അടുത്ത വര്‍ഷം ആദ്യം പാകിസ്താനില്‍ നടക്കേണ്ട ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താനില്‍ കളിക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ ടീം ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതു പ്രകാരം ഇന്ത്യയുടെ കളികള്‍ പാകിസ്താനു പുറത്ത് നടത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇന്ത്യയുടെ സമ്മര്‍ദത്തിനു വഴങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നില്‍ മൂന്ന് ഉപാധികള്‍ മുന്നോട്ടുവെച്ചാണ് ഹൈബ്രിഡ് മോഡലിന് പാകിസ്താന്‍ സമ്മതം അറിയിച്ചതെന്നാണ് വിവരം. ഇതുപ്രകാരം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ വെച്ച് നടക്കും. സെമി ഫൈനല്‍, ഫൈനല്‍ എന്നിവയ്ക്ക് ഇന്ത്യ യോഗ്യത നേടിയാല്‍ മത്സരം ദുബായില്‍ തന്നെ നടക്കും. എന്നാല്‍ ഇന്ത്യ യോഗ്യത നേടിയില്ലെങ്കില്‍ ഈ മത്സരങ്ങളുടെ വേദി പാകിസ്താന്‍ തന്നെയാവണമെന്നാണ് പിസിബി മുന്നോട്ടുവെച്ച ആദ്യ ഉപാധി.
2031 വരെ ഇന്ത്യയില്‍ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകളും ഹൈബ്രിഡ് മോഡലില്‍ നടത്തണമെന്നാണ് പാകിസ്താന്റെ രണ്ടാമത്തെ ആവശ്യം. 2026 ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കൊപ്പവും 2031 ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനൊപ്പവും ഇന്ത്യ ആതിഥേയത്വം വഹിക്കും. കൂടാതെ 2029ലെ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യയിലാണ് നടക്കുന്നത്. ഇവയെല്ലാം ഹൈബ്രിഡ് മോഡലില്‍ നടത്തണം.
2025ലെ ഐസിസിയുടെ വാര്‍ഷിക വരുമാനത്തില്‍ കൂടുതല്‍ തുക പാകിസ്താന്‍ ക്രിക്കറ്റിന് ലഭിക്കണമെന്നാണ് പിസിബിയുടെ മൂന്നാമത്തെ ആവശ്യം. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരം ഉള്‍പ്പെടെ ദുബായിലേക്ക് മാറ്റുമ്പോള്‍ വലിയ നഷ്ടം പിസിബിക്ക് ഉണ്ടാകുന്നുവെന്നാണ് ഈ ഉപാധിവെച്ചതിന് പിന്നിലെ കാരണം.
സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് എത്തില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത്. 2008ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യന്‍ ടീം ഒടുവില്‍ പാകിസ്താനില്‍ ക്രിക്കറ്റ് കളിച്ചത്. പിന്നീട് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയായിരുന്നു.