/kalakaumudi/media/media_files/2025/06/27/justin-beckham-2025-06-27-17-21-52.jpg)
justin-beckham
കൊച്ചി : മലയാളി ഷെഫിന്റെ മക്കാവുവിലുള്ള ഇന്ത്യന്‍ റസ്റ്ററന്റില്‍ കട്ടപ്പന പോത്തിറച്ചി ഉള്‍പ്പെടെ നാടന്‍ കേരള വിഭവങ്ങള്‍ കഴിക്കാനെത്തി ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. ചാലക്കുടി സ്വദേശി ജസ്റ്റിന്‍ പോളിന്റെ 'ജസ്റ്റ് ഇന്ത്യ' റസ്റ്ററന്റിലാണ് ബെക്കാമും കൂട്ടുകാരുമെത്തിയത്. മക്കാവുവിലെ ഇന്ത്യന്‍ റസ്റ്ററന്റായ ഗോള്‍ഡന്‍ പീക്കോക്കിലെ ഷെഫായിരുന്നു , 8 തവണ മികച്ച ഷെഫുമാര്‍ക്കുള്ള മിഷലിന്‍ സ്റ്റാര്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ള ജസ്റ്റിന്‍. നേരത്തേ ബെക്കാം ഇവിടെ താമസിച്ചപ്പോള്‍ ജസ്റ്റിന്‍ പാചകം ചെയ്ത വിഭവങ്ങള്‍ കഴിച്ചിട്ടുണ്ട്.
ഇവിടെ പുതിയൊരു ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ബെക്കാം ഇന്ത്യന്‍ മസാലയുടെ രുചി ഓര്‍മിച്ച് ജസ്റ്റിനെ തിരക്കിയത്. ജസ്റ്റിന്‍ പുതിയ റസ്റ്ററന്റ് തുടങ്ങിയെന്ന് ഹോട്ടലുകാര്‍ അറിയിച്ചതോടെ നേരേ അങ്ങോട്ടെത്തി. ഇതോടെ മറ്റു ബുക്കിങ്ങുകളെല്ലാം ക്യാന്‍സലാക്കി റസ്റ്ററന്റ് പൂര്‍ണമായും ബെക്കാമിനും സുഹൃത്തുക്കള്‍ക്കും വിട്ടു നല്‍കി.
കട്ടപ്പനയില്‍നിന്ന് കൊണ്ടുവന്ന ഇടിയിറച്ചിയും ഓസ്‌ട്രേലിയയില്‍നിന്ന് ഇറക്കുമതി ചെയ്ത വാഗിയോ ബീഫും ചേര്‍ത്തുള്ള വിഭവത്തില്‍ ബെക്കാം ' ബെന്‍ഡായി '. 8000 രൂപ കിലോയ്ക്ക് വിലയുള്ളതാണ് എളുപ്പം വേവുന്ന വാഗിയോ ബീഫ്. ഇതിനൊപ്പം മാംഗോ ഫിഷ് കറിയും അമ്മച്ചി ഫിഷും നല്‍കി. മീന്‍ കുടമ്പുളിയില്‍ വറ്റിച്ചെടുത്ത് വീണ്ടും ഫ്രൈ ചെയ്ത് നല്‍കുന്ന ജസ്റ്റ് ഇന്ത്യ സ്‌പെഷലാണ് അമ്മച്ചി ഫിഷ്. ചിക്കന്‍ ടിക്ക, ലോബ്സ്റ്റര്‍ മോളി, കാന്താരി മുര്‍ഗ് തുടങ്ങി ഇന്ത്യന്‍ വിഭവങ്ങള്‍ ആസ്വദിച്ച് ആശംസകള്‍ നേര്‍ന്നാണ് ബെക്കാം മടങ്ങിയത്.
ചാലക്കുടി പരേതനായ താക്കോല്‍ക്കാരന്‍ പൗലോസിന്റെയും ശോശാമ്മയുടെയും മകനാണ് ജസ്റ്റിന്‍ പോള്‍.