റയലിനെ തകര്‍ത്ത് പിഎസ്ജി ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍

കളി തുടങ്ങി ആറാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസിലൂടെയാണ് പി എസ് ജി സ്‌കോറിംഗ് തുടങ്ങിയത്. ഒമ്പതാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബെലെ പി എസ് ജിയുടെ ലീഡ് ഉയര്‍ത്തി.

author-image
Jayakrishnan R
New Update
FIFA-Club-World-Cup-2025-1080x675

FIFA-Club-World-Cup-2025-1080x675

ന്യൂജേഴ്‌സി:കരുത്തരായ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിനെ തകര്‍ത്ത് ഫ്രഞ്ച് ക്ലബ് പിഎസ്ജി ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍. ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് റയലിനെ പിഎസ്ജി തോല്‍പിച്ചത്. 

മധ്യനിര താരം ഫാബിയന്‍ റൂയിസ് രണ്ടും ഒസ്മാന്‍ ഡെംബെലെ,ഗൊണ്‍സാലോ റാമോസ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ഫൈനലില്‍ ഇംഗ്ലിഷ് ക്ലബ് ചെല്‍സിയാണ് പിഎസ്ജിയുടെ എതിരാളികള്‍.

കളി തുടങ്ങി ആറാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസിലൂടെയാണ് പി എസ് ജി സ്‌കോറിംഗ് തുടങ്ങിയത്. ഒമ്പതാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബെലെ പി എസ് ജിയുടെ ലീഡ് ഉയര്‍ത്തി. 24-ാം മിനിറ്റില്‍ റൂയിസ് രണ്ടാം ഗോളും നേടി പി എസ് ജിയുടെ ജയമുറപ്പിച്ചു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോണ്‍സാലോ റാമോസ് പി എസ് ജിയുടെ ഗോള്‍പ്പട്ടിക തികച്ചു.

ഏഴ് സീസണില്‍ കളിച്ച് 256 ഗോളുകള്‍ നേടിയ തന്റെ പഴയ ക്ലബ്ബായ പി എസ് ജിക്കെതിരായ വമ്പന്‍ തോല്‍വി റയല്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്കും തിരിച്ചടിയായി. മത്സരത്തില്‍ പ്രതാപത്തിന്റെ നിഴല്‍ മാത്രമായിരുന്നു എംബാപ്പെ. മത്സരത്തിനിടെ പലവട്ടം എംബാപ്പെ അസ്വസ്ഥനാവുന്നതും ഗ്രൗണ്ടില്‍ കാണാമായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം പാസ് നല്‍കാതിരുന്നതിനെച്ചൊല്ലി എംബാപ്പെ സഹതാരത്തോട് കയര്‍ക്കുകയും ചെയ്തു.

പരിശീലകന്‍ ലൂയിസ് എന്റിക്വക്ക് കീഴില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും ഫ്രഞ്ച് ലീഗ് വണ്‍ കിരീടവും നേടിയ പി എസ് ജി ക്ലബ്ബ് ലോകകപ്പ് കൂടി നേടി ട്രിപ്പിള്‍ തികയ്ക്കാനാണ് ഇത്തവണ ശ്രമിക്കുന്നത്. 

സൂപ്പര്‍ താരങ്ങളായ എംബാപ്പെയും മെസിയും നെയ്മറും ഒരുമിച്ച് ടീമിലുണ്ടായിട്ടും നേടാന്‍ കഴിയാത്ത നേട്ടങ്ങളാണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗിലൂടെ പി എസ് ജി സ്വന്തമാക്കിയത്.

sports football