ക്രിസ്റ്റിയാനോയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല; മൂന്ന് മത്സര വിലക്ക് ഇങ്ങനെ

ഫിഫ അച്ചടക്ക സമിതി, റൊണാള്‍ഡോ മൂന്ന് മത്സരങ്ങളില്‍ വിലക്ക് അര്‍ഹിക്കുന്നതായി വിലയിരുത്തിയെങ്കിലും ഒരു മത്സര വിലക്ക് നിലനിര്‍ത്തുകയും രണ്ട് മത്സരങ്ങളുടെ വിലക്ക് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

author-image
Biju
New Update
cr7

ഡബ്ലിന്‍: പോര്‍ച്ചുഗലിനും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകര്‍ക്കും ആശ്വാസ വാര്‍ത്ത. യോഗ്യതാ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ താരത്തിന് അടുത്ത വര്‍ഷത്തെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നഷ്ടമാകില്ല. ഫിഫ അച്ചടക്ക സമിതി, റൊണാള്‍ഡോ മൂന്ന് മത്സരങ്ങളില്‍ വിലക്ക് അര്‍ഹിക്കുന്നതായി വിലയിരുത്തിയെങ്കിലും ഒരു മത്സര വിലക്ക് നിലനിര്‍ത്തുകയും രണ്ട് മത്സരങ്ങളുടെ വിലക്ക് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

നവംബര്‍ 16ന് പോര്‍ച്ചുഗല്‍ അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍മേനിയയെ നേരിട്ടപ്പോള്‍ റൊണാള്‍ഡോ പുറത്തായിരുന്നു. ഒരു മത്സരത്തില്‍ പുറത്തിരുന്നതോടെ 2026 ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയും പന്തു തട്ടും. ആറാം ലോകകപ്പിനാണ് നാല്‍പ്പത്തൊന്നുകാരന്‍ ബൂട്ടുകെട്ടുന്നത്.

നവംബര്‍ 13ന് അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിലാണ് നാല്‍പത്തൊന്നുകാരന്‍ ചുവപ്പ് കണ്ട് പുറത്തായത്. ഇരുപത്തിരണ്ടുവര്‍ഷത്തെ കളിജീവിതത്തിനിടയില്‍ പോര്‍ച്ചുഗല്‍ കുപ്പായത്തിലെ ആദ്യ ചുവപ്പ് കാര്‍ഡാണിത്. ഐറിഷ് പ്രതിരോധതാരം ഡാറ ഒ ഷിയയുടെ പുറത്ത് കൈമുട്ടുകൊണ്ട് ഇടിച്ചതിനാണ് ശിക്ഷ. റഫറി ആദ്യം മഞ്ഞക്കാര്‍ഡാണ് കാണിച്ചത്. പിന്നീട് വീഡിയോ പരിശോധനയില്‍ ഫൗളിന്റെ ഗൗരവം കണക്കിലെടുത്ത് ചുവപ്പ് കാര്‍ഡ് വീശി. മത്സരത്തില്‍ പറങ്കിപ്പട രണ്ട് ഗോളിന് തോല്‍ക്കുകയും ചെയ്തു.

ക്രിസ്റ്റ്യാനോ സസ്‌പെന്‍ഷനിലായ കളിയില്‍ അര്‍മേനിയയെ 91ന് തുരത്തിയാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയത്.