എങ്ങനെ മറക്കും; പരിക്കേറ്റിട്ടും വീഴാത്ത പൂജാര

15 വര്‍ഷം നീണ്ട ഗംഭീര ക്രിക്കറ്റ് കരിയറിനു കൂടിയാണ് പുജാര വിരാമമിട്ടിരിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കരിയര്‍ പ്രതീക്ഷിച്ചതു പോലെ ക്ലച്ച് പിടിച്ചില്ലെങ്കിലും ടെസ്റ്റില്‍ അദ്ദേഹമില്ലാത്ത ഒരു ടീമിനെക്കുറിച്ച് ഒരുകാലത്തു ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു

author-image
Biju
New Update
poojara

മുംബൈ: വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ക്കു പിന്നാലെ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മറ്റൊരു ഇതിഹാസം കൂടി ഇനി ഓര്‍മകളില്‍ മാത്രം! രാഹുല്‍ ദ്രാവിഡിനു ശേഷം ഇന്ത്യയുടെ പുതിയ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ചേതേശ്വര്‍ പുജാരയും കളി മതിയാക്കി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്നു 37കാരമായ അദ്ദേഹം പ്രഖ്യാപിച്ചിക്കുകയാണ്.

15 വര്‍ഷം നീണ്ട ഗംഭീര ക്രിക്കറ്റ് കരിയറിനു കൂടിയാണ് പുജാര വിരാമമിട്ടിരിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കരിയര്‍ പ്രതീക്ഷിച്ചതു പോലെ ക്ലച്ച് പിടിച്ചില്ലെങ്കിലും ടെസ്റ്റില്‍ അദ്ദേഹമില്ലാത്ത ഒരു ടീമിനെക്കുറിച്ച് ഒരുകാലത്തു ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. പ്രത്യേകിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക പോലെയുള്ള ദുഷ്‌കരമായ പിച്ചുകളില്‍ ഇന്ത്യയുടെ രക്ഷകനും വിശ്വസ്തനുമായിരുന്നു അദ്ദേഹം.

ചേതേശ്വര്‍ പുജാരയുടെ ഇന്ത്യന്‍ ടെസ്റ്റ് കരിയറെടുത്താല്‍ നിലവധി അവിസ്മരണീയ ഇന്നിങ്സുകള്‍ നമുക്കു എടുത്തു പറയാന്‍ സാധിക്കും. പക്ഷെ അക്കൂട്ടത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരുപക്ഷെ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു അവിശ്വസനീയ ഇന്നിങ്സുണ്ട്. 2021ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു അദ്ദേഹത്തിന്റെ വീരോചിത ഇന്നിങ്സ്.

ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 328 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ മൂന്നു വിക്കറ്റിന്റെ ഐതിഹാസിക വിജയം കൊയ്ത കളിയില്‍ പുജാരയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. റണ്‍ചേസില്‍ ശുഭ്മന്‍ ഗില്‍ (91), റിഷഭ് പന്ത് (89*) എന്നിവരാണ് കൂടുതല്‍ റണ്ണെടുത്തതെങ്കിലും അതിനേക്കാള്‍ മികച്ച പ്രകടനമായി വിശേഷിപ്പിക്കപ്പെടുന്നത് പുജാരയുടെ (211 ബോളില്‍ 56) ഇന്നിങ്സാണ്.

രോഹിത് ശര്‍മയെ (18) തുടക്കത്തില്‍ നഷ്ടമായ ശേഷം പതറിയ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് പുജാര- ഗില്‍ ജോടിയാണ്. രണ്ടാം വിക്കറ്റില്‍ ഈ സഖ്യം 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശരിയായ മാര്‍ഗത്തിലൂടെ പുജാരയെ പുറത്താക്കാന്‍ സാധിക്കില്ലെന്നു ബോധ്യമുള്ളതിനാല്‍ മറ്റൊരു വഴിയാണ് ഓസീസ് ടീം സ്വീകരിച്ചത്.

അദ്ദേഹം ദേഹത്തെ ലക്ഷ്യമാക്കി എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയെന്നതായിരുന്നു തന്ത്രം. കാരണം പുജാര ക്രീസില്‍ തങ്ങള്‍ക്കു ജയം അസാധ്യമാണെന്നു ഓസീസിന് ബോധ്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന എങ്ങനെയെങ്കിലും അദ്ദേഹത്തെ പരിക്കേല്‍പ്പിക്കാന്‍ ഓസീസ് ബൗളര്‍മാര്‍ കിണഞ്ഞു ശ്രമിക്കുകയും ചെയ്തു.

ബാറ്റിങ്, ബൗളിങ്, ക്യാപ്റ്റന്‍സി; സാലി പുതിയ ഹാര്‍ദിക്കായേനെ എല്ലാം തകര്‍ത്തത് ആ സംഭവംബാറ്റിങ്, ബൗളിങ്, ക്യാപ്റ്റന്‍സി; സാലി പുതിയ ഹാര്‍ദിക്കായേനെ എല്ലാം തകര്‍ത്തത് ആ സംഭവം

ബാറ്റിങിനിടെ 11 തവണയാണ് പുജാരയുടെ ദേഹത്തു ബോള്‍ തട്ടിയത്. ഇടയ്ക്കു വേദന കൊണ്ടു പുളഞ്ഞ അദ്ദേഹം ചികില്‍സയും തേടിയെങ്കിലും വിട്ടുകൊടുത്തില്ല. ബാറ്റിങ് തുടര്‍ന്ന പുജാര മതില്‍ കെട്ടിനിര്‍ത്തി ഓസീസ് ആക്രണത്തെ നിര്‍വീര്യമാക്കുകയായിരുന്നു.

ഹെല്‍മറ്റിന്റെ പിറകിലും കഴുത്തിനു പിറകിലായി താഴെയും കാല്‍ത്തുടയുടെ പിറകിലും ബോട്ടം ഗ്ലൗവിലും നെഞ്ചിലും തുടങ്ങി പുജാരയുടെ ദേഹത്തു അന്നു ബോള്‍ പതിക്കാത്ത സ്ഥലങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഓസീസിന്റെ കനത്ത ആക്രമങ്ങയെല്ലാം ഒരു യോദ്ധാവിനെ പോലെ നേരിട്ട അദ്ദേഹം ടീമിനായി ജീവന്‍മരണ പോരാട്ടം കാഴ്ചവച്ചു. പുജാരയുടെ ഈ പോരാട്ടവീര്യത്തെ അന്നു ക്രിക്കറ്റ് ലോകം മുഴുവന്‍ വാഴ്ത്തുകയും ചെയ്തിരുന്നു.

2010 ആഗസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റിലൂടെയാണ് ചേതേശ്വര്‍ പുജാര അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 103 ടെസ്റ്റുകളിലായി 43.60 ശരാശരിയില്‍ 7195 അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടിണ്ട്.

19 സെഞ്ച്വറികളും 35 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത എട്ടാമത്തെ താരം കൂടിയാണ് പുജാര. ഏകദിനത്തില്‍ അഞ്ചു മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചെങ്കിലും 130 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. 2023ല്‍ ഓസീസിനെതിരേ കെന്നിങ്ടണ്‍ ഓവലില്‍ നടന്ന ടെസ്റ്റിലാണ് പുജാരയെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്.