/kalakaumudi/media/media_files/2025/08/08/sanju-2025-08-08-21-43-23.jpg)
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ ടീമിനൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അറിയിച്ചെങ്കിലും നിലപാട് മയപ്പെടുത്താതെ രാജസ്ഥാന്‍ റോയല്‍സ്. സഞ്ജുവിനെ സ്വന്തമാക്കുന്നതിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്നോട്ടു വന്നെങ്കിലും പകരം രണ്ട് ചെന്നൈ താരങ്ങളെ വേണമെന്നാണു രാജസ്ഥാന്റെ നിലപാട്. ട്രേഡ് ഡീലിലൂടെ താരത്തെ കൈമാറുമ്പോള്‍ എതിര്‍ ടീമില്‍നിന്ന് പണത്തിനു പുറമേ പകരം താരങ്ങളെയും ടീമുകള്‍ സ്വന്തമാക്കാറുണ്ട്.
എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ രണ്ടു പേര്‍ വേണമെന്നാണു രാജസ്ഥാന്റെ നിലപാട്. രാജസ്ഥാനെ കൂടുതല്‍ മത്സരങ്ങളില്‍ നയിച്ചിട്ടുള്ള ക്യാപ്റ്റനാണു സഞ്ജു. ഫ്രാഞ്ചൈസിക്കായി കൂടുതല്‍ റണ്‍സ് നേടിയ താരം, കൂടുതല്‍ വിജയങ്ങളുള്ള ക്യാപ്റ്റന്‍ എന്നീ റെക്കോര്‍ഡുകളും സഞ്ജുവിന്റെ പേരിലാണ്. അങ്ങനെയൊരു താരത്തെ വിട്ടുകൊടുക്കുമ്പോള്‍ പരമാവധി നേട്ടം കൊയ്യാനാണു ടീമിന്റെ ശ്രമം.
ഏതൊക്കെ താരങ്ങളെയാണ് രാജസ്ഥാന്‍ ആവശ്യപ്പെടുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. ചെന്നൈയുടെ പ്രധാനപ്പെട്ട രണ്ടു താരങ്ങളെയാണ് രാജസ്ഥാന്‍ ഇപ്പോള്‍ ചോദിക്കുന്നത്. എന്നാല്‍ ഇവരെ വിട്ടുകൊടുക്കാന്‍ ചെന്നൈ മാനേജ്‌മെന്റിനും മടിയുണ്ട്. ശിവം ദുബെയെയും വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിനെയും സഞ്ജുവിനു വേണ്ടി കൈമാറാന്‍ ചെന്നൈ തയാറാണെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സഞ്ജുവിനെ വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത സീസണിനു മുന്നോടിയായി റിലീസ് ചെയ്യാനാണു സാധ്യത. മിനി ലേലത്തില്‍ പങ്കെടുത്താല്‍ ചെന്നൈയ്ക്ക് സ്വന്തം താരങ്ങളെ നഷ്ടപ്പെടുത്താതെ തന്നെ സഞ്ജുവിനെ വാങ്ങുകയും ചെയ്യാം. എന്നാല്‍ മറ്റു ടീമുകളും മലയാളി ക്യാപ്റ്റനു വേണ്ടി രംഗത്തുണ്ട്. സഞ്ജുവിനെപ്പോലൊരു ക്യാപ്റ്റനെ ആഗ്രഹിക്കുന്നതായി കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് പ്രതിനിധി ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തിയിരുന്നു.