/kalakaumudi/media/media_files/2025/08/14/csl-2025-08-14-21-00-03.jpg)
കൊച്ചി: പ്രഥമ കോളേജ് സ്‌പോര്‍ട്‌സ് ലീഗില്‍ മാര്‍ അത്തനേഷ്യസ് ഫുട്‌ബോള്‍ അക്കാദമി കോതമംഗലം ജേതാക്കളായി. സൂപ്പര്‍ ലീഗ് മത്സരത്തില്‍ മാര്‍ അത്തനേഷ്യസും മഹാരാജാസ് സ്‌ട്രൈക്കേഴ്‌സും സമനിലയില്‍ പിരിഞ്ഞതോടെ മൂന്ന് കളികളില്‍ നിന്നായി ഏഴ് പോയിന്റ് നേടിയാണ് എം എ ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായത്.
അവസാന ലീഗ് മത്സരത്തില്‍ എംവിഎസ് കെ വി എമ്മിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സമോറിന്‍സ് ഇസെഡ് ജി സി രണ്ടാം സ്ഥാനം നേടി. സമോറിയന്‍സിനായി അതുല്‍ കെ രണ്ടു ഗോളുകളും ജെസെല്‍ ഒരു ഗോളും നേടി.
ജേതാക്കളായ മാര്‍ അത്തനേഷ്യസിന് സമ്മാനമായി ട്രോഫിയും രണ്ടു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മെഡലും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ പി രവീന്ദ്രന്‍ സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ സമോറിന്‍സിന് ട്രോഫിയും ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മെഡലും കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ വിഷ്ണുരാജ് പി ഐപിഎസ് സമ്മാനിച്ചു.
സമാപന സമ്മേളനം ഡോ പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി അധ്യക്ഷനായ ചടങ്ങില്‍ വിഷ്ണുരാജ് പി ഐപിഎസ്. കാലിക്കറ്റ് സര്‍വകലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ സക്കീര്‍ ഹുസൈന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ആഷിക്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എജ്യൂക്കേഷന്‍ പ്രിയ പി തുടങ്ങിയവര്‍ പങ്കെടുത്തു.