സഞ്ജുവിനായി പിടിവലി; കൂടുതല്‍ ടീമുകള്‍ ഇറങ്ങുന്നു

സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക തലത്തില്‍ നീക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് ചെന്നൈയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്.

author-image
Biju
New Update
kwkuba

മുംബൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) 19ാം സീസണിനു മുന്നോടിയായി സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വെറും അഭ്യൂഹങ്ങളായി തള്ളാന്‍ വരട്ടെ! രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജുവിനെ ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ രംഗത്തുണ്ടെന്ന് 'ക്രിക്ബസ്' റിപ്പോര്‍ട്ട് ചെയ്തു. 

സഞ്ജുവിനെ ടീമിലെത്തിക്കുന്നതിലുള്ള താല്‍പര്യം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തന്നെ പ്രതിനിധിയെ ഉദ്ധരിച്ച് 'ക്രിക്ബസ്' സ്ഥിരീകരിക്കുകയും ചെയ്തു. സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എന്നതായിരുന്നു ഇതുവരെയുള്ള അഭ്യൂഹങ്ങളെങ്കില്‍, മലയാളി താരത്തിനായി കൂടുതല്‍ ടീമുകള്‍ രംഗത്തുണ്ടെന്നാണ് ഈ  റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ഏതൊക്കെ ടീമുകളാണ് രംഗത്തുള്ളത് എന്ന് പേരെടുത്തു പരാമര്‍ശിക്കുന്നുമില്ല.

സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക തലത്തില്‍ നീക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് ചെന്നൈയുമായി ബന്ധപ്പെട്ട  റിപ്പോര്‍ട്ട്.

''തീര്‍ച്ചയായും സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ട്. വിക്കറ്റ് കീപ്പറും ഓപ്പണറും എന്നതിലുപരി അദ്ദേഹം ഇന്ത്യന്‍ താരം കൂടിയാണ്. സഞ്ജുവിനെ കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കും. സഞ്ജുവിനെ ടീമിലെത്തിക്കുന്നതിന് പകരം ആരെ കൊടുക്കും എന്നതിലൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. ചര്‍ച്ചകള്‍ ആ ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. പക്ഷേ സഞ്ജുവിനെ സ്വന്തമാക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട് എന്നത് വാസ്തവമാണ്'  സിഎസ്‌കെ പ്രതിനിധിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ സീസണില്‍ 18 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരത്തെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പകരം ആരെ നല്‍കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ ടീമിനെ നയിച്ച ഋതുരാജ് ഗെയ്ക്വാദാണ് സഞ്ജുവിനൊത്ത തുകയ്ക്ക് ചെന്നൈ നിലനിര്‍ത്തിയ താരം. എന്നാല്‍ ഗെയ്ക്വാദിനെ ദീര്‍ഘകാലാടിസ്ഥാനത്തിലാണ് നായകസ്ഥാനത്തേക്ക് നിയോഗിച്ചതെന്നാണ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് മുന്‍പ് വിശദീകരിച്ചത്.

ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്നിട്ടിറങ്ങിയ ട്രേഡുകള്‍ തീര്‍ത്തും കുറവാണ്. 2021 സീസണില്‍ റോബിന്‍ ഉത്തപ്പയെ രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് സ്വന്തമാക്കിയിരുന്നെങ്കിലും, അന്ന് പണം നല്‍കിയായിരുന്നു ഇടപാട്. താരങ്ങളെ ട്രേഡിങ്ങിലൂടെ സ്വന്തമാക്കുന്നതിനുള്ള വിന്‍ഡോ നിലവില്‍ ഓപ്പണാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനു പുറമേ മറ്റു ചില ഐപിഎല്‍ ടീമുകളും സഞ്ജുവിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Sanju Samson