/kalakaumudi/media/media_files/2025/09/12/box-2025-09-12-21-55-58.jpg)
കാലിഫോര്‍ണിയ: ലോങ് ജംപ് ലോക റെക്കോഡിനുടമയും പരിശീലകനുമായ മൈക്ക് പവലിനെ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്ത് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു). സ്വതന്ത്ര ട്രിബ്യൂണലായ എഐയു വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
മത്സരാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിലക്കിന് ആധാരമെന്നാണ് എഐയു പ്രസ്താവനയില്‍ അറിയിച്ചത്. പ്രത്യേകിച്ച് കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടുന്ന മത്സരാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണിത്. വിലക്കിന് പിന്നിലുള്ള യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
സസ്‌പെന്‍ഡ് ചെയ്തതിനാല്‍ ശനിയാഴ്ച ടോക്യോയില്‍ ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പവലിന് പങ്കെടുക്കാന്‍ സാധിക്കില്ല. മാത്രമല്ല ലോക അത്ലറ്റിക്സുമായി ബന്ധപ്പെട്ട ഒരു മത്സരങ്ങളുടെയും ഭാഗമാകാന്‍ സാധിക്കില്ല. അതേസമയം പവലിന് വിലക്കിനെതിരേ അപ്പീല്‍ നല്‍കാം.
അമേരിക്കക്കാരനായ പവല്‍ 1991-ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. 8.95 മീറ്റര്‍ ദൂരം ചാടിയാണ് താരം റെക്കോഡിട്ടത്. പവല്‍ 2022 മുതല്‍ ലോസ് ആഞ്ജലീസിനടുത്തുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് പരിശീലകനായി പ്രവര്‍ത്തിക്കുന്നത്. 1988-ലും 1992-ലും ഒളിമ്പിക് വെള്ളി മെഡലുകള്‍ നേടി.