന്റെ റെക്കോഡ് ആണ് ബറോഡ പഴങ്കഥയാക്കിയത്. 
ബറോഡയുടെ കൂറ്റന്‍ സ്‌കോറിനെതിരായ മറുപടി ബാറ്റിങ്ങില്‍ സിക്കിം 86 റണ്‍സിലൊതുങ്ങി. ഇതോടെ 263 റണ്‍സിന്റെ കൂറ്റന്‍ വിജയവും ക്രുണാലും ടീമും സ്വന്തമാക്കി. മത്സരത്തില്‍ ആകെ 37 സിക്‌സറുകളാണ് ബറോഡയുടെ ബാറ്റര്‍മാര്‍ കണ്ടെത്തിയത്. ഒരു ടി20 ഇന്നിംഗ്‌സിലെ സിക്‌സറുകളുടെ എണ്ണത്തിലും ഇതോടെ ബറോഡ റെക്കോഡിട്ടു. 27 സിക്‌സറുകള്‍ നേടിയ സിംബാബ്‌വെയുടെ റെക്കോഡ് ആണ് വീണ്ടും തകര്‍ന്നത്. നാലുപേര്‍ അര്‍ധസെഞ്ചുറി പിന്നിട്ടതോടെ ഇക്കാര്യത്തിലും സിംബാബ്‌വേയുടെ റെക്കോഡിനൊപ്പമെത്തി ബറോഡ.
ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ ഇല്ലാതെയാണ് ബറോഡ ടീം റെക്കോഡ് സ്‌കോര്‍ കണ്ടെത്തിയത്. ഭാനു പാനിയ 51 പന്തില്‍ അഞ്ച് ഫോറും 15 സിക്‌സും സഹിതം പുറത്താകാതെ 134 റണ്‍സ് അടിച്ചെടുത്തു. 17 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 53 റണ്‍സെടുത്ത ഓപ്പണര്‍ അഭിമന്യു സിങ്ങ്, 17 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 55 റണ്‍സ് നേടിയ ശിവാലിക് വര്‍മ, 16 പന്തില്‍ ആറ് സിക്‌സും രണ്ട് ഫോറും സഹിതം 50 റണ്‍സ് അടിച്ചെടുത്ത വിക്രം സോളങ്കി എന്നിവരും ബറോഡയുടെ റെക്കോഡ് സ്‌കോറില്‍ പങ്കാളികളായി. ശാശ്വത് റാവത്ത് 16 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 43 റണ്‍സും നേടി. മഹേഷ് പിതിയ അഞ്ച് പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ രാജ് ലിംബാനി ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
സിക്കിമിന്റെ ബൗളര്‍മാരെല്ലാം ബറോഡ ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. റോഷന്‍ കുമാര്‍ നാല് ഓവറില്‍ വിട്ടുകൊടുത്തത് 81 റണ്‍സാണ്. 
കൂറ്റന്‍ സ്‌കോറിനെതിരെ കളത്തിലിറങ്ങിയ സിക്കിം നിരയില്‍ രണ്ടക്കം കണ്ടത് നാലുപേര്‍ മാത്രമാണ്. 20 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 20 റണ്‍സെടുത്ത റോബിന്‍ ലിംബുവാണ് ടോപ് സ്‌കോറര്‍. പാര്‍ത്ത് പലാവത്ത് 12 റണ്‍സും ലീ യോങ് ലെപ്ച 10 റണ്‍സും അന്‍കൂര്‍ മാലിക് 18 റണ്‍സുമാണ് നേടിയത്. ബറോഡയ്ക്കായി നിനാദ് റത്‌വയും മഹേഷ് പിതിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യ, അദിത് സേത്, അഭിമന്യു സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

record Syed Mushtaq Ali Trophy T20 tournament