/kalakaumudi/media/media_files/2025/07/17/jasprit-bumrah-2025-07-17-19-09-45.webp)
jasprit-bumrah-
മുംബൈ:ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിപ്പിക്കാനുള്ള ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ച് മുന്‍ നായകന്‍ ദീലീപ് വെങ്സര്‍ക്കാര്‍. ഏതൊക്കെ ടെസ്റ്റില്‍ കളിക്കുമെന്ന് ഒരു കളിക്കാരന്‍ തീരുമാനിക്കുന്നത് ശരിയല്ലെന്നും കായികക്ഷമതയില്ലെങ്കില്‍ മാറി നില്‍ക്കുകയാണ് വേണ്ടതെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
ഇന്ത്യക്കായി കളിക്കുക എന്നതാണ് പ്രധാനം. ആദ്യ ടെസ്റ്റ് കഴിഞ്ഞ് ഏഴോ എട്ടോ ദിവസത്തെ ഇടവേള കഴിഞ്ഞാണ് രണ്ടാം ടെസ്റ്റ് നടന്നത്. എന്നിട്ടും ബുമ്രയെ രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചില്ല. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ഒരുപക്ഷെ ഗംഭീറിനും അഗാര്‍ക്കുമെല്ലാം ഇത് അംഗീകരിക്കാന്‍ പറ്റുമായിരിക്കും.അങ്ങനെ കളിക്കാനുള്ള കായികക്ഷമതയില്ലാത്തവരെ വിദേശ പരമ്പരക്കുള്ള ടീമിലെടുക്കരുത്. കളിക്കാരന്റെ ഇഷ്ടത്തിന് അനുസരിച്ചല്ല കളിക്കുന്ന ടെസ്റ്റുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കേണ്ടതെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
പരിക്ക് പറ്റാനുള്ള സാധ്യത കണക്കിലെടുത്ത് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ടെസ്റ്റില്‍ മാത്രമെ കളിക്കൂവെന്ന് ബുമ്രയും ഇന്ത്യന്‍ ടീം മാനേജ്‌മെന്റും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റില്‍ കളിച്ച ബുമ്ര ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബുമ്രക്ക് വിക്കറ്റൊന്നും വീഴ്ത്താനാവാഞ്ഞതോടെ ഇന്ത്യ മത്സരം ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റു. ബര്‍മിംഗ്ഹാമില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുമ്രക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരമെത്തിയ ആകാശ് ദീപ് തിളങ്ങി. ഇന്ത്യ ടെസ്റ്റ് 336 റണ്‍സിന് ജയിച്ചു.
പരമ്പരയില്‍ ഇന്ത്യ 1-2ന് പിന്നില്‍ നില്‍ക്കുന്നതിനാല്‍ 23ന് മാഞ്ചസ്റ്റില്‍ തുടങ്ങുന്ന നാലാം ടെസ്റ്റില്‍ ബുമ്ര കളിക്കുമെന്നാണ് കരുതുന്നത്.