/kalakaumudi/media/media_files/2025/08/02/chahal_kohli-2025-08-02-20-52-14.webp)
മുംബൈ:ഗ്രൗണ്ടില്‍ എപ്പോഴും ഊര്‍ജ്ജസ്വലനായി മാത്രം കണ്ടിട്ടുള്ള വിരാട് കോലി പൊട്ടിക്കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹല്‍. 2019ലെ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയപ്പോഴാണ് വിരാട് കോലി പൊട്ടിക്കരഞ്ഞതെന്ന് ചാഹല്‍ പറഞ്ഞു. അന്ന് കോലി മാത്രമല്ല, ഇന്ത്യന്‍ താരങ്ങളെല്ലാം ബാത്‌റൂമുകളില്‍ കയറി പൊട്ടിക്കരയുകയായിരുന്നുവെന്നും ചാഹല്‍ പറഞ്ഞു.
ഇന്ത്യയുടെ അവസാന ബാറ്ററായി ഞാന്‍ ക്രീസിലേക്ക് നടക്കുമ്പോള്‍ ഞാന്‍ കോലിയുടെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ മത്സരത്തില്‍ കുറച്ചുകൂടി നന്നായി എനിക്ക് ബൗള്‍ ചെയ്യാമായിരുന്നു എന്ന കുറ്റബോധം എനിക്കിപ്പോഴുമുണ്ട്. 10 ഓവറില്‍ 63 റണ്‍സ് വഴങ്ങി ഞാന്‍ ഒരു വിക്കറ്റ് മാത്രമാണ് ആ കളിയില്‍ എടുത്തത്. ധോണി ഭായിയുടെ അവസാന മത്സരമായിരുന്നു അത്. ആ കളിയില്‍ എനിക്ക് കുറച്ചുകൂടി നന്നായി പന്തെറിയാമായിരുന്നുവെന്ന കുറ്റബോധം എന്നെ എപ്പോഴും വേട്ടയാടും. ഒരു 10-15 റണ്‍സ് കുറച്ച് പന്തെറിഞ്ഞിരുന്നുവെങ്കിലെന്ന് ഞാന്‍ ചിന്തിക്കും.
പക്ഷെ ചിലപ്പോഴൊക്കെ കളിക്കിടെ അങ്ങനെയൊന്നും ചിന്തിക്കാന്‍ സമയം കിട്ടില്ല. ഒരു ഒഴുക്കിനൊപ്പം നമ്മള്‍ അങ്ങ് പോവുകയാണ് ചെയ്യുക. അന്ന് കുറച്ചുകൂടി ശാന്തനായി പന്തെറിഞ്ഞിരുന്നുവെങ്കില്‍ എനിക്ക് കുറച്ചുകൂടി മികച്ച പ്രകടനം നടത്താനാവുമായിരുന്നു. പക്ഷെ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം എന്നെ പിടികൂടിയെന്നും ചാഹല്‍ പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 239 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 221 റണ്‍സിന് ഓള്‍ ഔട്ടായി 18 റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു.