/kalakaumudi/media/media_files/2025/03/09/9gj8koJrCDKpB4nDiwiw.jpg)
ദുബായ്: ന്യൂസിലാന്‍ഡുമായുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ആകാംക്ഷ നിലനിര്‍ത്തിയ മത്സരത്തില്‍ അനായാസം കടുന്നുകയറിയെന്ന് പറഞ്ഞാലും തെറ്റില്ല. ഇവിടെ ഒരു താരത്തിനെ എടുത്തുപറഞ്ഞേ പറ്റൂ... ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.
ഈ മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയതോടെയാണ് വമ്പന്‍ റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയത്. മുന്‍ നായകന്‍ വിരാട് കോലിക്കു സാധിക്കാതെ പോയ നേട്ടമാണ് ഹിറ്റ്മാന്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്.
252 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഫൈനലില്‍ ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയിരിക്കുന്നത്. റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കകം വളരെ മികച്ചതാണ്. 17 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യന്‍ ടീം 102 റണ്‍സെടുത്തിട്ടുണ്ട്. 68 റണ്‍സോടെ രോഹിത്തും 27 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്. മുഴുവന്‍ വിക്കറ്റുകളും ബാക്കി നില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 150 റണ്‍സ് മാത്രമാണ്.
ഐസിസിയുടെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് ശര്‍മ മറിയിരിക്കുകയാണ്. മുന്‍ ഇതിഹാസ നായകരായ സൗരവഗ് ഗാംഗുലി, എംഎസ് ധോണി എന്നിവര്‍ക്കു മാത്രമേ അദ്ദേഹത്തിനു നേരത്തേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ. ഇപ്പോള്‍ ഹിറ്റ്മാനും ഇവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയിരിക്കുകയാണ്.
2000ലെ ഫൈനലില്‍ ന്യൂസിലാന്‍ഡായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. കെയിനിയയിലെ നെയ്റോബിയില്‍ നടന്ന കലാശപ്പോരില്‍ ഓപ്പണറായി കളിച്ച ഗാംഗുലി 117 റണ്‍സോടെയാണ് ഇന്ത്യന്‍ ഇന്നിങ്സിലെ അമരക്കാരനായി മാറിയത്. പക്ഷെ ദാദയുടെ ഈ സെഞ്ച്വറി ടീമിനെ ജയിപ്പിച്ചില്ല. ഇന്ത്യയെ നാലു വിക്കറ്റിനു വീഴ്ത്തി കിവികള്‍ ചാംപ്യന്‍മാരാവുകയായിരുന്നു.
അതിനു ശേഷം ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റന്‍ ഐസിസി ടൂര്‍ണമെന്റിന്റെ കലാശക്കളിയില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചത് 2011ലെ ഏകദിന ലോകകപ്പിലായിരുന്നു. മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശക്കളിയില്‍ ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. റണ്‍ചേസില്‍ ഇന്ത്യന്‍ ടീം ആറു വിക്കറ്റിന്റെ വിജയം കൊയ്തപ്പോള്‍ 91 റണ്‍സുമായി ധോണി ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു.
ധോണിക്കു ശേഷം വിരാട് കോലി നായകനായെങ്കിലും അദ്ദേഹത്തിനു ഫൈനലില്‍ ഒരു ഫിഫ്റ്റി പോലും നേടാനായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ രോഹിത്തിനു ഇതു സാധിച്ചിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരേ വളരെ അഗ്രസീവായാണ് അദ്ദേഹം തുടങ്ങിയത്.
തുടര്‍ന്നും അതിവേഗം റണ്‍സടിച്ച അദ്ദേഹം 11ാം ഓവറില്‍ തന്നെ ഫിഫ്റ്റിയും പൂര്‍ത്തിാക്കി. മിച്ചെല്‍ സാന്റ്നറെറിഞ്ഞ ഓവറിലെ ആദ്യ ബോളില്‍ സിംഗിളെടുത്താണ് ഹിറ്റ്മാന്‍ ഫിഫ്റ്റിയിലെത്തിയത്. 41 ബോളുകളാണ് അദ്ദേഹത്തിനു ഇതിനായി വേണ്ടിവന്നത്. ഇതോടെ ഗാംഗുലിക്കും ധോണിക്കുമൊപ്പം ഇന്ത്യയുടെ എലൈറ്റ് ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലും ഹിറ്റ്മാന്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കുകയായിരുന്നു.
-
Mar 09, 2025 22:48 IST
കിവീസിനെ തകര്‍ത്തത് നാല് വിക്കറ്റിന്
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ക്യാപ്റ്റന്‍ ഇന്നിംഗ്സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്സ് നിര്‍ണായകമായത്. നേരത്തെ, കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സുമായ പുറത്താവാതെ നിന്ന മൈക്കല്‍ ബ്രേസ്വെല്ലിന്റെ ഇന്നിംഗ്സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു. 19-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗ്ലെന്‍ ഫിലിപ്സിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഫിലിപ്സിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. സാന്റ്നര്‍ക്കായിരുന്നു വിക്കറ്റ്.
കോലി നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൈക്കല്‍ ബ്രേസ്വെല്ലിന്റെ പന്തില്‍ മടങ്ങുകയായിരുന്നു താരം. പിന്നാലെ രോഹിത് ശര്‍മയും മടങ്ങി. രചിന്‍ രവീന്ദ്രയുടെ പന്തില്‍ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ രോഹിത് പരാജയപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു രോഹിത്തിനെ. മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്.
ശ്രേയസ് അയ്യര്‍ (48), അക്സര്‍ പട്ടേല്‍ (29), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാഹുല്‍ ഒരറ്റത്ത് നിന്നത് ഇന്ത്യക്ക് ഗുണം ചെയ്തു. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
നേരത്തെ മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. വില്‍ യംഗ് (15), രച്ചിന്‍ രവീന്ദ്ര (37), കെയ്ന്‍ വില്യംസണ്‍ (11), ടോം ലാഥം (14) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ 25 ഓവറിനിടെ കിവീസിന് നഷ്ടമായി. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ യംഗിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വരുണ്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.
പിന്നാലെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ രചിന്‍ രവീന്ദ്രയെ ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവ് ഇന്ത്യക്ക് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കാനും കുല്‍ദീപിന് സാധിച്ചു. ഇതോടെ മൂന്നിന് 75 എന്ന നിലയിലായി ന്യൂസിലന്‍ഡ്. തുര്‍ന്ന് ലാഥമും മിച്ചലും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ 20-ാം ഓവറില്‍ 100 കടത്തി. സ്പിന്നര്‍മാരെ ഇരുവരും കരുതലോടെ നേരിട്ടതോടെ കിവീസ് റണ്‍നിരക്ക് കുത്തനെ ഇടിഞ്ഞു. വൈകാതെ ലാഥമിനെ(14) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു.
പിന്നീട് മിച്ചല്‍ - ഗ്ലെന്‍ ഫിലിപ്സ് (34) സഖ്യം കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും 57 റണ്‍സ് കൂട്ടിചേര്‍ത്തു. 38-ാം ഓവറില്‍ ഫിലിപ്സിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് വീണ്ടും ബ്രേക്ക് ത്രൂ നല്‍കുന്നത്. വരുണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
പിന്നീട് ബ്രേസ്വെല്ലിനൊപ്പം 46 റണ്‍സ് കൂട്ടിചേര്‍ത്ത് ബ്രേസ്വെല്‍ മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത്തിന് ക്യാച്ച് നല്‍കി. മിച്ചല്‍ സാന്റ്നറാണ് (8) പുറത്തായ മറ്റൊരു താരം. നഥാന്‍ സ്മിത്ത് (0) പുറത്താവാതെ നിന്നു. 40 പന്തുകള്‍ നേരിട്ട ബ്രേസ്വെല്‍ രണ്ട് സിക്സും മൂന്ന് ഫോറും നേടി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
-
Mar 09, 2025 18:21 IST
കുല്‍ദീപിന്റെ കരങ്ങളില്‍ പിടിച്ചുകയറി
ദുബായ്: ക്രിക്കറ്റില്‍ അധികം ടീമുകള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത ചൈനാമാന്‍ സ്പിന്നറെന്ന വിശേഷമാണ് കുല്‍ദീപിനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യ സമയത്ത് കുല്‍ദീപിന്റെ ബൗളിങ് എതിരാളികളുടെ പേടി സ്വപ്നമായിരുന്നു. കൈക്കുഴയില്‍ നിന്ന് വരുന്ന കുല്‍ദീപിന്റെ പന്തുകള്‍ എങ്ങോട്ടാവും തിരിയുകയെന്നത് പ്രവചിക്കുക പ്രയാസമായിരുന്നു.
എന്നാല്‍ പതിയെ കുല്‍ദീപിന്റെ ദൗര്‍ബല്യം ബാറ്റ്സ്മാന്‍മാര്‍ മനസിലാക്കി. ഇതോടെ തല്ലുകൊള്ളിയായി മാറിയെന്ന് മാത്രമല്ല വിക്കറ്റ് നേടാനും കുല്‍ദീപിന് സാധിക്കാതെ പോയി. ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട കുല്‍ദീപ് പിന്നീടൊരു ഒന്നൊന്നര തിരിച്ചുവരവാണ് നടത്തിയത്. എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് കുല്‍ദീപ് യാദവ് കാഴ്ചവെച്ചത്. ഇപ്പോള്‍ ഫൈനലില്‍ കിവീസിനെ വിറപ്പിക്കുന്ന ബൗളിങ്ങുമായി വീണ്ടും കുല്‍ദീപ് മിന്നിക്കുകയാണ്.
താരം ശക്തമായ തിരിച്ചുവരവ് നടത്തുമ്പോള്‍ അതിന് പിന്നില്‍ ഒരു മാറ്റത്തിന്റെ കഥയുണ്ട്. ബൗളിങ് ആക്ഷനില്‍ കുല്‍ദീപ് വരുത്തിയ മാറ്റം താരത്തിന്റെ കരിയറില്‍ തിരിച്ചുവരവിന് വഴിയൊരുക്കിയത് എങ്ങനെയാണെന്ന് നോക്കാം.
കുല്‍ദീപ് യാദവിന്റെ ബൗളിങ് മോശമായി മാറാനുള്ള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ആക്ഷനിലുള്ള പ്രശ്നമായിരുന്നു. പന്തെറിയുന്നതിന് മുമ്പ് കുല്‍ദീപ് ചാടുമ്പോഴായിരുന്നു പ്രശ്നം. ചാടുമ്പോഴുള്ള ഉയരക്കൂടുതല്‍ ബൗളിങ്ങിനെ ബാധിച്ചു. പന്തിന്റെ വേഗത്തേയും കൃത്യതയേയും ഇത് ബാധിച്ചു. ഇതോടെ ബാറ്റ്സ്മാന്‍മാര്‍ക്ക് കുല്‍ദീപിനെ എളുപ്പത്തില്‍ നേരിടാന്‍ സാധിച്ചു. ഇതാണ് കുല്‍ദീപ്് ടീമില്‍ നിന്ന് പുറത്തുപോകാനുള്ള കാരണം.
എന്നാല്‍ ഇത് മനസിലാക്കി കുല്‍ദീപ് തന്റെ ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തി. ചാടുന്നതിലെ ഉയരം കുറച്ചതോടെ പന്തിന് കൂടുതല്‍ വേഗവും കൃത്യതയും ലഭിച്ചു. ഇതോടെ താരം പഴയ ഫോമിലേക്ക് തിരിച്ചുവരികയും മാച്ച് വിന്നിങ് പ്രകടനത്തോടെ കൈയടി നേടുകയും ചെയ്തു. ഐപിഎല്ലില്‍ നിന്നടക്കം തഴയപ്പെട്ട ശേഷമാണ് കുല്‍ദീപ് ഇത്തരമൊരു മാറ്റത്തിന് തയ്യാറായത്. ഇത് അദ്ദേഹത്തിന്റെ കരിയറില്‍ വലിയ തിരിച്ചുവരവിന് അവസരമൊരുക്കുകയും ചെയ്തു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കുല്‍ദീപ് യാദവ് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കത്തിലേ അടിച്ചുതകര്‍ത്ത ന്യൂസീലന്‍ഡിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ കുല്‍ദീപിന് സാധിച്ചു. രണ്ട് പ്രധാനപ്പെട്ട വിക്കറ്റാണ് അദ്ദേഹം നേടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയ രചിന്‍ രവീന്ദ്രയെ കുല്‍ദീപ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഗൂഗ്ലിയില്‍ രചിന് പിഴച്ചപ്പോള്‍ കുല്‍ദീപ് സ്റ്റംപ് പിഴുതെടുക്കുകയായിരുന്നു. സെമി ഫൈനലില്‍ സെഞ്ച്വറിയോടെ മിന്നിച്ച് ഫോമിലായിരുന്നു രചിന്‍.
പിന്നാലെ മുന്‍ ന്യൂസീലന്‍ഡ് നായകനും സീനിയര്‍ താരവുമായ കെയ്ന്‍ വില്യംസണേയും കുല്‍ദീപ് പുറത്താക്കി. ഇത്തവണയും ഗൂഗ്ലിയിലൂടെയാണ് കുല്‍ദീപ് വിക്കറ്റ് നേടിയത്. വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് കുല്‍ദീപ് പുറത്താക്കിയത്. സെമിയില്‍ സെഞ്ച്വറി നേടിയ കുല്‍ദീപ് ഐസിസി നോക്കൗട്ടുകളില്‍ ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള താരമായിരുന്നു. എന്നാല്‍ കുല്‍ദീപിന്റെ ബുദ്ധിപരമായ നീക്കം വില്യംസണെ മടക്കി അയക്കുകയായിരുന്നു.
-
Mar 09, 2025 16:52 IST
പ്രതിരോധം തീര്‍ത്ത് കിവീസ്
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് വെടിക്കെട്ട് തുടക്കത്തിന് ശേഷം ബാറ്റിംഗ് തകര്‍ച്ച. ഓപ്പണിംഗ് വിക്കറ്റില്‍ എട്ടോവറില്‍ 57 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കമിട്ട ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 30 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സോടെ ഡാരില്‍ മിച്ചലും 17 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും ക്രീസില്‍.
വില്‍ യങ്, രച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ടോം ലാഥം എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ടും വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരു വിക്കറ്റും നേടി.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കിവീസ് കരുതലോടെയാണ് തുടങ്ങിയത്. ആദ്യ മൂന്നോവറില്‍ 10 റണ്‍സ് മാത്രമെടുത്ത ന്യൂസിലന്‍ഡ് ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിലാണ് കെട്ട് പൊട്ടിച്ചത്. ഹാര്‍ദ്ദിക്കിന്റെ ഓവറില് സിക്‌സും രണ്ട് ഫോറും അടക്കം 16 റണ്‍സടിച്ച കിവീസ് കുതിപ്പ് തുടങ്ങി. മുഹമ്മദ് ഷമി എറിഞ്ഞ അഞ്ചാം ഓവറില്‍ 11 റണ്‍സടിച്ച ന്യൂസിലന്‍ഡ് വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ ആറാം ഓവറില്‍ 9 റണ്‍സടിച്ചു.
ഏഴാം ഓവറില്‍ രച്ചിന്‍ രവീന്ദ്ര നല്‍കിയ റിട്ടേണ്‍ ക്യാച്ച് മുഹമ്മദ് ഷമി കൈവിട്ടു. പിന്നാലെ ന്യൂസിലന്‍ഡ് 50 കടന്നു. എട്ടാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ രച്ചിന്‍ രവീന്ദ്രയെ രാഹുല്‍ ക്യാച്ചെടുക്കുകയും അമ്പയര്‍ ഔട്ട് അനുവദിക്കുകയും ചെയ്‌തെങ്കിലും റിവ്യു എടുത്ത രവീന്ദ്ര രക്ഷപ്പെട്ടു. തൊട്ടടുത്ത പന്തില്‍ വരുണിനെ സിക്‌സിന് പറത്താനുള്ള ശ്രമം ബൗണ്ടറിയില്‍ ഓടിപ്പിടിക്കാന്‍ നോക്കിയ ശ്രേസ് അയ്യരുടെ കൈകളിലൂടെ പന്ത് ചോര്‍ന്നു.
എന്നാല്‍ അഞ്ചാം പന്തില്‍ വില്‍ യങ്ങിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വരുണ്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ രചിന്‍ രവീന്ദ്രയെ(37) ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവ് ഇന്ത്യക്ക് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയ കുല്‍ദീപ് കിവീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.
നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ പതിമൂന്നാം ടോസ് ആണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൈവിടുന്നത്. ടീം എന്ന നിലയില്‍ ഏകദിനങ്ങളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ പതിനഞ്ചാം ടോസ് ആണ് നഷ്ടമായത്.
ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരം ജയിച്ച ടീമില്‍ ഇന്ത്യമാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ സെമി കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. മാന്റെ ഹെന്റിക്ക് പകരം നഥാന്‍ സ്മിത്ത് കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.