ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപിച്ചു; സഞ്ജുവിനെ തഴഞ്ഞു, സിറാജും പുറത്ത്

റെക്കോര്‍ഡ് നേടിയാണ് ആഭ്യന്തര ക്രിക്കറ്റില്‍ കരുണ്‍ തിളങ്ങിയത്. സിറാജും ടീമില്‍ നിന്ന് പുറത്തായി. 

author-image
Athira Kalarikkal
New Update
cham

Virat Kohli & Rohit Sharmma (File Photo)

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടിയിട്ടില്ല. ടീമിലെ പ്രധാന മാറ്റം ശുഭ്മാന്‍ ഗില്ലിന്റെ ഉപനായകനായുള്ള പ്രമോഷനാണ്. മുന്‍പ്  രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച ഹര്‍ദിക് പാണ്ഡ്യ ടീമിലുണ്ടായിട്ടും ഗില്ലിനാണ് ചുമതല നല്‍കിയത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിനെ നയിച്ചത് ഗില്ലായിരുന്നു. ആ പരമ്പരയിലെ ക്യാപ്റ്റന്‍സി കൂടി വിലയിരുത്തിയാണ് തീരുമാനമെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി. 

സഞ്ജുവിന് പകരം രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന പരിഗണനയിലൂടെയാണ് ലോകേഷ് രാഹുല്‍ ഇലവനില്‍ ഇടംപിടിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കരുണ്‍ നായര്‍ ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിഫലമായി. റെക്കോര്‍ഡ് നേടിയാണ് ആഭ്യന്തര ക്രിക്കറ്റില്‍ കരുണ്‍ തിളങ്ങിയത്. സിറാജും ടീമില്‍ നിന്ന് പുറത്തായി. 

ചാംപ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ ഇടം പിടിച്ചെങ്കിലും പേസര്‍ ജസ്പ്രീത് ബുമ്ര ടൂര്‍ണമെന്റ് കളിക്കുമോയെന്ന കാര്യത്തില്‍ 'സസ്‌പെന്‍സ്' തുടരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിനിടെ നടുവിനു പരുക്കേറ്റു ഗ്രൗണ്ടില്‍നിന്നു മടങ്ങിയ ബുമ്രയുടെ ആരോഗ്യനില ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമാകും ബുമ്ര ചാംപ്യന്‍സ് ട്രോഫി കളിക്കുക. ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ അവസാന ദിവസം ബുമ്ര കളിച്ചില്ല. 

ബുമ്രയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഫെബ്രുവരി ആദ്യത്തോടെ മാത്രമേ പൂര്‍ണമായ ഉറപ്പു ലഭിക്കുകയുള്ളൂവെന്നാണ് ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ഫെബ്രുവരി 13 വരെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമുകളില്‍ മാറ്റം വരുത്താന്‍ അനുവാദമുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളില്‍ ബുമ്ര കളിക്കില്ല. അതിനാല്‍ ഫാസ്റ്റ് ബോളിങ് ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ഫെബ്രുവരി 19-നാണ് പാകിസ്താനില്‍ ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് നിലപാടെടുത്തതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുന്നത്. 

ഇന്ത്യന്‍ ടീം 

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
ശുഭ്മാന്‍ ഗില്‍ (വൈസ്. ക്യാപ്റ്റന്‍)
യശസ്വി ജയ്സ്വാള്‍
വിരാട് കോലി
ശ്രേയസ് അയ്യര്‍
കെ.എല്‍.രാഹുല്‍
ഋഷഭ് പന്ത്
ഹര്‍ദിക് പാണ്ഡ്യ
രവീന്ദ്ര ജഡേജ
അക്സര്‍ പട്ടേല്‍
വാഷിങ്ടണ്‍ സുന്ദര്‍
കുല്‍ദീപ് യാദവ്
ജസ്പ്രിത് ബുംറ
മുഹമ്മദ് ഷമി
അര്‍ഷദീപ് സിങ്

 

Sanju Samson asian champions trophy