ക്ലബ് ലോകകപ്പിനെ വിമര്‍ശിച്ച് ക്ലോപ്പ്;

32 ടീമുകളെ പങ്കെടുപ്പിച്ച് നാല് വര്‍ഷത്തിലൊരിക്കല്‍ വേനല്‍ക്കാല പ്രീ-സീസണ്‍ സമയത്ത് നടത്തുന്ന ഈ പുതിയ ടൂര്‍ണമെന്റ്, അതിന്റെ സമയക്രമത്തെക്കുറിച്ചും കളിക്കാര്‍ക്ക് നല്‍കുന്ന അധിക സമ്മര്‍ദ്ദത്തെക്കുറിച്ചും ഇതിനകം വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.

author-image
Jayakrishnan R
New Update
klopp

klopp

 

 

 

 യു.എസ് : ലിവര്‍പൂളിന്റെ മുന്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് പുതുതായി വികസിപ്പിച്ച ഫിഫ ക്ലബ് ലോകകപ്പ് ഫോര്‍മാറ്റിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത്. ജര്‍മ്മന്‍ പത്രമായ ഡൈ വെല്‍റ്റിന് (Die Welt) നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇതിനെ ''ഫുട്‌ബോളില്‍ ഇതുവരെ നടപ്പിലാക്കിയതില്‍ വെച്ച് ഏറ്റവും മോശം ആശയം'' എന്ന് വിശേഷിപ്പിച്ചു.

32 ടീമുകളെ പങ്കെടുപ്പിച്ച് നാല് വര്‍ഷത്തിലൊരിക്കല്‍ വേനല്‍ക്കാല പ്രീ-സീസണ്‍ സമയത്ത് നടത്തുന്ന ഈ പുതിയ ടൂര്‍ണമെന്റ്, അതിന്റെ സമയക്രമത്തെക്കുറിച്ചും കളിക്കാര്‍ക്ക് നല്‍കുന്ന അധിക സമ്മര്‍ദ്ദത്തെക്കുറിച്ചും ഇതിനകം വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഈ വിമര്‍ശനങ്ങളില്‍ പങ്കുചേര്‍ന്ന ക്ലോപ്പ്, കളിക്കാരുടെ ആരോഗ്യത്തിലും കായികരംഗത്തിന്റെ സമഗ്രതയിലും ഇത് വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.

''ഇതൊരു ലക്ഷ്യമില്ലാത്ത മത്സരമാണ്,'' ക്ലോപ്പ് പറഞ്ഞു. ''ഇത് ആര് നേടിയാലും എക്കാലത്തെയും മോശം വിജയികളായിരിക്കും അവര്‍, കാരണം അവര്‍ വേനല്‍ക്കാലം മുഴുവന്‍ കളിക്കുകയും പിന്നീട് നേരിട്ട് ലീഗിലേക്ക് മടങ്ങുകയും ചെയ്യും.'' - ക്ലോപ്പ് പറഞ്ഞു.

ലിവര്‍പൂളിലെ തന്റെ കാലയളവില്‍ കളിക്കാരുടെ ക്ഷേമത്തിന് വേണ്ടി നിരന്തരം വാദിച്ചിരുന്ന ക്ലോപ്പ്, വര്‍ധിച്ചുവരുന്ന മത്സരത്തിരക്ക് കളിക്കാര്‍ക്ക് താങ്ങാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കി.

ഇതില്‍ ഒരുപാട് മത്സരങ്ങള്‍ വരുന്നു . അടുത്ത സീസണില്‍ മുമ്പെങ്ങുമില്ലാത്തവിധം പരിക്കുകള്‍ കാണേണ്ടി വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

sports football