Copa America 2024 brazil vs columbia match
സാൻറാ ക്ലാര: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെൻറിൽ ബ്രസീൽ-കൊളംബിയ മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു.ബ്രസീലിന് വേണ്ടി റാഫീഞ്ഞോ 12ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ആദ്യപകുതിയുടെ അധികസമയത്തിൻറെ രണ്ടാം മിനിറ്റിൽ (45+2) ഡാനിയൽ മുനോസിൻറെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു. സമനിലയോടെ ബ്രസീൽ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി അവസാന എട്ടിൽ ഇടംപിടിച്ചു. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കൾ. ക്വാർട്ടറിൽ കൊളംബിയ പനാമയെയും ബ്രസീൽ ഉറുഗ്വായെയും നേരിടും.
ആദ്യ പകുതിയിൽ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. മത്സരത്തിൻറെ ഏഴാം മിനിറ്റിൽ തന്നെ ബ്രസീലിൻറെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് മഞ്ഞക്കാർഡ് ലഭിച്ചു. ഇതോടെ, ബ്രസീൽ വിജയിക്കുകയാണെങ്കിൽ അടുത്ത മത്സരത്തിൽ താരത്തിന് കളിക്കാനാവില്ല.12ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞയുടെ ഗോൾ.
റാഫീഞ്ഞയുടെ മനോഹരമായ ഷോട്ട് ഗോൾവലയുടെ ഇടതുമൂലയിൽ പറന്നിറങ്ങുമ്പോൾ ഗോൾകീപ്പർ കാമിലോ വാർഗാസിന് ഒന്നുംചെയ്യാനായില്ല. എന്നാൽ, ഗോൾ വീണശേഷം കടുത്ത പ്രത്യാക്രമണത്തിലേക്ക് കൊളംബിയ കടന്നു. ബ്രസീലിയൻ പ്രതിരോധത്തെ കൊളംബിയക്കാർ നിരന്തരം പരീക്ഷിച്ചു. 19ാം മിനിറ്റിൽ ജെയിംസ് റോഡ്രിഗ്രസിൻറെ ഫ്രീകിക്കിനെ ഹെഡ്ഡറിലൂടെ സാഞ്ചസ് ബ്രസീലിയൻ വലക്കുള്ളിലാക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് കണ്ടതോടെ ഗോൾ നിഷേധിച്ചു.
43ാം മിനിറ്റിൽ വിനീഷ്യസിനെ ബോക്സിൽ വീഴ്ത്തിയതിന് പെനാൽറ്റിക്കായി ബ്രസീൽ താരങ്ങൾ വാദിച്ചെങ്കിലും വിഡിയോ പരിശോധനയിൽ റഫറി പെനാൽറ്റി നിഷേധിച്ചു. അഞ്ച് മിനിറ്റ് അധികസമയം അനുവദിച്ചതിൻറെ രണ്ടാംമിനിറ്റിലായിരുന്നു ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കൊളംബിയയുടെ സമനില ഗോൾ. ബ്രസീൽ ബോക്സിനുള്ളിൽ പന്ത് ലഭിച്ച പ്രതിരോധക്കാരൻ ഡാനിയൽ മുനോസ് മനോഹരമായൊരു ഷോട്ടിലൂടെ ഗോൾ നേടി.
രണ്ടാംപകുതിയിൽ ഇരുടീമും മത്സരിച്ച് മുന്നേറിയെങ്കിലും ഒരു ഗോളും നേടാനായില്ല. 85ാം മിനിറ്റിൽ മുന്നിലെത്താനുള്ള സുവർണാവസരം കൊളംബിയക്ക് ലഭിച്ചിരുന്നു. ഇടത് വിങ്ങിൽ നിന്ന് ലൂയിസ് ഡയസിൻറെ മനോഹരമായൊരു ക്രോസ് ബോറെക്ക് ഗോളാക്കി മാറ്റാനായില്ല. ഇൻജുറി ടൈമിൻറെ അവസാന മിനിറ്റിൽ ആൻഡ്രിയാസിൻറെ ലോങ് റേഞ്ചർ കൊളംബിയൻ ഗോളി ശ്രമകരമായി തട്ടിയകറ്റിയതോടെ ബ്രസീലിൻറെ അവസാന വിജയപ്രതീക്ഷയും പാളി.