/kalakaumudi/media/media_files/2025/04/11/GNtcnN9y7LB8VMbJcsFx.jpg)
മുംബൈ: 128 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒളിംപിക്‌സിലേക്കുള്ള ക്രിക്കറ്റിന്റെ മടങ്ങിവരവില്‍ മത്സരിക്കുന്നത് 6 ടീമുകള്‍. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സരയിനമാക്കാന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഗെയിംസ് സംഘാടകരുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നലെയാണ്. ട്വന്റി20 ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരത്തില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ 6 ടീമുകള്‍ വീതം പങ്കെടുക്കും.
ഓരോ ടീമിലും 15 പേരെ ഉള്‍പ്പെടുത്താം. ആതിഥേയരായ യുഎസിനൊപ്പം ഐസിസി റാങ്കിങ്ങില്‍ ആദ്യ 5 സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് ഒളിംപിക്‌സ് എന്‍ട്രി ലഭിക്കാനാണ് സാധ്യത. 1900ലെ പാരിസ് ഒളിംപിക്‌സിലാണ് ഇതിനു മുന്‍പ് ക്രിക്കറ്റ് മത്സരയിനമായിരുന്നത്. ക്രിക്കറ്റ് ഉള്‍പ്പെടെ 5 പുതിയ മത്സരയിനങ്ങളാണ് ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയത്.
നിലവിലെ റാങ്കിങ് പ്രകാരം ഇന്ത്യയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, വെസ്റ്റിന്‍ഡീസ് ടീമുകളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള മറ്റു ടീമുകള്‍. ലക്രോസ് (സിക്സസ്), സ്‌ക്വാഷ്, ബേസ്‌ബോള്‍ സോഫ്റ്റ്‌ബോള്‍, ഫ്‌ലാഗ് ഫുട്‌ബോള്‍, എന്നിവയാണ് മറ്റ് ഇനങ്ങള്‍. ആകെ 351 മെഡല്‍ ഇനങ്ങളാണ് 2028 ഒളിംപിക്‌സിലുള്ളത്.