/kalakaumudi/media/media_files/2025/08/11/kolhi-2025-08-11-12-53-45.jpg)
മുംബൈ: ഒക്ടോബറിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ വിരാട് കോലിയും രോഹിത് ശര്‍മയും ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തള്ളി. 2027 ഏകദിന ലോകകപ്പുവരെ 2 സൂപ്പര്‍താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയേക്കില്ലെന്നും ഒക്ടോബര്‍ 25ന് സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിനുശേഷം ഇരുവരും വിടവാങ്ങുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് തള്ളിയത്.
കോലിയുടെയും രോഹിത്തിന്റെയും വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ ആലോചനകളില്ല. ഈ വര്‍ഷത്തെ ഏഷ്യാ കപ്പിനും അടുത്തവര്‍ഷത്തെ ട്വന്റി20 ലോകകപ്പിനും മികച്ച ടീമിനെ ഒരുക്കുകയാണ് നിലവിലെ പ്രധാന ലക്ഷ്യമെന്ന് ബിസിസിഐ പ്രതിനിധികള്‍ അറിയിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ടെസ്റ്റ്, ട്വന്റി20 എന്നിവയില്‍നിന്നു വിരമിച്ച കോലിയും രോഹിത്തും ഈ വര്‍ഷത്തെ ഐപിഎലിനുശേഷം മത്സരങ്ങള്‍ കളിച്ചിട്ടില്ല. 2027 ഏകദിന ലോകകപ്പ് സമയത്ത് കോലിക്കു മുപ്പത്തിയൊമ്പതും രോഹിത്തിനു നാല്‍പതും വയസ്സാകും. പ്രായക്കൂടുതലും മത്സരങ്ങളുടെ കുറവും ഇരുവരുടെയും മികവിനെ തളര്‍ത്തുമോയെന്ന ആശങ്കകള്‍ക്കു ചുവടുപിടിച്ചാണ് വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങളും പ്രചരിച്ചത്. എന്നാല്‍, നിലവിലെ ഫോമില്‍ കോലിയുടെയും രോഹിത്തിന്റെയും ഏകദിന ടീമിലെ സ്ഥാനത്തിനു ഭീഷണിയില്ല. കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ സെഞ്ചറിയുമായി കോലി തിളങ്ങിയപ്പോള്‍ ഇന്ത്യയുടെ ഫൈനല്‍ വിജയത്തില്‍ നിര്‍ണായകമായത് അര്‍ധ സെഞ്ചറി നേടിയ രോഹിത്തിന്റെ ഇന്നിങ്‌സായിരുന്നു.
ഒക്ടോബര്‍ 19 മുതല്‍ 25 വരെ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് സൂപ്പര്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുക. അതിനുശേഷം നവംബറില്‍ നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഐപിഎലിനുശേഷം ലണ്ടനില്‍ തങ്ങുന്ന വിരാട് കോലി, അവിടെ ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിദേശ യാത്രകള്‍ക്കുശേഷം മുംബൈയില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മയും വൈകാതെ പരിശീലനം പുനരാരംഭിക്കുമെന്നാണ് സൂചന.