ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; മഴ കളി തുടരുന്നു

ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സോടെ കെഎല്‍ രാഹുലും റണ്‍സൊന്നും എടുക്കാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍.

author-image
Prana
New Update
virat heyzelwood

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ആസ്‌ട്രേലിയയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരേ ബാറ്റ് വീശിയ ഇന്ത്യ തകരുന്നു. മഴ പലതവണ കളി മുടക്കിയ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സോടെ കെഎല്‍ രാഹുലും റണ്‍സൊന്നും എടുക്കാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍. ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് ഇനിയും 394 റണ്‍സ് കൂടി വേണം.
ഇടവിട്ട് പെയ്യുന്ന മഴയില്‍ മൂന്നാം ദിവസം ആറ് തവണയാണ് മത്സരം നിര്‍ത്തിവെച്ചത്. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ആസ്‌ട്രേലിയ 445ന് പുറത്തായിരുന്നു. മൂന്നാം ദിവസം ഏഴിന് 405 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസ് 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ഔട്ട് ആയി. അലക്‌സ് ക്യാരി 70 റണ്‍സ് നേടി. മിച്ചല്‍ സ്റ്റാര്‍ക് 18 റണ്‍സെടുത്തും പുറത്തായി.
തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തന്നെ തിരിച്ചടി കിട്ടി. കഴിഞ്ഞ ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ പന്തില്‍ പുറത്തായ യശസ്വി ജയ്‌സ്വാള്‍ ഇത്തവണ രണ്ടാം പന്തില്‍ സ്റ്റാര്‍ക്കിനു മുന്നില്‍ കീഴടങ്ങി. ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ശേഷമാണ് ജയ്‌സ്വാള്‍ സ്റ്റാര്‍ക്കിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങിയത്. 
ഒരു റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലിനെയും സ്റ്റാര്‍ക്ക് മടക്കി. ഗള്ളിയില്‍ മിച്ചല്‍ മാര്‍ഷിന്റെ അസാധ്യ ക്യാച്ച്. മൂന്ന് റണ്‍സെടുത്ത വിരാട് കോഹ്‌ലിയെ ഹെയ്‌സല്‍വുഡും ഒമ്പത് റണ്‍സെടുത്ത റിഷഭ് പന്തിനെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മടക്കി. തുടര്‍ന്ന് വീണ്ടും മഴയെത്തിയതോടെ ഇന്ന് കളിയവസാനിപ്പിക്കുകയായിരുന്നു. 
രണ്ടു ദിവസം കൂടി ബാക്കിയിരിക്കെ ബ്രിസ്‌ബെയ്‌നില്‍ മഴ തുടരുമെന്ന കാലാവസ്ഥ അറിയിപ്പ് ആണ് നിലവില്‍ ഇന്ത്യക്ക് അല്‍പം ആശ്വാസം പകരുന്നത്. മഴയെത്തുടര്‍ന്ന് കളി തടസപ്പെട്ടാല്‍ സമനില കൊണ്ട് ഇന്ത്യക്ക് തടിതപ്പാം.

Virat Kohli batting rain india vs australia