/kalakaumudi/media/media_files/2025/10/09/cricket-team-2025-10-09-12-42-48.jpg)
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ‘ഇന്ത്യൻ ടീം’ എന്ന് പരാമർശിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്വകാര്യ സ്ഥാപനമാണെന്നും ഇവർ നിയന്ത്രിക്കുന്ന ക്രിക്കറ്റ് ടീമിനെ രാജ്യത്തിന്റെ ടീം എന്ന രീതിയിൽ ചിത്രീകരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ റീപക് കൻസാൽ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരുടെ ബെഞ്ച് തള്ളിയത്.
ബിസിസിഐയെ ദേശീയ കായിക ഫെഡറേഷനായി അംഗീകരിച്ചിട്ടില്ലെന്നും സാമ്പത്തികമായി പിന്തുണയ്ക്കുന്നില്ലെന്നും കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും കായിക ടീമുണ്ടോ എന്ന് വ്യക്തമാക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെട്ട കോടതി കോമൺവെൽത്ത് ഗെയിംസ്, ഒളിംപിക്സ് തുടങ്ങിയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളെ ഏതെങ്കിലും സർക്കാർ സ്ഥാപനമാണോ തിരഞ്ഞെടുക്കുന്നതെന്നും രാജ്യാന്തര കായിക നിയമങ്ങളെക്കുറിച്ച് ഹർജിക്കാരന് എന്തെങ്കിലും അറിവുണ്ടോ എന്നും ചോദിച്ചു.
ഇന്ത്യൻ പതാക ഉപയോഗിച്ചു എന്നതുകൊണ്ട് മാത്രം അത് നിയമലംഘനമാണെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹർജി കോടതിയുടെ സമയം പാഴാക്കലാണെന്നും അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
