/kalakaumudi/media/media_files/2025/02/20/aClyEf6L3Y5RLnSvkvsc.jpg)
ദുബായ്: തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തില്‍ നിലയുറപ്പിച്ച് ബംഗ്ലദേശ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയില്‍നിന്ന്, 40 ഓവറുകള്‍ പിന്നിടുമ്പോള്‍ സ്‌കോര്‍ 165 ല്‍ എത്തിനില്‍ക്കുകയാണ്.
മധ്യനിരയില്‍ തൗഹിദ് ഹൃദോയും ജേക്കര്‍ അലിയും അര്‍ധ സെഞ്ചുറി നേടി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കൂട്ടത്തകര്‍ച്ചയില്‍നിന്ന് ബംഗ്ലദേശിനെ കരകയറ്റിയത്. 92 പന്തുകള്‍ നേരിട്ട തൗഹിദ് ഹൃദോയ് 70 റണ്‍സും 106 പന്തുകള്‍ നേരിട്ട ജേക്കര്‍ അലി 60 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുന്നു.
തന്‍സിദ് ഹസന്‍ (25 പന്തില്‍ 25), മെഹ്ദി ഹസന്‍ മിറാസ് (അഞ്ച്), സൗമ്യ സര്‍ക്കാര്‍ (പൂജ്യം), നജ്മുല്‍ ഹുസെയ്ന്‍ ഷന്റോ (പൂജ്യം), മുഷ്ഫിഖര്‍ റഹീം (പൂജ്യം) എന്നിവരാണു പുറത്തായത്. അഞ്ചു പന്തുകള്‍ നേരിട്ട ഓപ്പണര്‍ സൗമ്യ സര്‍ക്കാരാണു ആദ്യം പുറത്തായത്. മുഹമ്മദ് ഷമിയുടെ ഓവറിലെ അവസാന പന്തു നേരിട്ട സൗമ്യ സര്‍ക്കാരിന്റെ ബാറ്റില്‍ എഡ്ജായ പന്ത് വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ പിടിച്ചെടുക്കുകയായിരുന്നു. ഹര്‍ഷിത് റാണയുടെ രണ്ടാം ഓവറില്‍ വിരാട് കോലി ക്യാച്ചെടുത്ത് ബംഗ്ലദേശ് ക്യാപ്റ്റനും പുറത്തായി. ഷമിയെറിഞ്ഞ ഏഴാം ഓവറില്‍ മെഹ്ദി ഹസനെ ഗില്‍ ക്യാച്ചെടുത്തു മടക്കി.
ഒന്‍പതാം ഓവറില്‍ പന്തെറിയാനെത്തിയ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ രണ്ടാം പന്തില്‍ വിക്കറ്റെടുത്തു. ബംഗ്ലദേശ് നിരയില്‍ കുറച്ചെങ്കിലും പിടിച്ചുനിന്ന ഓപ്പണര്‍ തന്‍സിദ് ഹസന്‍ പുറത്തായി. ബംഗ്ലദേശ് ബാറ്ററുടെ ബാറ്റില്‍ എഡ്ജായ പന്ത് രാഹുല്‍ പിടിച്ചെടുത്തു.
അംപയര്‍ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ തുടര്‍ന്നതോടെ വിക്കറ്റ് നല്‍കി. തൊട്ടടുത്ത പന്തില്‍ മുഷ്ഫിഖര്‍ റഹീമും സമാന രീതിയില്‍ ഗോള്‍ഡന്‍ ഡക്കായി. അടുത്ത പന്തില്‍ ജേക്കര്‍ അലിയെ പുറത്താക്കി ഹാട്രിക് തികയ്ക്കാനുള്ള അവസരം അക്ഷറിനു ലഭിച്ചു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ക്യാച്ച് വിട്ടുകളയുകയായിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി.
ബംഗ്ലദേശ് പ്ലേയിങ് ഇലവന്‍ തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹുസെയ്ന്‍ ഷന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദോയ്, മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), ജേക്കര്‍ അലി, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹുസെയ്ന്‍, ടസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍.