ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യയുടെ കളി ദുബായില്‍

ഫെബ്രുവരി 19ന് കറാച്ചിയിലാണ് ഉദ്ഘാടനമത്സരം. ആദ്യമത്സരത്തില്‍ പാകിസ്താന്‍ ന്യൂസിലന്‍ഡിനെ നേരിടും. ഫെബ്രുവരി 23നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.

author-image
Prana
New Update
schedule

ദുബായ്: അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂള്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുറത്തുവിട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് ഐ.സി.സി. ഔദ്യോഗിക മത്സരക്രമം പുറത്തുവിട്ടത്. ഫെബ്രുവരി 19ന് കറാച്ചിയിലാണ് ഉദ്ഘാടനമത്സരം. ആദ്യമത്സരത്തില്‍ പാകിസ്താന്‍ ന്യൂസിലന്‍ഡിനെ നേരിടും.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പതുവരെ ഹൈബ്രിഡ് മോഡലിലാണ് ചാമ്പ്യന്‍ഷിപ്പ്. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യമത്സരം. ഫെബ്രുവരി 23നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ദുബായില്‍വെച്ചായിരിക്കും ഇന്ത്യയുടെ മത്സരങ്ങളെല്ലാം. മത്സരിക്കുന്ന എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ പാകിസ്താന്‍, ഇന്ത്യ, ന്യൂസീലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരും ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളും ഉള്‍പ്പെടുന്നു.
ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചാല്‍ മാര്‍ച്ച് ഒമ്പതിന് ദുബായില്‍ വെച്ചായിരിക്കും ഫൈനല്‍. അല്ലാത്തപക്ഷം, ലാഹോറിലാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്. സെമിഫൈനലിനും ഫൈനല്‍ മത്സരത്തിനും റിസര്‍വ് ദിവസങ്ങളുണ്ടാകും.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബി.സി.സി.ഐ. നിലപാട് സ്വീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകളെ തങ്ങള്‍ നിര്‍ബന്ധിക്കില്ലെന്നാണ് ഐ.സി.സി നിലപാടെടുത്തത്.

 

india dubai icc pakistan champions trophy tournament