ചാമ്പ്യന്‍സ് ട്രോഫി പുറത്തേക്കു മാറ്റില്ല; ഇടപെട്ട് പാക്‌ സര്‍ക്കാര്‍

അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി ടീമിനെ അയക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ച പശ്ചാത്തലത്തില്‍ കടുത്ത നിലപാടുമായി പാകിസ്താന്‍.

author-image
Prana
New Update
bcci vs psb

അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി ടീമിനെ അയക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ച പശ്ചാത്തലത്തില്‍ കടുത്ത നിലപാടുമായി പാകിസ്താന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് രീതിയില്‍ ദുബായിലേക്ക് മാറ്റണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങരുതെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലേക്ക് പോകേണ്ടതില്ലെന്ന ബിസിസിഐയുടെ തീരുമാനത്തിന്റെ കാരണം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയോട് ആരാഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
''പാകിസ്താനില്‍ നിന്ന് ഒരു കളിയും മാറ്റരുതെന്ന് ഞങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. അതായിരിക്കും ഞങ്ങളുടെ നിലപാട്. ഇപ്പോള്‍, ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് ഐസിസി ഞങ്ങളെ അറിയിച്ചു. ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയാവകാശം ഞങ്ങള്‍ക്കുണ്ട്. അതിനാല്‍ മത്സരങ്ങള്‍ പാകിസ്താന് പുറത്തേക്ക് മാറ്റാന്‍ ഞങ്ങള്‍ക്ക് മാര്‍ഗവുമില്ല,''പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ പാകിസ്താന്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍നിന്ന് പാകിസ്താന്‍ ടീമിനെ പിന്‍വലിച്ചേക്കാമെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡല്‍ നടത്തില്ലെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ക്രിക്കറ്റ് ടീമിനെ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വലിക്കുന്ന കാര്യം പാക് സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനായി പാകിസ്താനിലേക്ക് പോകാനുള്ള ഇന്ത്യയുടെ വിസമ്മതം സ്ഥിരീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഞായറാഴ്ച ആതിഥേയ ബോര്‍ഡിന് കത്തെഴുതിയിരുന്നു. ഈ ഇമെയില്‍ പാകിസ്താന്‍ സര്‍ക്കാരിന് കൈമാറി. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ അയച്ച ഇമെയില്‍ ലഭിച്ചതായും വിഷയത്തില്‍ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശവും തേടാന്‍ പാകിസ്താന്‍ ഭരണകൂടത്തെ സമീപിച്ചതായും പിസിബി വ്യക്തമാക്കിയിരുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാകും ചാമ്പ്യന്‍സ് ട്രോഫി മത്സരം നടക്കുക. എന്നാല്‍ പാകിസ്താനില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് പകരം നിഷ്പക്ഷ വേദിയില്‍ മത്സരം നടത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് പാകിസ്താന്‍ യാത്ര ഒഴിവാക്കാനുള്ള കാരണമായി ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ വേദിയായ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. 1996 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റിന് പാകിസ്താന്‍ വേദിയാകുന്നത്.

icc PCB bcci india pakistan champions trophy tournament