മുടി പോയാലും കളി വിട്ട് കളിയില്ല; 'മൊട്ട' ലുക്കില്‍ അല്‍കാരസിന് മിന്നും ജയം

യുഎസ് താരം റൈലി ഒപെല്‍കയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (64, 75, 64) രണ്ടാം സീഡായ അല്‍കാരസ് തോല്‍പിച്ചത്.

author-image
Biju
New Update
ALKARS

ന്യൂയോര്‍ക്ക്: ഹെയര്‍സ്‌റ്റൈലില്‍ കോംപ്രമൈസ് ചെയ്യാം. പക്ഷേ, കളിയുടെ സ്‌റ്റൈലില്‍ ഒരു കോംപ്രമൈസിനും കാര്‍ലോസ് അല്‍കാരസ് തയാറല്ല! പുതിയ ലുക്കില്‍, തല മൊട്ടയടിച്ച് കോര്‍ട്ടിലെത്തിയ സ്പാനിഷ് താരം അല്‍കാരസിന് യുഎസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ വിജയത്തുടക്കം. യുഎസ് താരം റൈലി ഒപെല്‍കയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (64, 75, 64) രണ്ടാം സീഡായ അല്‍കാരസ് തോല്‍പിച്ചത്. നോര്‍വേ താരം കാസ്പര്‍ റൂഡ്, റഷ്യയുടെ ആന്ദ്രേ റുബ്ലേവ്, യുഎസ് താരം ഫ്രാന്‍സിസ് ടിഫോ, ഡെന്‍മാര്‍ക്കിന്റെ ഹോള്‍ഗര്‍ റൂണെ എന്നിവരാണ് പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ കടന്ന മറ്റു പ്രധാന താരങ്ങള്‍.

ട്രിമ്മര്‍ ചതിച്ചതാ...! ആദ്യ റൗണ്ട് മത്സരത്തിനായി അല്‍കാരസ് ആര്‍തര്‍ ആഷ് സ്റ്റേഡിയത്തിലേക്കെത്തിയപ്പോള്‍ കാണികള്‍ ഒന്നടങ്കം അമ്പരന്നു. ഒരാഴ്ച മുന്‍പ് തല നിറയെ മുടിയുമായി മിക്‌സ്ഡ് ഡബിള്‍സ് മത്സരം കളിച്ച സ്പാനിഷ് താരമിതാ 'മൊട്ട' ലുക്കില്‍! മത്സരത്തില്‍ അല്‍കാരസിന്റെ പ്രകടനത്തെക്കാള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ആ തലയാണ്. 

മത്സരം അല്‍കാരസ് അനായാസം ജയിച്ചെങ്കിലും ആരാധകര്‍ കാത്തിരുന്നത് പുതിയ ലുക്കിന്റെ രഹസ്യമറിയാനായിരുന്നു. മത്സര ശേഷം നടന്ന മാധ്യമ സമ്മേളനത്തില്‍ അല്‍കാരസ് തന്നെ ആ രഹസ്യത്തിന്റെ ചുരുളഴിച്ചു. 'കഴിഞ്ഞ ദിവസം സഹോദരന്‍ എന്റെ മുടിവെട്ടുന്നതിനിടെ ഒരു അബദ്ധം പറ്റി. ട്രിമ്മര്‍ ഉപയോഗിച്ചു മുടി മുറിക്കുന്നതിനിടെ ഒരു ഭാഗത്തെ മുടി പൂര്‍ണമായി നഷ്ടപ്പെട്ടു. അതോടെ തല മൊട്ടയടിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. പിന്നെ, മുടിയല്ലേ ഇന്നു പോയാല്‍ നാളെ വരുമല്ലോ'  ചിരിയോടെ അല്‍കാരസ് പറഞ്ഞു.

വീനസ് വീണുരണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുഎസ് ഓപ്പണില്‍ മത്സരിക്കാനെത്തിയ മുന്‍ ചാംപ്യന്‍ വീനസ് വില്യംസിന് ആദ്യ റൗണ്ടില്‍ തന്നെ അടിതെറ്റി. ചെക് റിപ്പബ്ലിക് താരം കരോലിന മുച്ചോവയാണ് നാല്‍പത്തിയഞ്ചുകാരി വീനസിനെ വീഴ്ത്തിയത്. 

ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച വീനസിനെ മൂന്നാം സെറ്റിലാണ് മുച്ചോവ പിടിച്ചുകെട്ടിയത് (63, 26, 61).  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ മാഡിസന്‍ കീസും ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ വിമ്പിള്‍ഡന്‍ ചാംപ്യന്‍ പോളണ്ടിന്റെ ഇഗ സ്യാംതെക് രണ്ടാം റൗണ്ടില്‍ കടന്നു. 

ക്വിറ്റോവ വിരമിച്ചുയുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ തോറ്റതിനു പിന്നാലെ പ്രഫഷനല്‍ ടെന്നിസില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ വിമ്പിള്‍ഡന്‍ ചാംപ്യന്‍ പെട്ര ക്വിറ്റോവ. ഈ വര്‍ഷത്തെ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകള്‍ക്കു പിന്നാലെ പ്രഫഷനല്‍ കരിയര്‍ മതിയാക്കുമെന്ന് മുപ്പത്തിയഞ്ചുകാരി ക്വിറ്റോവ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 

ഫ്രാന്‍സിന്റെ ഡിയാന്‍ പെറിയാണ് ചെക് റിപ്പബ്ലിക് താരത്തെ ആദ്യ റൗണ്ടില്‍  വീഴ്ത്തിയത്. സ്‌കോര്‍: 61, 60. 2011ലും 2014ലും വിമ്പിള്‍ഡനില്‍ കിരീടമുയര്‍ത്തിയ ക്വിറ്റോവ, കരിയറില്‍ 31 ഡബ്ല്യുടിഎ സിംഗിള്‍സ് ട്രോഫികള്‍ നേടിയിട്ടുണ്ട്.