Devdath Padikkal
വഡോദര: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ ഹരിയാനക്കെതിരെ അര്‍ധസെഞ്ചുറി നേടിയതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കി കര്‍ണാടകക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ഹരിയാനക്കെതിരായ മത്സരത്തില്‍ 113പന്തില്‍ 86 റണ്‍സെടുത്ത് കര്‍ണാടകയുടെ ടോപ് സ്‌കോററായ ദേവ്ദത്ത് പടിക്കല്‍ ടീമിന്റെ വിജയശില്‍പ്പിയായതിനൊപ്പം മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്വന്തം പേരിലാക്കി.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 31 മത്സരങ്ങളില്‍ 2063 റണ്‍സടിച്ച ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിംഗ് ശരാശരി 82.52 ആണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ കുറഞ്ഞത് 2000 റണ്‍സെങ്കിലും നേടിയിട്ടുള്ള ബാറ്റര്‍മാരില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയാണിത്. ഇന്ത്യയുടെ തന്നെ റുതുരാജ് ഗെയ്ക്വാദ്(58.16), ഓസ്‌ട്രേലിയന്‍ ഇതിഹാസം മൈക്കല്‍ ബെവന്‍(57.86), ഇംഗ്ലണ്ട് താരം സാം ഹെയ്ന്‍(57.76) ഇന്ത്യയുടെ വിരാട് കോലി(57) എന്നിവരെയാണ് ബാറ്റിംഗ് ശരാശരിയില്‍ ദേവ്ദത്ത് പടിക്കല്‍ ബഹുദൂരം പിന്നിലാക്കിയത്.