ഇന്ത്യന്‍ ടീമിലെ ഗസ്റ്റ് പ്ലെയറാകുമോ ബുമ്ര; ഈ കരുതലിന് പിന്നിലെന്ത്?

ബുമ്രയുടെ പരുക്കിന്റെ ചരിത്രം പരിശോധിച്ചാല്‍ താരത്തിന്റെ കരിയറില്‍ ഒരു വലിയ ഭാഗം നഷ്ടമായതായി കാണാനാകും.

author-image
Jayakrishnan R
New Update
jasprit-bumrah-

jasprit-bumrah-



ഓവല്‍( ഇംഗ്ലണ്ട് ): ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍ എന്ന തലക്കെട്ട് ഒരുപക്ഷെ ജസ്പ്രിത് ബുമ്ര എന്ന പേരിലേക്കായിരിക്കാം എത്തുക. അങ്ങനെയൊരു ബൗളര്‍ എന്തുകൊണ്ട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം കളിച്ചു? പ്രത്യേകിച്ചും നിര്‍ണായകമായ ഓവല്‍ ടെസ്റ്റില്‍ ബുമ്രയുടെ സാന്നിധ്യം ഉണ്ടായില്ല. ആരാധകര്‍ മാത്രമല്ല, ഇതിഹാസ താരങ്ങള്‍പ്പോലും ഈ ചോദ്യം ചോദിച്ചതാണ്. ജോലിഭാരം കുറയ്ക്കാനാണെന്ന വിശദീകരണം പലകുറി ടീം മാനേജ്‌മെന്റ് നല്‍കിയിട്ടും അതിലൊന്നും തൃപ്തരാകാന്‍ ക്രിക്കറ്റ് ലോകം ഇതുവരെ തയാറായിട്ടില്ല. എല്ലാവരും മുഹമ്മദ് സിറാജിന്റെ ജോലിഭാരവുമായാണ് ഇവിടെ ബുമ്രയെ താരതമ്യപ്പെടുത്തുന്നതും. എന്തുകൊണ്ടായിരിക്കാം ബുമ്രയുടെ കാര്യത്തില്‍ ഇത്രത്തോളം കരുതല്‍ ബിസിസിഐ എടുക്കുന്നത്, ജോലിഭാരം നിയന്ത്രിച്ചില്ലെങ്കില്‍ താരത്തിന്റെ കരിയറിന്റെ ദൈര്‍ഘ്യം കുറയുമോ?

ബുമ്രയുടെ പരുക്കിന്റെ ചരിത്രം പരിശോധിച്ചാല്‍ താരത്തിന്റെ കരിയറില്‍ ഒരു വലിയ ഭാഗം നഷ്ടമായതായി കാണാനാകും. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 2019 സെപ്തംബറിലാണ് ബുമ്രയ്ക്ക് ആദ്യമായി പുറത്തിന് പരുക്കേല്‍ക്കുന്നത്. അന്ന് മൂന്ന് മാസത്തോളമായിരുന്നു വിശ്രമം, ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരകളും നഷ്ടമായി. പിന്നീട്, പുറത്തിന് ഗുരുതര പരുക്ക് സംഭവിക്കുന്നത് ഏകദിന ലോകകപ്പ് വര്‍ഷമായ 2023ലാണ്. 2023 ജനുവരിയില്‍ പരുക്കേറ്റ ബുമ്ര മാര്‍ച്ചിലാണ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ആ വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ താരത്തിന് ഇതുമൂലം നഷ്ടമായി. ഓഗസ്റ്റിലാണ് പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സംഭവിക്കുന്നത്.

പിന്നീടാണ്, ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ സംഭവങ്ങള്‍. രണ്ട് വര്‍ഷത്തിനിടെ രണ്ട് ഗുരുതര പരുക്കുകളും ശസ്ത്രക്രിയകളും. ബിസിസിഐ മെഡിക്കല്‍ ടീമിന്റേയും മറ്റ് വിദഗ്ധരുടേയും അഭിപ്രായം ഇനിയും ബുമ്രയ്ക്ക് പരുക്ക് വരാനുള്ള സാധ്യതകളുണ്ടെന്നും ജോലിഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നുമാണ്. എങ്കിലും മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാന്‍ താരം തയാറാകുകയായിരുന്നു.

ക്രിക്കറ്റില്‍ ഏറ്റവും ജോലിഭാരമുള്ള ഫോര്‍മാറ്റായാണ് ടെസ്റ്റിനെ കണക്കാക്കുന്നത്. അതുകൊണ്ട് ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ ഒരുപക്ഷേ ബുമ്രയുടെ ടെസ്റ്റ് കരിയറിന് തന്നെ വില്ലനായേക്കാവുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫിയിലും ഇംഗ്ലണ്ട് പര്യടനത്തിലുമായി 270 ഓവറിലധികമാണ് ബുമ്ര എറിഞ്ഞിട്ടുള്ളത്. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ മൂന്നെണ്ണം മാത്രം കളിക്കുന്ന ശൈലി ഇനിയും ബുമ്ര തുടര്‍ന്നേക്കും. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരകളിലും ഇനി വിശ്രമം എടുക്കാനുള്ള സാധ്യതകളുണ്ട്, പ്രത്യേകിച്ചും വിദേശ പര്യടനങ്ങളില്‍. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ പേസര്‍മാരുടെ ജോലിഭാരം കുറവാണ്. സ്പിന്നര്‍മാര്‍ക്കാണ് കളിയില്‍ പ്രാധാന്യമുള്ളതും. അതുകൊണ്ട്, ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ബുമ്ര പൂര്‍ണമായും കളിച്ചേക്കും.

sports Bumrah