/kalakaumudi/media/media_files/2025/07/03/cristiano-and-jota-2025-07-03-20-07-12.webp)
cristiano and jota
മാഡ്രിഡ് : പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ സഹതാരം ഡിയോഗോ ജോട്ടയുടെ വിയോഗം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടുത്ത കാലത്തുകൂടി ടീമില്‍ ഒരുമിച്ച് കളിച്ച സഹതാരത്തിന്റെ വിയോഗം അവിശ്വസനീയമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ക്രിസ്റ്റ്യാനോ എക്‌സില്‍ കുറിച്ചു. സ്‌പെയിനിലെ സമോറയിലുണ്ടായ കാറപകടത്തിലാണ് ഡിയോഗോ ജോട്ടയും സഹോദരന്‍ ആന്ദ്രേ സില്‍വയും മരിച്ചത്.
'ഇത് വിശ്വസിക്കാന്‍ സാധിക്കാത്തതാണ്. ഞങ്ങള്‍ ഈയടുത്തും ദേശീയ ടീമില്‍ ഒരുമിച്ചുണ്ടായിരുന്നു, ഈയടുത്താണ് നിങ്ങള്‍ വിവാഹിതനായത്. നിങ്ങളുടെ കുടുംബത്തിനും ഭാര്യക്കും കുട്ടികള്‍ക്കും എന്റെ അനുശോചനം അറിയിക്കുകയും അവര്‍ക്ക് ലോകത്തിലെ എല്ലാ ശക്തിയും നേരുകയും ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും അവരോടൊപ്പമുണ്ടാകുമെന്ന് എനിക്കറിയാം. ഡിയോഗോ, ആന്ദ്രേ, സമാധാനത്തോടെ വിശ്രമിക്കൂ. ഞങ്ങള്‍ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും'- റൊണാള്‍ഡോ കുറിച്ചു.
ലിവര്‍പൂള്‍ ആരാധകര്‍ ആന്‍ഫീല്‍ഡിലെ ഹില്‍സ്ബറോ സ്മാരകത്തില്‍ ഡിയോഗോ ജോട്ടയ്ക്ക് പുഷ്പാര്‍ച്ചനയും ആദരാഞ്ജലികളും അര്‍പ്പിച്ചു. ആശ്വാസ വാക്കുകള്‍ ഇല്ലെന്ന് ലിവര്‍പൂള്‍ ഫോര്‍വേഡ് ഡാര്‍വിന്‍ നുനെസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കളത്തിലും പുറത്തും നല്ല കൂട്ടുകാരന്‍ എന്ന നിലയില്‍, ജോട്ടയെ മനോഹരമായ ആ പുഞ്ചിരിയോടെ എപ്പോഴും ഓര്‍ക്കുമെന്നും നുനെസ് കുറിച്ചു.
സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ പ്രാദേശിക സമയം രാത്രി 12.30ഓടെയാണ് ഡിയോഗോ ജോട്ട ഓടിച്ചിരുന്ന ലംബോര്‍ഗിനി കാര്‍ നിയന്ത്രണംവിട്ട് അപകടമുണ്ടായത്. മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ റോഡില്‍നിന്ന് തെന്നിമാറിയ കാറിന് തീപിടിക്കുകയുമായിരുന്നുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കത്തിയ കാറില്‍നിന്ന് രക്ഷപ്പെടുകയെന്നത് അസാധ്യമാവുകയും ദുരന്തമുണ്ടാവുകയും ചെയ്തു.
സെര്‍നാഡില്ല മുനിസിപ്പാലിറ്റിയിലൂടെയുള്ള എ-52 ഹൈവേയിലാണ് കാര്‍ കത്തിയമര്‍ന്നത്. അപകടത്തിനു പിന്നാലെ സ്പാനിഷ് സിവില്‍ ഗാര്‍ഡും സമോറയിലെ അഗ്‌നിരക്ഷാ സേനയും വൈദ്യസംഘവും എത്തിയെങ്കിലും താരങ്ങളെ രക്ഷിക്കാനായില്ല.
പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജോട്ട, നാഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനിനെ തകര്‍ത്ത് കിരീടം നേടിയ പോര്‍ച്ചുഗല്‍ ടീമിലും അംഗമായിരുന്നു. അഞ്ച് ദിവസം മുമ്പാണ് ജോട്ടയുടെ വിവാഹം നടന്നത്. ദീര്‍ഘകാല പങ്കാളിയായിരുന്ന റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്, അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്‌ലറ്റിക്കോ മഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. ജോട്ടയുടെ സഹോദരന്‍ 26കാരനായ ആന്ദ്രേ സില്‍വ പോര്‍ച്ചുഗീസ് രണ്ടാം നിര ക്ലബ്ബായ പെനാഫിയേലിന്റെ താരമായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും ജീവന്‍ നഷ്ടമായത് യുറോപ്യന്‍ ഫുട്ബാളിന് തീരാനഷ്ടമാണ്.