കപ്പടിച്ചാല്‍ ഗോകുലം ഐഎസ്എല്ലിലേക്ക്

ഐ ലീഗില്‍ ഈ സീസണില്‍ ഗോകുലത്തിന്റെ തുടക്കം പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍, ഗോകുലം പാതിവഴിയില്‍ തളര്‍ന്നു. ഫെബ്രുവരിയില്‍ പരിശീലകന്‍ അന്റോണിയോ റുവേദയെ പുറത്താക്കി സഹപരിശീലകന്‍ ടി.എ.രഞ്ജിത്തിനെ ചുമതലയേല്‍പിച്ചു

author-image
Biju
New Update
ggh

കോഴിക്കോട്:  ഇത്തവണ കിരീടം നേടിയാല്‍ ഗോകുലം അടുത്ത ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കളത്തിലിറങ്ങും. ഐ ലീഗിന്റെ അവസാന റൗണ്ടില്‍ ഗോകുലം കേരള ഉള്‍പ്പെടെ 4 ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. 

എല്ലാ ടീമിനും ഓരോ മത്സരം വീതം ബാക്കി. 3ാം സ്ഥാനത്തുള്ള ഗോകുലത്തിന് 21 കളികളില്‍ 11 ജയവും 4 സമനിലയുമായി 37 പോയിന്റ്. 39 പോയിന്റുമായി ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാമതും ഇന്റര്‍ കാശി രണ്ടാമതും.കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ 6ന് ഡെംപോ എസ്സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. കിരീടം നേടണമെങ്കില്‍ ഈ മത്സരത്തില്‍ ഗോകുലം ജയിച്ചാല്‍ മാത്രം പോരാ; ചര്‍ച്ചില്‍ ബ്രദേഴ്‌സും ഇന്റര്‍കാശിയും അവരുടെ മത്സരങ്ങളില്‍ തോല്‍ക്കുക കൂടി വേണം.

നിലവില്‍ നാലാം സ്ഥാനത്തുള്ള റിയല്‍ കശ്മീര്‍ എഫ്‌സിയെയാണ് 6നു നടക്കുന്ന അടുത്ത മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് നേരിടുന്നത്. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന്‍ യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ് ആറിന് ഇന്റര്‍കാശിയുടെ അവസാന മത്സരം. ചര്‍ച്ചിലും ഇന്റര്‍കാശിയും തോല്‍ക്കുകയും ഗോകുലം ജയിക്കുകയും ചെയ്താല്‍ ഐലീഗ് കിരീടം മൂന്നാംതവണയും കേരളത്തിലേക്കു വരും. ഇത്തവണത്തെ ഐ ലീഗ് ജേതാക്കള്‍ക്ക് ഐഎസ്എലിലേക്കു സ്ഥാനക്കയറ്റം ലഭിക്കുമെന്നിരിക്കെ ഗോകുലത്തിന് ഇതു സുവര്‍ണാവസരമാണ്.

ഐ ലീഗില്‍ ഈ സീസണില്‍ ഗോകുലത്തിന്റെ തുടക്കം പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍, ഗോകുലം പാതിവഴിയില്‍ തളര്‍ന്നു. ഫെബ്രുവരിയില്‍ പരിശീലകന്‍ അന്റോണിയോ റുവേദയെ പുറത്താക്കി സഹപരിശീലകന്‍ ടി.എ.രഞ്ജിത്തിനെ ചുമതലയേല്‍പിച്ചു. എറണാകുളം സ്വദേശിയായ രഞ്ജിത്തിനു കീഴില്‍ ഫെബ്രുവരി 16ന് ഡല്‍ഹി എഫ്‌സിയെ 63ന് തോല്‍പിച്ചു ഗോകുലം തുടങ്ങിവച്ച ഗംഭീര തിരിച്ചുവരവാണിപ്പോള്‍ കിരീടനേട്ടത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നത്.

 ഗോകുലം കേരള: ആറിനു ഡെംപോയെ തോല്‍പിക്കണം. റിയല്‍ കശ്മീരിനോടു ചര്‍ച്ചില്‍ പരാജയപ്പെടണം. ഇന്റര്‍ കാശി എഫ്‌സി രാജസ്ഥാന്‍ യുണൈറ്റഡിനോടു തോല്‍ക്കണം. ഇരുടീമുകളും സമനില വഴങ്ങിയാല്‍, ഗോള്‍വ്യത്യാസത്തില്‍ മുന്നില്‍ക്കയറിയാലും ഗോകുലത്തിനു സാധ്യതയുണ്ട്. ചര്‍ച്ചില്‍ (20), ഗോകുലം (17), ഇന്റര്‍ കാശി (9) എന്നിങ്ങനെയാണ് നിലവിലെ ഗോള്‍വ്യത്യാസം. ഡെംപോയ്‌ക്കെതിരെ വന്‍ മാര്‍ജിനില്‍ ജയിക്കേണ്ടതും ഗോകുലത്തിന്റെ ആവശ്യമാണ്.

Gokulam Kerala FC