/kalakaumudi/media/media_files/2025/08/10/she-2025-08-10-11-43-44.jpg)
ലണ്ടന്‍: ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ തുടങ്ങാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ സ്ലൊവേന്യക്കാരന്‍ ഫോര്‍വേഡ് ബെന്യമിന്‍ ഷെഷ്‌കോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. ജര്‍മന്‍ ക്ലബ് ലൈപ്‌സീഗില്‍നിന്ന് 9.8 കോടി ഡോളറിനാണ് (ഏകദേശം 8700 കോടി രൂപ) ഇരുപത്തിരണ്ടുകാരന്‍ താരവുമായി മാന്‍. യുണൈറ്റഡ് 5 വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചത്.
കഴിഞ്ഞ സീസണില്‍, തരംതാഴ്ത്തല്‍ മേഖലയില്‍നിന്നു കഷ്ടിച്ച് 3 പോയിന്റ് മാത്രം അകലെ 15ാം സ്ഥാനത്തായിരുന്നു യുണൈറ്റഡ്. ഗോളടിക്കാന്‍ താരങ്ങളില്ലാത്തതിന്റെ പേരിലാണു യുണൈറ്റഡിന്റെ കളി മോശമായതെന്നു മനസ്സിലാക്കി ഈ സീസണില്‍ ടീമിലെത്തിക്കുന്ന മൂന്നാമത്തെ സ്‌ട്രൈക്കറാണു ഷെഷ്‌കോ.
ബ്രസീലുകാരന്‍ മത്തേവൂസ് കുഞ്ഞ, കാമറൂണ്‍ താരം ബ്രയന്‍ എംബ്യൂമോ എന്നിവരെ യുണൈറ്റഡ് നേരത്തേ ടീമിലെത്തിച്ചിരുന്നു. യുണൈറ്റഡിന്റെ മുന്‍ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചുമായാണ് ഷെഷ്‌കോയെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്. ആറടി അഞ്ചിഞ്ചുകാരനായ സ്ലാറ്റന്റെ അത്രയും ഉയരമുണ്ട് ഷെഷ്‌കോയ്ക്കും.