ചെന്നൈയെ വീഴ്ത്തി; ഗുജറാത്ത് ടൈറ്റൻസിന് 35 റൺസ് വിജയം

തുടക്കത്തിൽ തന്നെ പ്രധാന താരങ്ങളെ  നഷ്ടമായതാണ് ചെന്നൈ സൂപ്പർ കിങ്സിനു തിരിച്ചടിയായത്. അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് (34 പന്തിൽ 63) ചെന്നൈയുടെ ടോപ് സ്കോറർ.

author-image
Vishnupriya
Updated On
New Update
titans

സായ് സുദർശനും ശുഭ്മന്‍ ഗില്ലും

Listen to this article
0.75x 1x 1.5x
00:00 / 00:00

അഹമ്മദാബാദ്:  ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 35 റൺസ് വിജയം. ഗുജറാത്ത് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്.  മൊയീൻ അലി 36 പന്തിൽ 56 റൺസെടുത്തു പുറത്തായി. കളിയിൽ തുടക്കത്തിൽ തന്നെ പ്രധാന താരങ്ങളെ  നഷ്ടമായതാണ് ചെന്നൈ സൂപ്പർ കിങ്സിനു തിരിച്ചടിയായത്. അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് (34 പന്തിൽ 63) ചെന്നൈയുടെ ടോപ് സ്കോറർ.

ഓപ്പണർമാരായ അജിൻക്യ രഹാനെ (ഒന്ന്), രചിന്‍ രവീന്ദ്ര (ഒന്ന്), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് (പൂജ്യം) എന്നിവർക്കു സ്കോർ ഉയർത്താൻ സാധിച്ചില്ല. പവർപ്ലേയിൽ മൂന്നു വിക്കറ്റ് നഷ്ടമായ ചെന്നൈയെ ഡാരിൽ‌ മിച്ചൽ മൊയീൻ അലി കൂട്ടുകെട്ടാണ്  നൂറു കടത്തിയത്. എന്നാൽ ഇരുവരുടേയും പുറത്താകലിനു ശേഷം വലിയൊരു ഇന്നിങ്സ് പിടിച്ചു നിർത്താൻ പിന്നാലെയെത്തിയ ബാറ്റർമാർക്കു സാധിച്ചില്ല. ശിവം ദുബെ (13 പന്തിൽ 21), രവീന്ദ്ര ജഡേജ (10 പന്തിൽ 18), എം.എസ്. ധോണി (11 പന്തിൽ 26) എന്നിവരാണ് ചെന്നൈയുടെ മറ്റു പ്രധാന സ്കോറർമാർ. ഗുജറാത്തിനായി മോഹിത് ശർമ മൂന്നും റാഷിദ് ഖാന്‍ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണു അടിച്ചെടുത്തത്. ശുഭ്മൻ ഗിൽ 55 പന്തിൽ 104 റൺസും സായ് സുദർശൻ 51 പന്തിൽ 103 റൺസുമെടുത്തു പുറത്തായി. ഗിൽ ആറു സിക്സും ഒൻപതു ഫോറുകളും നേടിയപ്പോൾ , സായ് ഏഴു സിക്സും അഞ്ച് ഫോറുകളും കൈക്കലാക്കി. മികച്ച തുടക്കമാണ് ഇരു താരങ്ങളും ചേർന്നു ഗുജറാത്തിനു നല്‍കിയത്. പവർപ്ലേയിൽ ഗുജറാത്ത് അടിച്ചെടുത്തത് 58 റൺസ്. സായ് സുദർശൻ 32 പന്തുകളിലും ഗിൽ 25 പന്തുകളിലും അർധ സെഞ്ചറി പിന്നിട്ടു. 50 പന്തുകളിലാണ് ഇരുവരും 100 തൊട്ടത്. 16.2 (98 പന്തുകൾ) ഓവറുകളില്‍ സ്കോർ 200 പിന്നിട്ടു. 

18–ാം ഓവറിലെ രണ്ടാം പന്തിൽ  തുഷാർ ദേശ്പാണ്ഡെ സായ് സുദര്‍ശനെയും ആറാം പന്തിൽ ഗില്ലിനെയും പുറത്താക്കി. 11 പന്തുകൾ നേരിട്ട ഡേവിഡ് മില്ലർ 16 റൺസെടുത്തു പുറത്താകാതെനിന്നു.

gujarat titans chennai super kings