ഫൈനലടിച്ച് ടീം ഇന്ത്യ

ഓസ്ട്രേലിയയുടെ ബൗളിങ് നിര ഇത്തവണ അല്‍പ്പം ദുര്‍ബലമാണ്. സൂപ്പര്‍ പേസര്‍മാരെല്ലാം പരിക്കേറ്റ് ടീമിന് പുറത്താണ്. എന്നാല്‍ ഈ വിടവ് നികത്താന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്ട്രേലിയയെ ഇന്ത്യ ഭയക്കണമെന്ന് ഉറപ്പ്.

author-image
Biju
Updated On
New Update
gfg

ദുബായ്: അടിപൊളി... അങ്ങ് പൊളിച്ചു... മ്മടെ പിള്ളാര് ഫൈനലടിച്ചു...  ആവേശകരമായ മത്സരത്തില്‍ കലക്കന്‍ കടന്നുകയറ്റം ഇന്ത്യ നടത്തി . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ 11 പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.

ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും ഉള്‍പ്പെടെയുള്ള ഐസിസി ഏകദിന ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍, ഓസീസിനെതിരെ ഏതൊരു ടീമും പിന്തുടര്‍ന്നു ജയിക്കുന്ന ഉയര്‍ന്ന സ്‌കോറെന്ന സ്വന്തം റെക്കോര്‍ഡ് ഇതോടെ ഇന്ത്യ ഒന്നുകൂടി പുതുക്കി. 2011ലെ ഏകദിന ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യ 261 റണ്‍സ് പിന്തുടര്‍ന്നു ജയിച്ചതാണ് ഓസീസിനെതിരെ നോക്കൗട്ടുകളിലെ ഉയര്‍ന്ന റണ്‍ചേസ്. ഇത്തവണ അത് 265 റണ്‍സാക്കി ഉയര്‍ത്തിയാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

ഒരിക്കല്‍ക്കൂടി സൂപ്പര്‍താരം വിരാട് കോലിയുടെ ചുമലിലേറിയാണ് ഇന്ത്യയുടെ വിജയക്കുതിപ്പ് എന്നത് ശ്രദ്ധേയം. 98 പന്തില്‍ അഞ്ച് ഫോറുകളോടെ 84 റണ്‍സെടുത്ത കോലി തന്നെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 62 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 45 റണ്‍സെടുത്ത് പുറത്തായി. 43 റണ്‍സിനിടെ ഓപ്പണര്‍മാരെ ഇരുവരെയും നഷ്ടമാക്കി തകര്‍ച്ച മുന്നില്‍ക്കണ്ട ഇന്ത്യയെ, മൂന്നാം വിക്കറ്റില്‍ കരുതലോടെ ബാറ്റു ചെയ്ത് 111 പന്തില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇരുവരും രക്ഷപ്പെടുത്തിയത്.

കെ.എല്‍. രാഹുല്‍ (34 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം പുറത്താകാതെ 42), ഹാര്‍ദിക് പാണ്ഡ്യ (24 പന്തില്‍ മൂന്നു സിക്‌സും ഒരു ഫോറും സഹിതം 28) എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനവും നിര്‍ണായകമായി. രവീന്ദ്ര ജഡേജ ഒരു പന്തില്‍ രണ്ടു റണ്‍സുമായി രാഹുലിനൊപ്പം പുറത്താകാതെ നിന്നു. 

അവസാന നിമിഷങ്ങളില്‍ പന്ത്‌റണ്‍സ് അനുപാതം ഒരേ നിലയില്‍ തുടര്‍ന്നത് ചെറിയ തോതില്‍ ടെന്‍ഷന്‍ ഉയര്‍ത്തിയെങ്കിലും, ആദം സാംപ എറിഞ്ഞ 47ാം ഓവറില്‍ ഇരട്ട സിക്‌സറുമായി പാണ്ഡ്യ സമ്മര്‍ദ്ദമകറ്റി. ആറാം വിക്കറ്റില്‍ പാണ്ഡ്യരാഹുല്‍ സഖ്യം 32 പന്തില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിജയത്തിന് അരികെ പാണ്ഡ്യ പുറത്തായെങ്കിലും ജഡേജയെ സാക്ഷിനിര്‍ത്തി തകര്‍പ്പന്‍ സിക്‌സറിലൂടെ രാഹുല്‍ തന്നെ വിജയറണ്‍ കുറിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ 29 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്തു. 30 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 27 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെ പ്രകടനവും നിര്‍ണായകമായി. ശുഭ്മന്‍ ഗില്‍ 11 പന്തില്‍ ഒരു ഫോര്‍ സഹിതം എട്ടു റണ്‍സെടുത്ത് പുറത്തായി. ഓസീസിനായി ആദം സാംപ 10 ഓവറില്‍ 60 റണ്‍സ് വഴങ്ങിയും നേഥന്‍ എല്ലിസ് 10 ഓവറില്‍ 48 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബെന്‍ ഡ്വാര്‍ഷിയൂസ്, കൂപ്പര്‍ കോണ്‍ലി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 264 റണ്‍സെടുത്തു പുറത്തായിരുന്നു. അര്‍ധ സെഞ്ചറി നേടി തിളങ്ങിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മധ്യനിര താരം അലക്‌സ് ക്യാരിയുമാണ് ഓസ്‌ട്രേലിയയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 96 പന്തില്‍ 73 റണ്‍സെടുത്തു പുറത്തായ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 56 പന്തുകള്‍ നേരിട്ട അലക്‌സ് ക്യാരി 60 റണ്‍സെടുത്തും പുറത്തായി. ട്രാവിസ് ഹെഡ് (33 പന്തുകളില്‍ 39), മാര്‍നസ് ലബുഷെയ്ന്‍ (36 പന്തില്‍ 29), ബെന്‍ ഡ്വാര്‍ഷ്യൂസ് (29 പന്തില്‍ 19) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

സ്‌കോര്‍ നാലില്‍ നില്‍ക്കെ മുഹമ്മദ് ഷമിയുടെ മൂന്നാം ഓവറിലെ അവസാന പന്തു നേരിട്ട കോണ്‍ലിയെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഇന്ത്യയുടെ അപ്പീലില്‍ തുടക്കത്തില്‍ ഔട്ട് അനുവദിച്ചില്ലെങ്കിലും, തേര്‍ഡ് അംപയര്‍ക്കു വിട്ടതോടെ തീരുമാനം അനുകൂലമാകുകയായിരുന്നു. ട്രാവിസ് ഹെഡിനെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ശുഭ്മന്‍ ഗില്‍ ക്യാച്ചെടുത്തു പുറത്താക്കി. ട്രാവിസ് ഹെഡ് പുറത്തായ ശേഷം 50 പന്തുകളില്‍ ഓസ്‌ട്രേലിയയെ ബൗണ്ടറി നേടാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. 

അതിന്റെ മാറ്റം സ്‌കോര്‍ ബോര്‍ഡിലും പ്രതിഫലിച്ചു. ആദ്യ 44 പന്തുകളില്‍ (7.4 ഓവറുകള്‍) 50 റണ്‍സെടുത്ത ഓസീസിന് 100 ലെത്താന്‍ 119 പന്തുകള്‍ (19.5 ഓവറുകള്‍) വേണ്ടിവന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍നസ് ലബുഷെയ്ന്‍ എല്‍ബിഡബ്ല്യു ആയി. 11 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിനെ ജഡേജ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ 198ല്‍ നില്‍ക്കെ അര്‍ധ സെഞ്ചറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മുഹമ്മദ് ഷമിയുടെ പന്തില്‍ ബോള്‍ഡായി. പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ സിക്‌സടിച്ച് ടീം സ്‌കോര്‍ 200 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ അക്ഷര്‍ പട്ടേല്‍ മാക്‌സ്‌വെല്ലിനെ ബോള്‍ഡാക്കി.

ബെന്‍ ഡ്വാര്‍ഷ്യൂസിനെ കൂട്ടുപിടിച്ച് അലക്‌സ് ക്യാരി മികച്ചൊരു കൂട്ടുകെട്ടിനു ശ്രമിച്ചെങ്കിലും അതും അധികനേരം തുടരാന്‍ ഇന്ത്യ അനുവദിച്ചില്ല. 46ാം ഓവറില്‍ 19 റണ്‍സെടുത്ത ഡ്വാര്‍ഷ്യൂസിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി വിക്കറ്റു നേട്ടം രണ്ടാക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ച അലക്‌സ് ക്യാരിയെ ശ്രേയസ് അയ്യര്‍ റണ്‍ഔട്ടാക്കി. ഇന്ത്യയ്ക്കായി പേസര്‍ മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

 

  • Mar 04, 2025 21:02 IST

    ഗെയ്ലിനെ പിന്തള്ളി മുന്നോട്ട്

    ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ വിജയത്തിനായി പൊരുതുകയാണ്. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയാണ് ഇന്ത്യ. ഫൈനലിലെത്താന്‍ ഓസ്ട്രേലിയയുടെ വെല്ലുവിളിയെ ഇന്ത്യ മറികടക്കേണ്ടതായുണ്ട്. അതിന് ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇടവേളക്ക് ശേഷം മറ്റൊരു ഐസിസി ട്രോഫികൂടി ഇന്ത്യ അലമാരയിലേക്കെത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

    സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ ഒരു സിക്സര്‍ നേടിയതോടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സിക്സറില്‍ ഇതിനോടകം പല വമ്പന്‍ റെക്കോഡുകളും ഹിറ്റ്മാന്‍ സ്വന്തമാക്കിയിട്ടുണ്ട്. രോഹിത്തിന്റെ സിക്സര്‍ നേടാനുള്ള കഴിവാണ് ഹിറ്റ്മാന്‍ വിശേഷണം അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഇപ്പോഴിതാ സിക്സറില്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് നേടിയെടുത്തിരിക്കുകയാണ് രോഹിത് ശര്‍മ. അത് എന്താണെന്ന് അറിയാം.

    ഐസിസി ടൂര്‍ണമെന്റുകളില്‍ രോഹിത് ശര്‍മക്ക് പ്രത്യേക മികവാണുള്ളത്. പല തവണ രോഹിത് തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിച്ചിട്ടുണ്ട്. ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടി റെക്കോഡിട്ട രോഹിത് ഇപ്പോള്‍ സിക്സറില്‍ ഒന്നാമനായിരിക്കുകയാണ്. ഐസിസി ഏകദിന ടൂര്‍ണമെന്റില്‍ കൂടുതല്‍ സിക്സര്‍ നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് രോഹിത് ശര്‍മ എത്തിയിരിക്കുന്നത്. നിലവില്‍ 65 സിക്സുകളാണ് രോഹിത് നേടിയിരിക്കുന്നത്.

    64 സിക്സുകള്‍ നേടിയ ക്രിസ് ഗെയ്ലിന്റെ റെക്കോഡിനെയാണ് രോഹിത് പിന്നിലാക്കിയത്. ഗ്ലെന്‍ മാക്സ് വെല്‍ 49 സിക്സും ഡേവിഡ് വാര്‍ണര്‍ 44 സിക്സും സൗരവ് ഗാംഗുലി 42 സിക്സും നേടി പിന്നാലെയുണ്ട്. സിക്സറില്‍ രോഹിത്തിന്റെ കരിയറിലേക്കുള്ള മറ്റൊരു പൊന്‍തൂവല്‍ കൂടിയായി ഈ റെക്കോഡ് മാറിയിരിക്കുകയാണ്. ഏകദിനത്തിലെ സിക്സര്‍ വേട്ടക്കാരില്‍ ഷാഹിദ് അഫ്രീദിയുടെ റെക്കോഡിനെ മറികടക്കാന്‍ ഇനിയും രോഹിത് കാത്തിരിക്കണം.

    സെമി ഫൈനലില്‍ രോഹിത് ശര്‍മയില്‍ നിന്ന് മാച്ച് വിന്നിങ് പ്രകടനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഹിറ്റ്മാന് കാര്യമായ പ്രകടനം നടത്താനായില്ല. 29 പന്ത് നേരിട്ട് 28 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് ഫോറും ഒരു സിക്സും നേടിയ രോഹിത്തിന് യുവതാരം കൂപ്പര്‍ കൊനാലി എല്‍ബിയില്‍ കുടുക്കുകയായിരുന്നു. സ്വീപ് ഷോട്ടിന് ശ്രമിച്ച രോഹിത്തിന് കൃത്യമായി കണക്ട് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

    ഡെക്കിന് പുറത്തായ ഓപ്പണറെ ഉപയോഗിച്ച് രോഹിത്തിന്റെ വിക്കറ്റ് നേടിയത് സ്മിത്തിന്റെ ഗംഭീര തന്ത്രമാണെന്ന് തന്നെ പറയാം. രണ്ട് തവണ ലൈഫ് ലഭിച്ചിട്ടും ഇതിനെ മുതലാക്കാന്‍ രോഹിത്തിന് സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. കൂപ്പര്‍ കൊനോലി തുടക്കത്തിലേ രോഹിത്തിനെ കൈവിട്ടിരുന്നു. അനായാസമായ ക്യാച്ചായിരുന്നു ഇത്. തൊട്ടടുത്ത ഓവറില്‍ മാര്‍നസ് ലബ്യുഷെയ്നും രോഹിത്തിനെ കൈവിട്ടു. എന്നാല്‍ ഈ രണ്ട് ക്യാച്ച് നഷ്ടപ്പെടുത്തലിലൂടെ ലഭിച്ച ലൈഫിനെ മുതലാക്കാന്‍ രോഹിത്തിന് സാധിക്കാതെ പോയി.

    ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 300ന് മുകളിലേക്ക് പോകുമെന്നാണ് തോന്നിച്ചത്. എന്നാല്‍ കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെ ഓസീസിനെ 264ല്‍ തളച്ചിടാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. മുഹമ്മദ് ഷമിയെ കൃത്യ സമയത്ത് കൊണ്ടുവന്ന് സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടിയതും അക്ഷര്‍ പട്ടേലിനേയും വരുണ്‍ ചക്രവര്‍ത്തിയേയും കുല്‍ദീപ് യാദവിനേയും രവീന്ദ്ര ജഡേജയേയുമെല്ലാം ഉപയോഗിച്ച് ഓസീസിന്റെ റണ്ണൊഴുക്ക് തടയാനും നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് സാധിച്ചു.

     



  • Mar 04, 2025 18:40 IST

    ക്യാച്ചിന്റെ പേരില്‍ വിവാദം

    ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഒന്നാം സെമിയില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുകയാണ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഇന്ത്യക്കെതിരേ ശക്തമായ പോരാട്ടം തന്നെയാണ് കാഴ്ചവെക്കുന്നത്. വിറച്ചാണ് ഓസീസ് തുടങ്ങിയതെങ്കിലും പിന്നീട് പതിയെ താളം കണ്ടെത്തി. യുവ ഓപ്പണര്‍ കൂപ്പര്‍ കൊനോലിയെ ഡെക്കിന് പുറത്താക്കി മുഹമ്മദ് ഷമി ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ഒരുവശത്ത് ട്രാവിസ് ഹെഡ് വെടിക്കെട്ട് പ്രകടനം നടത്തി.

    പതിയെ താളം കണ്ടെത്തിയ താരം 33 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 39 റണ്‍സെടുത്താണ് മടങ്ങിയത്. വരുണ്‍ ചക്രവര്‍ത്തിയെ സിക്സര്‍ പായിക്കാനുള്ള ശ്രമം ശുബ്മാന്‍ ഗില്ലിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. ഓസ്ട്രേലിയയുടെ റണ്ണൊഴുക്കിന്റെ വേഗം കുറക്കുന്ന വിക്കറ്റായിരുന്നു ഇത്. ഇന്ത്യക്ക് വലിയ ഭീഷണിയായി ഹെഡ് മാറവെയാണ് ഈ വിക്കറ്റ് ഇന്ത്യ നേടിയെടുക്കുന്നത്. ഇപ്പോഴിതാ ഹെഡിന്റെ വിക്കറ്റിന് പിന്നാലെ ക്യാച്ചിനെച്ചൊല്ലി വിവാദം പുകയുകയാണ്.

    ട്രാവിസ് ഹെഡ് വരുണ്‍ ചക്രവര്‍ത്തിയെ സിക്സര്‍ പായിക്കാന്‍ ശ്രമിച്ചപ്പോള്‍ ശുബ്മാന്‍ ഗില്‍ മനോഹരമായി പന്ത് കൈയിലാക്കുകയായിരുന്നു. എന്നാല്‍ പന്ത് കൈയിലൊതുക്കിയതിന് പിന്നാലെ തന്നെ ഗില്‍ ഗ്രൗണ്ടിലേക്ക് പന്ത് എറിഞ്ഞു. ക്യാച്ച് പൂര്‍ണ്ണമായും കൈയിലൊതുക്കിയോ അതോ അതിന് മുമ്പ് ഗില്‍ പന്ത് നിലത്തിട്ടോയെന്നതാണ് സംശയമായി ഉയര്‍ത്തി. കാരണം പന്ത് കൈയിലൊതുക്കുമ്പോള്‍ ഫീല്‍ഡര്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഉണ്ടാവണമെന്നാണ് നിയമം.

    അതേ സമയം ഗില്‍ ക്യാച്ചെടുത്തത് ഓടിക്കൊണ്ടിരിക്കവെയാണ്. ഓടുന്നതിനിടെത്തന്നെയാണ് അദ്ദേഹം പന്ത് നിലത്തിട്ടതും. ചലനത്തിലും നിയന്ത്രണമുണ്ടായ ശേഷമേ പന്ത് കൈയില്‍ നിന്ന് മാറ്റാവു എന്നതാണ് ഐസിസി നിയമമെന്നിരിക്കെ ഗില്‍ ഓടുന്നതിനിടെ തന്നെ പന്ത് നിലത്തുകയായിരുന്നു. ഇതിനെതിരേയാണ് ആക്ഷേപം ഉയര്‍ന്നത്.

    ട്രാവിസ് ഹെഡിന്റെ ക്യാച്ചില്‍ അംപയര്‍ ഔട്ട് വിധിച്ചെങ്കിലും ശുബ്മാന്‍ ഗില്ലിന് താക്കീത് നല്‍കിയിരുന്നു. അംപയര്‍ ഗില്ലിനെ അടുത്തേക്ക് വിളിക്കുകയും ക്യാച്ച് പൂര്‍ണ്ണമല്ലെന്നും പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുള്ളത്. ചലനം പൂര്‍ത്തിയാക്കാതെ പന്ത് കളയരുതെന്ന താക്കീത് നല്‍കി ഗില്ലിനെ പറഞ്ഞുവിടുകയാണ് ചെയ്തത്. എന്നാല്‍ അംപയര്‍ ചെയ്തത് ശരിയായില്ലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഗില്‍ പന്ത് കൃത്യമായി കൈയിലൊതുക്കിയിരുന്നു.

    പന്ത് കൈയിലൊതുക്കി മൂന്ന് സെക്കന്റെങ്കിലും അദ്ദേഹം തുടര്‍ന്നു. അതിന് ശേഷമാണ് പന്ത് നിലത്തിട്ടത്. എന്നാല്‍ ഓട്ടത്തിനിടയിലാണ് ഗില്‍ ഇത്തരത്തില്‍ ചെയ്തതെന്നതാണ് പ്രശ്നം. ഐസിസി നിയമത്തില്‍ ഫീല്‍ഡര്‍ ക്യാച്ചെടുക്കുമ്പോഴുള്ള ചലനത്തെക്കുറിച്ച് കൃത്യമായി പറയുന്നത്. ഫീല്‍ഡര്‍ക്ക് പന്ത് കൈയിലുള്ളപ്പോള്‍ പൂര്‍ണ്ണമായ നിയന്ത്രണം വേണമെന്നിരിക്കെയാണ് ഗില്ലിന്റെ ഇത്തരമൊരു നീക്കം. എന്തായാലും അംപയര്‍ ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്നാണ് ഓസീസ് ആരാധകര്‍ പറയുന്നത്.

    മത്സരത്തില്‍ ഓസ്ട്രേലിയ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ സംഭവം വലിയ വിവാദത്തിലേക്ക് വഴി തുറന്നേക്കും. കാരണം ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് നഷ്ടമായത്. ഹെഡ് എത്ര സമയം ക്രീസില്‍ നില്‍ക്കുന്നുവെന്നത് ഓസ്ട്രേലിയയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഹെഡ് പതിയെ താളം കണ്ടെത്തി ആക്രമിച്ച് മുന്നേറവെയാണ് വിക്കറ്റ് നഷ്ടമാവുന്നത്. എന്തായാലും ഹെഡിന്റെ ക്യാച്ച് ഇതിനോടകം വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

     



team india champions trophy tournament