/kalakaumudi/media/media_files/2025/06/23/fifa-club-world-cup-2025-1080x675-2025-06-23-20-13-18.jpg)
FIFA-Club-World-Cup-2025
ഈസ്റ്റ് റുഥര്‍ഫോഡ്: പ്രായത്തിലും പ്രതാപത്തിലും ഇംഗ്ലിഷ് ക്ലബ് ചെല്‍സിയോടു മുട്ടിനില്‍ക്കാന്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു കഴിഞ്ഞേക്കില്ല. എന്നാല്‍ പ്രതാപകാലം അയവിറക്കാതെ യാഥാര്‍ഥ്യത്തിലേക്കു വന്നാല്‍ കളിമികവിലും കണക്കുകളിലും ഇംഗ്ലിഷ് ടീമിനെക്കാള്‍ ബഹുദൂരം മുന്നിലാണ് നിലവില്‍ ഫ്രഞ്ച് പടയുടെ സ്ഥാനം.
ക്ലബ് ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിനായി ഇന്ന് ന്യൂ ജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ചെല്‍സി ആരാധകരെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നതും പിഎസ്ജിയുടെ സമീപ കാല മികവു തന്നെ.
ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുന്‍പ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാന്‍ ഉറച്ചാണ് ഇന്ന് പിഎസ്ജി ഇറങ്ങുന്നതെങ്കില്‍, ടൂര്‍ണമെന്റില്‍ രണ്ടാം കിരീടം നേടി യൂറോപ്യന്‍ ഫുട്‌ബോളിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരമാണ് ചെല്‍സിക്ക് ഈ ഫൈനല്‍.
ഉസ്മാന്‍ ഡെംബലെ, ഡിസിറെ ഡുവെ, ക്വിച്ച ക്വാരട്‌സ്ഹെലിയ തുടങ്ങിയവരടങ്ങിയ മുന്നേറ്റ നിരയാണ് പിഎസ്ജിയുടെ കരുത്ത്. ഇവര്‍ക്കൊപ്പം അച്‌റഫ് ഹാക്കിമി, വിറ്റിഞ്ഞ, മാര്‍ക്വിഞ്ഞോസ്, ഫാബിയാന്‍ റൂയിസ് എന്നിവര്‍ കൂടി ചേരുന്നതോടെ ഫ്രഞ്ച് ക്ലബ്ബിന്റെ ആക്രമണ നിര ഡബിള്‍ സ്‌ട്രോങ്.
മറുവശത്ത് കോള്‍ പാമര്‍ നേതൃത്വം നല്‍കുന്ന ചെല്‍സി അറ്റാക്കിനെ പെഡ്രോ നെറ്റോ, എന്‍സോ ഫെര്‍ണാണ്ടസ്, ജോവ പെഡ്രോ, നിക്കോളാസ് ജാക്‌സന്‍ എന്നിവരുടെ സാന്നിധ്യം സമ്പന്നമാക്കുന്നു.
ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമുകളിലൊന്നുമായാണ് ചെല്‍സി ഫൈനലിന് ഇറങ്ങുന്നത്. 23.4 വയസ്സാണ് പരിശീലകന്‍ എന്‍സോ മരെസ്‌കയ്ക്കു കീഴില്‍ ഇറങ്ങുന്ന ഇംഗ്ലിഷ് ടീമിന്റെ ശരാശരി പ്രായം.
27 വയസ്സുകാരന്‍ ടോസിന്‍ അഡാറബിയോയോ ആണ് ടീമിലെ സീനിയര്‍. മറുവശത്ത് 25 വയസ്സ് ശരാശരി പ്രായവുമായി എത്തുന്ന ലൂയി എന്റിക്വെയുടെ ടീമില്‍ മുപ്പത്തിയൊന്നുകാരന്‍ മാര്‍ക്വിഞ്ഞോസാണ് പ്രായം കൂടിയ താരം.