അക്ഷറിന് നഷ്ടമായത് 4 വമ്പന്‍ റെക്കോഡ്

മത്സരത്തില്‍ ബംഗ്ലാദേശിന് തിരിച്ചുവരവിന് കരുത്തായത് രോഹിത് ശര്‍മയുടെ വലിയ പിഴവാണ്. അക്ഷര്‍ പട്ടേലിന് ഹാട്രിക് നേടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും രോഹിത് ശര്‍മ ക്യാച്ച് പാഴാക്കിയതോടെ അക്ഷറിന് ഹാട്രിക് നഷ്ടമാവുകയായിരുന്നു.

author-image
Biju
New Update
dth

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തി കൈയടി നേടിയിരിക്കുകയാണ് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 228 റണ്‍സിനാണ് പുറത്തായത്. 49.4 ഓവറിലാണ് ബംഗ്ലാദേശ് ഓള്‍ഔട്ടായത്. അഞ്ച് വിക്കറ്റിന് 35 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനെ തൗഹിദ് ഹൃദോയിയും (100) ജാക്കര്‍ അലിയും (68) ചേര്‍ന്നാണ് രക്ഷിച്ചത്. ഇരുവരുടേയും കൂട്ടുകെട്ടില്ലായിരുന്നെങ്കില്‍ വലിയ തകര്‍ച്ചയിലേക്ക് ബംഗ്ലാദേശ് പോകുമായിരുന്നു.

മത്സരത്തില്‍ ബംഗ്ലാദേശിന് തിരിച്ചുവരവിന് കരുത്തായത് രോഹിത് ശര്‍മയുടെ വലിയ പിഴവാണ്. അക്ഷര്‍ പട്ടേലിന് ഹാട്രിക് നേടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും രോഹിത് ശര്‍മ ക്യാച്ച് പാഴാക്കിയതോടെ അക്ഷറിന് ഹാട്രിക് നഷ്ടമാവുകയായിരുന്നു. തന്‍സിദ് ഹസനേയും (25) മുഷ്ഫിഖര്‍ റഹീമിനെയും (0) അക്ഷര്‍ പട്ടേല്‍ പുറത്താക്കി. ജാക്കര്‍ അലിയെ ഡെക്കാക്കാനുള്ള അവസരം ലഭിച്ചെങ്കിലും രോഹിത്തിന് ക്യാച്ച് കൈയിലൊതുക്കാനായില്ല.

ബംഗ്ലാദേശിനെതിരേ ഹാട്രിക് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാട്രിക് നേടുന്ന ആദ്യ സ്പിന്നറെന്ന റെക്കോഡ് സ്വന്തമാക്കാന്‍ അക്ഷര്‍ പട്ടേലിന് സാധിക്കുമായിരുന്നു. എന്നാല്‍ ഈ റെക്കോഡ് കൈവിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹാട്രിക് നേടുകയെന്നത് തന്നെ വലിയ പ്രയാസമുള്ള കാര്യമാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാട്രിക്കെന്നത് അധികമാര്‍ക്കും നേടാനാവാത്ത റെക്കോഡുമാണ്. അതുകൊണ്ടുതന്നെ അക്ഷറിന് ഹാട്രിക് നേടാനാവാതെ പോയത് വലിയ നഷ്ടമാണെന്ന് നിസംശയം പറയാം. ഇതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് പേസറായ ജെറോം ടെയ്ലറാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാട്രിക് നേടിയ ഏക താരം.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാട്രിക് നേടുന്ന ആദ്യത്തെ ഏഷ്യന്‍ താരമെന്ന റെക്കോഡ് നേടാനുള്ള അവസരവും അക്ഷറിനുണ്ടായിരുന്നു. ഏഷ്യയില്‍ നിന്ന് മറ്റൊരു താരത്തിനും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാട്രിക് നേട്ടത്തിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അക്ഷറിന് ഈ നാഴികക്കല്ല് സ്വന്തം പേരിലാക്കാന്‍ സുവര്‍ണ്ണാവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ നായകന്റെ വലിയ പിഴവ് അക്ഷറിന് ഈ വമ്പന്‍ റെക്കോഡും നഷ്ടമാക്കിയിരിക്കുകയാണ്.

ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍ ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാന്‍ അക്ഷറിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഐസിസിയുടെ ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ അക്ഷര്‍ പട്ടേല്‍ കളിക്കുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ ഈ ഫോര്‍മാറ്റില്‍ അരങ്ങേറ്റ ഐസിസി ടൂര്‍ണമെന്റില്‍ത്തന്നെ ഹാട്രിക് നേടുന്ന താരമെന്ന അപൂര്‍വ്വ റെക്കോഡ് നേടാന്‍ അക്ഷറിന് സാധിച്ചിരുന്നു. 2023ലെ ഏകദിന ലോകകപ്പ് ടീമില്‍ അക്ഷറുണ്ടായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് അവസാന സമയത്ത് അക്ഷര്‍ ഒഴിവാക്കപ്പെട്ടിരുന്നു.

ഇന്ത്യക്കായി ഹാട്രിക് നേടാന്‍ പല താരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. ചേതന്‍ ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ ഐസിസി ടൂര്‍ണമെന്റില്‍ ഹാട്രിക് വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളാണ്. ഇരുവരും പേസര്‍മാരാണ്. ഇതുവരെ ഒരു സ്പിന്നര്‍ക്ക് ഈ റെക്കോഡിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ചരിത്ര നേട്ടത്തിലേക്കെത്താന്‍ അക്ഷറിന് സാധിക്കുമായിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഹാട്രിക് നേടിയ ഏക സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. രണ്ട് തവണ കുല്‍ദീപിന് ഈ നേട്ടത്തിലേക്കെത്താനായിട്ടുണ്ട്. ടി20യില്‍ ഇതുവരെ ഒരു സ്പിന്നറും ഇന്ത്യക്കായി ഹാട്രിക് നേടിയിട്ടില്ല.

 

india bengladesh champions trophy tournament india vs bengladesh