/kalakaumudi/media/media_files/2025/11/09/rana-2025-11-09-15-49-14.jpg)
കൊളംബോ: ജഴ്‌സിയെയും തോല്‍പിക്കുന്ന കുടവയറും, തടിച്ച ശരീരവുവുമായി ഒരു രാജ്യത്തിന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ നെയ്‌തെടുത്ത്, ശ്രീലങ്കയെ ലോകകപ്പിലേക്ക് നയിച്ച അര്‍ജുന രണതുംഗ നയന്റീസിന് മുമ്പത്തെ തലമുറയുടെ ഹരമായിരുന്നു. അര്‍ജുന രണതുംഗ, സനത് ജയസൂര്യ, അരവിന്ദ ഡിസില്‍വ എന്നിവരടങ്ങിയ നിര ക്രിക്കറ്റ് സമവാക്യങ്ങള്‍ തന്നെ മാറ്റിയെഴുതി ലോകകപ്പിലേക്ക് ദ്വീപുരാഷ്ട്രത്തെ നയിച്ച 1996 ലോകകപ്പ്.
മഞ്ഞവരകളും, കടും നീലനിറവുമുള്ള ജഴ്‌സിയില്‍ മൈതാന മധ്യത്തിലൂടെ ഓടിയും നടന്നും ടീമിനെ നയിച്ച രണതുംഗയെ എങ്ങനെ മറക്കാന്‍ കഴിയും.
ശ്രീലങ്ക പിന്നീടൊരു ലോകകപ്പും സ്വന്തമാക്കിയില്ല. അന്നത്തെ ഗോള്‍ഡന്‍ ജനറേഷന് പിന്നീടൊരു തുടര്‍ച്ചയുമുണ്ടായില്ല. 1999 ഓടെ ക്രിക്കറ്റ് ക്രീസ് വിട്ട രണതുംഗെ, രാഷ്ട്രീയ ക്രീസില്‍ പ്രവേശിച്ച് വിവിധ വകുപ്പ് മന്ത്രിയായും പൊതു ജനമധ്യത്തില്‍ സജീവമായി നിന്നു.
കുടവയറും, വലിയ ശരീരവുമായി ശ്രദ്ധ നേടിയ രണതുംഗെ ശേഷം, ദീര്‍ഘകാലം പൊതു മധ്യത്തില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു ചിത്രത്തിലൂടെ ലങ്കക്കാരുടെ ക്രിക്കറ്റ് ജീനിയസ് വീണ്ടും വാര്‍ത്തകളിലും ആരാധക ചര്‍ച്ചകളിലും നിറയുകയാണ്.
സഹതാരം സനത് ജയസൂര്യ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ജയസൂര്യ, അരവിന്ദ ഡിസില്‍വ, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ക്കൊപ്പം ചുവന്ന കുര്‍ത്തയില്‍ നില്‍ക്കുന്ന അര്‍ജുന രണതുംഗെ. നിറഞ്ഞു നിന്ന വയറെല്ലാം അപ്രത്യക്ഷമായി, കറുത്ത മുടി മാഞ്ഞ് വെള്ളനിറമായി, തുടുത്ത കവിളകുകള്‍ മാഞ്ഞ് അടിമുടി മാറിയൊരു രണതുംഗെ. തിരിച്ചറിയാന്‍ പോലും കഴിയാതെ രൂപമാറ്റം സംഭവിച്ച രണതുംഗെയുടെ വെയ്റ്റ് ലോസിന്റെ കാരണങ്ങളെ കുറിച്ചായി സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസത്തെ ഏറ്റവും വലിയ ചര്‍ച്ച.
ചുവന്ന കളറിലെ കുര്‍ത്തയണിഞ്ഞയാളാണോ രണതുംഗയെന്നായി ഒരു ആരാധകന്റെ സംശയം. 20 വയസ്സ് കുറഞ്ഞുവെന്നായി മറ്റൊരു ആരാധകന്‍. എന്തുപറ്റി എന്നായി മറ്റൊരു ചോദ്യം.... ആരോഗ്യ പ്രശ്‌നങ്ങളാണോ താരത്തിന്റെ അവിശ്വസനീയ ട്രാന്‍സ്‌ഫോര്‍മേഷന് പിന്നിലെന്നും ചോദ്യമുയരുന്നു.
എന്തായാലും രണതുംഗയുടെ ശരീരഭാരം കുറയാനുള്ള കാരണം തേടിയിറങ്ങിയിരിക്കുകയാണ് ആരാധകര്‍. തമിഴ് യൂണിയന്റെ 125ാം വാര്‍ഷിക ആഘോഷ ചടങ്ങിലായിരുന്നു പഴയ ഇതിഹാസങ്ങള്‍ ഒത്തുചേര്‍ന്നത്.
സജീവ ക്രിക്കറ്റ് കാലത്ത് പതിവായി വേദനാ സംഹാരികള്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് രണതുംഗെ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കടുത്ത ശാരീരിക പ്രശ്‌നങ്ങളും താരത്തെ അലട്ടിയിരുന്നു. ശരീരഭാരം വര്‍ധിച്ചതോടെ, ഭാരം കുറക്കാനായി കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ നടത്തിയതായും വാര്‍ത്തയുണ്ടായിരുന്നു. തുടര്‍ന്ന്, ശരീരഭാരം കാര്യമായി കുറയുകയും, ആരോഗ്യ നിലമെച്ചപ്പെടുകയും ഓടാനും ഇരിക്കാനും കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ചെയ്യാതിരുന്ന പലതും ചെയ്യാന്‍ കഴിയുന്നതായും താരം അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
