ഇംപീച്ച്മെന്റ് ഭീഷണി; ഏഷ്യാ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറി നഖ്വി

ഫൈനലിനു ശേഷം ഇന്ത്യയ്ക്ക് നല്‍കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ട്രോഫിയും വിജയികളുടെ മെഡലുകളുമായി നഖ്വി സ്ഥലം വിട്ടിരുന്നു. ഈ പ്രവൃത്തി എസിസി പെരുമാറ്റച്ചട്ടത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ നഖ്വിക്കെതിരേ രംഗത്തെത്തിയത്.

author-image
Biju
New Update
nakvi

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്വിയെ ഇംപീച്ച് ചെയ്യാന്‍ ബിസിസിഐ നീക്കം. പാകിസ്ഥാന്‍ മന്ത്രി കൂടിയായ നഖ്വി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനുമാണ്. 

ഫൈനലിനു ശേഷം ഇന്ത്യയ്ക്ക് നല്‍കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ട്രോഫിയും വിജയികളുടെ മെഡലുകളുമായി നഖ്വി സ്ഥലം വിട്ടിരുന്നു. ഈ പ്രവൃത്തി എസിസി പെരുമാറ്റച്ചട്ടത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ നഖ്വിക്കെതിരേ രംഗത്തെത്തിയത്.

നഖ്വിയുടെ പ്രവൃത്തി എസിസിയുടെയും ഐസിസിയുടെയും അന്തസിനെ ബാധിച്ചുവെന്നും കഴിഞ്ഞ ദിവസം നടന്ന എസിസി യോഗത്തില്‍ ബിസിസിഐ അംഗങ്ങള്‍ വാദിച്ചു. ഇന്ത്യയുടെ ഇംപീച്ച്‌മെന്റ് ഭീഷണിക്കിടെ നഖ്വി ഏഷ്യാ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയതായാണ് റിപ്പോര്‍ട്ട്. അതേസമയം ട്രോഫി എപ്പോള്‍ ഇന്ത്യയ്ക്ക് കൈമാറും എന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

നഖ്വി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും ബിസിസിഐ, അംഗങ്ങള്‍ ഓണ്‍ലൈനായി നടന്ന എസിസി യോഗത്തില്‍ ആരോപിച്ചു. സമ്മാനദാനവുമായി ബന്ധപ്പെട്ട പ്രോട്ടോകോളിന്റെയും എസിസി മേധാവി എന്ന നിലയിലെ അടിസ്ഥാന കടമകളുടെയും ലംഘനമാണ് നഖ്വിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച രാത്രിനടന്ന ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് ടൂര്‍ണമെന്റിലെ ഒന്‍പതാം കിരീടം നേടിയ ഇന്ത്യ, പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രികൂടിയായ മൊഹ്‌സിന്‍ നഖ്വിയില്‍നിന്ന് കിരീടം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ, കപ്പുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയത്തില്‍നിന്ന് മടങ്ങുകയായിരുന്നു.

asia cup