/kalakaumudi/media/media_files/2025/07/09/javi-2025-07-09-21-24-58.jpg)
javi
ഗോവ: വരാനിരിക്കുന്ന സീസണിലേക്ക് സ്പാനിഷ് മുന്നേറ്റനിര താരം ഹാവി സിവെരിയോയെ നാലാമത്തെ വിദേശ താരമായി സ്വന്തമാക്കാന്‍ എഫ്സി ഗോവ ഒരുങ്ങുന്നു. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്സിക്കായി 26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടിയ 27 വയസ്സുകാരനായ സിവെരിയോ, ക്ലബ്ബുമായി വേര്‍പിരിഞ്ഞ അര്‍മാന്‍ഡോ സാദിക്കുവിന് പകരക്കാരനാകും എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു.
സ്‌പെയിനിലേക്ക് മടങ്ങുന്ന ഒഡെ ഒനൈന്‍ഡിയക്കും കരാര്‍ അവസാനിച്ച കാള്‍ മക്ഹ്യൂവിനും പകരക്കാരായി രണ്ട് വിദേശ താരങ്ങളെക്കൂടി ക്ലബ്ബ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹൈദരാബാദ് എഫ്സി , ഈസ്റ്റ് ബംഗാള്‍ , ഏറ്റവും ഒടുവില്‍ ജംഷഡ്പൂര്‍ എന്നിവര്‍ക്കായി കളിച്ചിട്ടുള്ള സിവെരിയോയ്ക്ക് ഐ എസ് എല്ലില്‍ നല്ല പരിചയസമ്പത്തുണ്ട്.
ഓഗസ്റ്റ് 13-ന് ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ഒമാന്റെ അല്‍ സീബ് എഫ്സിയുമായി നടക്കുന്ന എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ടൂ പ്രിലിമിനറി റൗണ്ട് മത്സരത്തിനായി ഗോവ ഒരുങ്ങുകയാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഏഷ്യയിലെ രണ്ടാം നിര ക്ലബ്ബ് മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ക്ക് ഇടം നേടാം, തോറ്റാല്‍ എഎഫ്സി ചലഞ്ച് ലീഗിലേക്ക് തരംതാഴ്ത്തപ്പെടും. 2025-ലെ സൂപ്പര്‍ കപ്പ് നേടിയാണ് ഗോവ കോണ്ടിനെന്റല്‍ ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.