ഏകദിനത്തിലും വമ്പന്‍ തോല്‍വിയോടെ പാക്കിസ്ഥാന്‍

ട്വന്റി20 പരമ്പരയിലെ നാണക്കേട്, ഏകദിന പരമ്പര ജയിച്ച് മാറ്റിയെടുക്കാനാണു പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ അതിനു തിരിച്ചടിയേറ്റു. മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

author-image
Biju
New Update
rsyt

നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും പാക്കിസ്ഥാനു കൂറ്റന്‍ തോല്‍വി. 73 റണ്‍സിനാണ് നേപ്പിയറില്‍ നടന്ന ആദ്യ പോരാട്ടത്തില്‍ ന്യൂസീലന്‍ഡ് വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തപ്പോള്‍, മറുപടിയില്‍ പാക്കിസ്ഥാന്‍ 271 റണ്‍സിന് പുറത്തായി. ജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ന്യൂസീലന്‍ഡ് 10ന് മുന്നിലെത്തി. ട്വന്റി20 പരമ്പര കിവീസ് 41ന് വിജയിച്ചിരുന്നു.

ട്വന്റി20 പരമ്പരയിലെ നാണക്കേട്, ഏകദിന പരമ്പര ജയിച്ച് മാറ്റിയെടുക്കാനാണു പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ അതിനു തിരിച്ചടിയേറ്റു. മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 111 പന്തുകള്‍ നേരിട്ട മാര്‍ക് ചാപ്മാന്‍ 132 റണ്‍സെടുത്തു. ആറു സിക്‌സുകളും 13 ഫോറുകളുമാണു ചാപ്മാന്‍ ബൗണ്ടറി കടത്തിയത്. ഡാരില്‍ മിച്ചലും (84 പന്തില്‍ 76), മുഹമ്മദ് അബ്ബാസും (26 പന്തില്‍ 52) അര്‍ധ സെഞ്ചറികള്‍ സ്വന്തമാക്കി.

പാക്കിസ്ഥാനു വേണ്ടി ഇര്‍ഫാന്‍ ഖാന്‍ മൂന്നു വിക്കറ്റുകളും, ആകിഫ് ജാവേദ്, ഹാരിസ് റൗഫ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ബാബര്‍ അസമും സല്‍മാന്‍ ആഗയും അര്‍ധ സെഞ്ചറികള്‍ നേടിയിട്ടും പാക്കിസ്ഥാനു വിജയത്തിലെത്താന്‍ സാധിച്ചില്ല. ബാബര്‍ അസം 83 പന്തില്‍ 78 ഉം സല്‍മാന്‍ ആഗ 48 പന്തില്‍ 58 ഉം റണ്‍സെടുത്തു പുറത്തായി. അബ്ദുല്ല ഷഫീഖ് (36), ഉസ്മാന്‍ ഖാന്‍ (39), മുഹമ്മദ് റിസ്‌വാന്‍ (30) തുടങ്ങിയ മുന്‍നിര ബാറ്റര്‍മാര്‍ മോശമല്ലാത്ത പ്രകടനം നടത്തി.

പാക്ക് വാലറ്റം പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയതോടെ, 44.1 ഓവറില്‍ 271ന് ടീം ഓള്‍ഔട്ടായി. കിവീസ് പേസര്‍ നേഥന്‍ സ്മിത്ത് നാലു വിക്കറ്റുകള്‍ വീഴ്ത്തി. സെഞ്ചറി നേടിയ മാര്‍ക് ചാപ്മാനാണു കളിയിലെ താരം. പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ഹാമില്‍ട്ടനില്‍ നടക്കും.