chess olympiad d gukesh shines as india on cusp of historic gold medal
ബുഡാപെസ്റ്റ്; ഫിഡെ ചെസ് ഒളിംപ്യാഡിൽ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ. ചെസ് ഒളിംപ്യാഡിലെ ആദ്യ സ്വർണമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുളള ചൈനയെക്കാൾ (17 പോയിന്റ്) രണ്ട് പോയിന്റ് മുൻപിലാണ് (19 പോയിന്റ്) ഇന്ത്യ.
പത്താം റൗണ്ടിൽ അമേരിക്കയുടെ ലീനിയർ ഡൊമിങ്‌സ് പെരസിനെ കീഴടക്കിയ ഇന്ത്യയുടെ അർജുൻ എരിഗാസിയുടെ വിജയമാണ് നിർണായകമായത്. ഇന്ത്യയുടെ ഗുകേഷ് ദൊമ്മരാജു (ഡി ഗുകേഷ്) യുഎസിന്റെ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തി ഇന്ത്യയ്‌ക്ക് നിർണായക മുന്നേറ്റത്തിന് കളമൊരുക്കിയിരുന്നു. ഉയർന്ന റാങ്കിലുളള കരുവാനയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് നവംബറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് തയ്യാറെടുക്കുന്ന ഗുകേഷിന് കൂടുതൽ ആത്മവിശ്വാസം നൽകും.
കളി പകുതിയിലെത്തി നിൽക്കെ ഗുകേഷ് നടത്തിയ നിർണായക നീക്കം കരുവാനയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു. ഇതിന് പിന്നാലെ അമേരിക്കൻ താരം വരുത്തിയ പിഴവുകളും ഗുകേഷ് കൃത്യമായി മുതലെടുത്തതോടെ കളി ഇന്ത്യയുടെ യുവതാരം കൈപ്പിടിയിലൊതുക്കി.
ഫൈനൽ റൗണ്ടിൽ ഇന്ത്യ സ്ലൊവേനിയയെയും ചൈന അമേരിക്കയെയുമാണ് നേരിടുക. ഇതിലെ പോയിന്റുകളെ അടിസ്ഥാനമാക്കിയായിരിക്കും 45 ാം ചെസ് ഒളിംപ്യാഡ് സ്വർണം തീരുമാനിക്കപ്പെടുക. സ്ലൊവേനിയ ആണ് 16 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
വനിതാ വിഭാഗത്തിൽ കസാക്കിസ്ഥാനും ഇന്ത്യയും 17 പോയിന്റുമായി തുല്യതയിലായിരുന്നു.