സഞ്ജുവിന് വെടിക്കെട്ട് സെഞ്ചുറി; ഇന്ത്യക്ക് മികച്ച സ്‌കോര്‍

50 പന്തില്‍ 107 റണ്‍സെടുത്ത സഞ്ജുവിന്റെ സൂപ്പര്‍ ഇന്നിംഗ്‌സില്‍ 10 സിക്‌സും ഏഴു ഫോറും തിലകമായി. വെറും 45 പന്തിലാണ് സഞ്ജു സാംസണ്‍ ടി20യിലെ തന്റെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്.

author-image
Prana
New Update
sanju samson new

ബംഗ്ലാദേശിനെതിരേ ഹൈദരാബാദില്‍ നിര്‍ത്തിയിടത്തു നിന്നും വെടിക്കെട്ട് തുടര്‍ന്ന സഞ്ജു സാംസന്റെ സെഞ്ചുറിക്കരുത്തില്‍ ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് ആണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വച്ചത്. 50 പന്തില്‍ 107 റണ്‍സെടുത്ത സഞ്ജുവിന്റെ സൂപ്പര്‍ ഇന്നിംഗ്‌സില്‍ 10 സിക്‌സും ഏഴു ഫോറും തിലകമായി. വെറും 45 പന്തിലാണ് സഞ്ജു സാംസണ്‍ ടി20യിലെ തന്റെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്. രണ്ടു സെഞ്ചുറിയും തുടര്‍ച്ചയായ മത്സരങ്ങളിലാണെന്നതും സഞ്ജുവിന്റെ സ്വപ്‌നതുല്യമായ ഫോമിനു തെളിവായി. സഞ്ജു പുറത്തായശേഷം ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ പിടിമുറുക്കുകയും ഇന്ത്യക്ക് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തില്ലായിരുന്നെങ്കില്‍ സ്‌കോര്‍ അനായാസം 220 കടന്നേനെ. സഞ്ജു വീണ ശേഷം 26 പന്തില്‍ ഇന്ത്യക്ക് 27 റണ്‍സേ സ്‌കോര്‍ ചെയ്യാനായുള്ളൂ. 
ഏഴു റണ്‍സുമായി അഭിഷേക് വര്‍മയെ തുടക്കത്തിലേ നഷ്ടമായെങ്കിലും സഞ്ജു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊപ്പം സ്‌കോര്‍ ഉയര്‍ത്തി. 17 പന്തില്‍ 21 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് പുറത്തായതോടെ ക്രീസിലെത്തിയ തിലക് വര്‍മ 18 പന്തില്‍ 33 റണ്‍സെടുത്തു സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. 
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു . മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്നതിനാലാണ് ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുത്തത്. എന്നാല്‍ പ്രൊട്ടീസ് ക്യാപ്റ്റന്‍ മാര്കരത്തിന്റെ ഈ പ്രതീക്ഷളെ കീറി കളയുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി കോര്‍ട്‌സി മൂന്നു വിക്കറ്റെടുത്തു. അവസാന ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ മാര്‍ക്കോ യാന്‍സനും ഇന്ത്യയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. 

 

Sanju Samson century india vs southafrica t20