ആസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളിലും കളിച്ചതിനാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിക്കണമെന്ന കെഎല്‍ രാഹുലിന്റെ ആവശ്യം തള്ളി അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ ടീം. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള അവസാന അവസരമായ ഇംഗ്ലണ്ട് പരമ്പരയില്‍ രാഹുലും കളിക്കണമെന്നാണ് ബിസിസിഐയുടെ പുതിയ നിര്‍ദ്ദേശം.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരയ്ക്ക് ജനുവരി 22നാണ് തുടക്കമാകുന്നത്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ട്വന്റി20 പരമ്പരയാണ് ആദ്യം നടക്കുക. ഏകദിന ടീമില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാകാന്‍ സാധ്യതയുണഅടായിരിക്കെയാണ് രാഹുല്‍ വിശ്രമം ആവശ്യപ്പെട്ടത്. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ രാഹുലിനെ കളിപ്പിക്കുന്നതാകും നല്ലതെന്ന സെലക്ഷന്‍ കമ്മിറ്റിയുടെ വീണ്ടുവിചാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനം അടിസ്ഥാനമാക്കിയാകും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക.
ഫെബ്രുവരി 19നാണ് ചാമ്പ്യന്‍സ് ട്രോഫിക്കു തുടങ്ങുന്നത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ കൈവിട്ട പരമ്പരയില്‍ 10 ഇന്നിങ്സുകളിലായി 276 റണ്‍സെടുക്കാനേ രാഹുലിനു കഴിഞ്ഞുള്ളൂ. ട്വന്റി20യില്‍ മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജുവിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഇത്തവണ സെലക്ടര്‍മാര്‍ക്ക് കഴിയില്ല.