choose coach and institution wisely sourav gangulys post amid hunt for indias next head coach
ഡൽഹി: ടി20 ലോകകപ്പിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പുതിയ പരിശീലകനെ തേടുകയാണ് ബിസിസിഐ.നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകനെ നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചത്. മുൻ താരം ഗൗതം ഗംഭീറിന്റെ പേരാണ് ഈ സ്ഥാനത്തേയ്ക്ക് ഉയർന്നുകേൾക്കുന്ന ഒരുപേര്.
അതിനിടെ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ സൗരവ് ഗാംഗുലി.ഒരു താരത്തിന്റെ ക്രിക്കറ്റ് കരിയർ രൂപപ്പെടുത്തുന്നതിൽ പരിശീലകന് വലിയ പങ്കാണുള്ളത്. ക്രിക്കറ്റ് ഗ്രൗണ്ടിനുള്ളിലും പുറത്തും ഒരു താരത്തിന്റെ ജീവിതത്തിൽ പരിശീലകന് വലിയ പങ്കാണുള്ളതെന്നും ഗാംഗുലി പറയുന്നു.
ട്വന്റി 20 ലോകകപ്പിന് പിന്നാലെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിയും. ഇന്ത്യൻ ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷിക്കാൻ ബിസിസിഐ മെയ് 27 വരെ സമയം അനുവദിച്ചിരുന്നു.എന്നാൽ അപേക്ഷകൾ ലഭിച്ചതിന്റെ വിവരങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.അതെസമയം വിദേശ പരിശീലകരെ വേണ്ടെന്നും ഇന്ത്യൻ പരിശീലകർ മതിയെന്ന് നിലപാടിലാണ് ബിസിസിഐയെന്ന് സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഗൗതം ഗംഭീറിന്റെ സാധ്യതകളേറി.എങ്കിലും ഇക്കാര്യത്തിൽ ഗംഭീറോ ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഈ സാഹചര്യത്തിൽ കൂടിയാണ് മുൻ നായകൻ സൗരവ് ഗാംഗുലിയുടെ വിമർശനം.