കൗണ്ടി ക്രിക്കറ്റില്‍ ആറ് വിക്കറ്റുമായി ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍

കൗണ്ടി രണ്ടാം ഡിവിഷനില്‍ ഡെര്‍ബിഷെയറിനെതിരായ മത്സരത്തില്‍ നോര്‍ത്താംപ്ടണ്‍ഷെയറിനായി 33.2 ഓവറില്‍ 118 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് എടുത്താണ് ചാഹല്‍ തിളങ്ങിയത്.

author-image
Jayakrishnan R
New Update
CHAHAL



ലണ്ടന്‍:കൗണ്ടി ക്രിക്കറ്റില്‍ മിന്നി ഇന്ത്യന്‍ ടീമില്‍ നിന്ന് ദീര്‍ഘകാലമായി പുറത്തിരിക്കുന്ന സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. ഇന്ത്യക്കായി ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം നടത്താത്ത ചാഹല്‍ കൗണ്ടിയില്‍ നോര്‍ത്താംപ്ടണ്‍ ഷെയറിനുവേണ്ടിയാണ് കളിക്കുന്നത്.

കൗണ്ടി രണ്ടാം ഡിവിഷനില്‍ ഡെര്‍ബിഷെയറിനെതിരായ മത്സരത്തില്‍ നോര്‍ത്താംപ്ടണ്‍ഷെയറിനായി 33.2 ഓവറില്‍ 118 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് എടുത്താണ് ചാഹല്‍ തിളങ്ങിയത്. ചാഹലിന്റെ ബൗളിംഗ് മികവില്‍ നോര്‍ത്താംപ്ടണ്‍ഷെയര്‍ ഡെര്‍ബിഷെയറിനെ ഒന്നാം ഇന്നിംഗ്‌സില്‍ 377 റണ്‍സില്‍ പുറത്താക്കി. ലൂയിസ് റീസ്-ഹാരി കെയിം കൂട്ടുകെട്ട് പൊളിച്ചാണ് ചാഹല്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. തന്റെ ഒരോവറില്‍ കെയിമിനെയും റീസിനെയും പുറത്താക്കിയ ചാഹല്‍ അടുത്ത ഓവറില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി.

എന്നാല്‍ മാര്‍ട്ടിന്‍ ആന്‍ഡേഴ്‌സന്റെ സെഞ്ചുറിയുടെയും വാലറ്റക്കാരുടയെും ബാറ്റിംഗ് മികവില്‍ ഡെര്‍ബിഷെയര്‍ കരകയറി. എന്നാല്‍ വാലറ്റത്തെ സാക്ക് ചാപ്പല്‍, ബെന്‍ ഐച്ചിസണ്‍, ബ്രെയര്‍ ടിക്‌നര്‍ എന്നിവരെ കൂടി പുറത്താക്കി ചാഹല്‍ ആറ് വിക്കറ്റ് തികച്ചു. നേരത്തെ മിഡില്‍സെക്‌സിനെതിരായ മത്സരത്തില്‍ 43 ഓവര്‍ എറിഞ്ഞ് 175 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് വീഴ്ത്താനാവാതെ നിറം മങ്ങിയ ചാഹലിന്റെ ശക്തമായ തിരിച്ചുവരവാണ് നോര്‍ത്താംപ്ടണ്‍ഷെയറിനെതിരെ കണ്ടത്.

സീസണിലെ ആദ്യ മത്സരത്തില്‍ കെന്റിനെതിരെയും വിക്കറ്റെടുക്കുന്നതില്‍ ചാഹല്‍ പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ചാഹല്‍ തിരിച്ചുവരവ് നടത്തിയിരുന്നു. ഈ സീസണില്‍ മുഴുവനായും നോര്‍ത്താംപ്ടണ്‍ ഷെയറിനായി കളിക്കാന്‍ കരാറൊപ്പിട്ട ചാഹല്‍ വണ്‍ഡേ കപ്പിലും ടീമിനായി കളിക്കും. 2023ലാണ് ചാഹല്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2024ലെ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നെങ്കിലും ചാഹലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

cricket sports