/kalakaumudi/media/media_files/2024/11/30/TDpMkb6PyKIK1NGaC0N8.jpg)
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ വമ്പന്‍ വിജയവുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ കുതിപ്പ്. ഡര്‍ബനില്‍ 233 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. 516 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 282 റണ്‍സില്‍ ഓള്‍ഔട്ടായി. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 191, ശ്രീലങ്ക 42. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചിന് 366, ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 282.
രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചിന് 103 റണ്‍സെന്ന നിലയില്‍ നാലാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്കായി ദിനേശ് ചാണ്ടിമാലും ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയും ചേര്‍ന്ന് ശക്തമായി ചെറുത്തുനിന്നു. ചാണ്ടിമാല്‍ 83 റണ്‍സും ധനഞ്ജയ ഡിസില്‍വ 59 റണ്‍സും നേടി പുറത്തായി. കുശാല്‍ മെന്‍ഡിസ് 48 റണ്‍സെടുത്തു.
വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് 2023-2025 പോയിന്റ് ടേബിളില്‍ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്നായി അഞ്ച് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും ഉള്‍പ്പെടെ 59.26 ശതമാനം വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയിരിക്കുന്നത്.
15 മത്സരങ്ങളില്‍ നിന്നായി ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയുമായി 61.11 വിജയശതമാനമുള്ള ഇന്ത്യയാണ് ടേബിളില്‍ ഒന്നാമത്. 13 മത്സരങ്ങില്‍ നിന്ന് എട്ട് ജയവും നാല് തോല്‍വിയും ഒരു സമനിലയുമുള്ള ഓസ്‌ട്രേലിയ 57.69 വിജയശതമാനത്തോടെ ടേബിളില്‍ മൂന്നാം സ്ഥാനത്താണ്.