‌‌‌കൊൽക്കത്തയ്‌ക്കെതിരെ നടന്നത് മുംബൈ  ജേഴ്സിയിലുള്ള രോഹിതിന്റെ അവസാന മത്സരമോ? അഭ്യൂഹങ്ങളും ചർച്ചകളും ചൂടുപിടിക്കുന്നു...

2013-ൽ ക്യാപ്റ്റനായി ചുമതലയേറ്റത് മുതൽ രോഹിതിന്റെ മുംബൈ ഇന്ത്യൻസ് ടീം നേടിയത് 5 ഐ.പി.എൽ കിരീടങ്ങളാണെന്ന്. ഐ.പി.എൽ കണ്ട ഏറ്റവും മികച്ച തലവനാണ് രോഹിത്.

author-image
Greeshma Rakesh
Updated On
New Update
rohit

did rohit sharma play his last match in mumbai indians jersey rumors and discussions are heating up

Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണീരും കഠിനാധ്വാനവും മാത്രം കൈമുതലാക്കി ജയിച്ചുവന്നവനാണ് ഇന്ത്യയുടെ ഹിറ്റ്മാൻ എന്നറിയപ്പെടുന്ന രോഹിത് ശർമ്മ.രോഹിത് ഇന്ത്യയുടെ ക്യാപ്റ്റനായപ്പോൾ ഒരുപാട് നെറ്റികൾ ചുളിഞ്ഞു. മുൻഗാമികളിൽ നിന്ന് വ്യത്യസ്തൻ. ക്രീസിൽ അക്രമണകാരിയെങ്കിലും വാക്കുകളിൽ പിശുക്കൻ.പരസ്യപ്രസ്താവനകൾ ചുരുക്കം. ഫിറ്റ്‌നസ് നിലനിർത്താൻ മെനക്കെടാത്തവനെന്നും അലസനെന്നും ചീത്തപ്പേര്.പക്ഷെ ഇതെല്ലാം പതിയെ രോഹിത് തന്നെ മാറ്റി പറയിച്ചു.2013-ൽ ക്യാപ്റ്റനായി ചുമതലയേറ്റത് മുതൽ രോഹിതിന്റെ മുംബൈ ഇന്ത്യൻസ് ടീം നേടിയത് 5 ഐ.പി.എൽ കിരീടങ്ങളാണെന്ന്. ഐ.പി.എൽ കണ്ട ഏറ്റവും മികച്ച തലവനാണ് രോഹിത്. എന്നാൽ ഈ സീസണിൽ ആരാധകരെ മുഴുവൻ അമ്പരിപ്പിച്ചുക്കൊണ്ടായിരുന്നു രോഹിത്തിനെ മാറ്റി ഹർദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത്....പിന്നീട് കണ്ടത് മുംബൈ ഇന്ത്യൻസിന്റെ തുടർ പരാജയങ്ങളാണെന്ന് പറയാതെ വയ്യ.....

ഹർദ്ദിക് പാണ്ഡ്യ നായകനായതിനു പിന്നാലെ നടന്ന ഐപിഎൽ മത്സരങ്ങളിൽ  രോഹിത്തും അല്പം അലസമട്ടായി... കഴിഞ്ഞ ആറ് ഇന്നിങ്‌സുകളിലും വൻ പരാജയമായ രോഹിത് കഴിഞ്ഞദിവസം കൊൽക്കത്തയ്‌ക്കെതിരേയും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ജയിക്കാൻ ഒരു ഓവറിൽ 10 റൺസ് വീതം വേണ്ട സമയത്ത് 24 പന്തിൽ 19 റൺസുമായി മുംബൈയെ ദയനീയ സ്ഥിതിയിൽ എത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. മുംബൈയുടെ പരാജയത്തിന് കാരണം രോഹിത് ആണെന്നും ചില ആരാധകർ പറയുന്നുണ്ട്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം രോഹിത്തിന് ടീമിനോട് ആത്മാർത്ഥതയില്ലെന്നാണ് ആരാധകരുടെ പ്രധാന ആരോപണവും.ഇതെല്ലാം ചൂടുപിടിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പർ ജയൻറ്സിനോടും തോറ്റ് മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുൻ നായകൻ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ തുടരുമോ എന്ന ചോദ്യം വ്യാപകമാകുന്നത്.

ഇതിനിടെയാണ് കൊൽക്കത്ത ഒഫിഷ്യൽസിനൊപ്പമുള്ള രോഹിത്തിന്റെ ദൃശ്യങ്ങൾ കൂടി പുറത്തുവന്നത്. മഴമൂലം കൊൽക്കത്തയുടെ കളി തടസ്സപ്പെട്ടപ്പോൾ രോഹിത് കൊൽക്കത്ത ടീമിന്റെ ഡ്രസിങ് റൂമിലെത്തി ടീം ഒഫിഷ്യലുകളെയും താരങ്ങളെയും കാണുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്. കൊൽക്കത്ത അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ, ബോളിങ് കോച്ച് ഭരത് അരുൺ, ഒപ്പം താരങ്ങളുമായിട്ടായിരുന്നു കൂടികാഴ്ച. ദൃശ്യങ്ങളിൽ നിന്ന് ഗൗരവകരമായ ചർച്ചയാണ് രോഹിത് നടത്തിയതെന്നാണ് വ്യക്തമാണ്.

 പിന്നീടുള്ള കഥ പറയാനുണ്ടോ...?രോ​ഹിത്ത് കൊൽക്കത്തയിലേയ്ക്കെന്ന് പ്രവചിച്ച് ഒരു കൂട്ടർ രം​ഗത്തെത്തി.....എന്നാൽ ആരാധകരിൽ ചിലരാകട്ടെ താരം മുംബൈ ഇൻഡ്യൻസിനൊപ്പം തുടരണമെന്ന് ആവശ്യപ്പെട്ടു....അപ്പോഴും താരത്തിന്റെ തീരുമാനം എന്താണെന്ന് ആരും ചോദിച്ചില്ല....പിന്നാലെ  രോഹിത് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിലുണ്ടാവില്ലെന്ന് തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ കൂടി രം​ഗത്തെത്തിയതോടെ കാര്യങ്ങൾഡ പിന്നേം കുഴഞ്ഞു.അടുത്ത സീസണിൽ രോഹിത് മുംബൈ ഇന്ത്യൻസ് വിടുമെന്ന് തനിക്കുറപ്പാണെന്നാണ് അനിൽ കുംബ്ലെ ജിയോ സിനിമയിലെ ടോക് ഷോയിൽ പറഞ്ഞത്.

അടുത്ത സീസണ് മുമ്പ് രോഹിത് മുംബൈ വിടും. ഇത്തരം ചർച്ചകളൊക്കെ ലോകകപ്പിനുശേഷം നടക്കുന്നതാണ് നല്ലത്. അതെന്തായാലും 11 വർഷം മുംബൈയെ നയിച്ച രോഹിത് അടുത്ത സീസണിൽ ടീം വിടാൻ ആഗ്രഹിക്കുന്നുവെന്നാണ് താൻ കരുതുന്നത്. മറ്റ് പല ടീമുകളും ക്യാപ്റ്റൻമാരെ തേടുന്നുമുണ്ട്. ഈ സീസണിൽ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായ പശ്ചാത്തലത്തിൽ മുംബൈ ടീം മാനേജ്മെൻറ് അടുത്ത സീസണിൽ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയെ മാറ്റാൻ തീരുമാനിച്ചാൽ ജസ്പ്രീത് ബുമ്രയ്ക്കും സൂര്യകുമാർ യാദവിനും സാധ്യതയുണ്ട്. ഇരുവരും മുമ്പ് ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ളവരുമാണ്. പക്ഷേ ബുമ്രയും സൂര്യയും രോഹിതിനൊപ്പം മുംബൈ ഇന്ത്യൻസ് വിടുമോ എന്നാണ് ഇനി അറിയേണ്ടതെന്നാണ് കുംബ്ലെ പറഞ്ഞത്.



ഇതിനിടെ മുൻ താരം വസീം ജാഫറിൻറെ ട്വീറ്റും ആരാധകർക്കിടയിൽ വലിയ ചർച്ചയായി.ലഖ്നൗവിനെതിരെ രോഹിത് കളിച്ചത് മുംബൈ ജേഴ്സിയിലെ അവസാന മത്സരമോ എന്നായിരുന്നു ട്വീറ്റിലൂടെ ജാഫറിൻറെ ചോദ്യം. കൊൽക്കത്ത ടീം മാനേജ്മെന്റുമായി രോഹിത് ശർമ്മ സംസാരിക്കുന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻറ്സിനോടുള്ള  മുംബൈ ഇന്ത്യൻസിന്റെ തോൽവിയ്ക്ക് പിന്നാലെ  രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ തുടരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുംബൈയുടെ മുഖ്യ പരിശീലകൻ മാർക്ക് ബൗച്ചർ. കഴിഞ്ഞദിവസം  ലഖ്നൗവിനെതിരായ മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാർക്ക് ബൗച്ചർ പറഞ്ഞ വാക്കുകൾ എന്തായാലും ആരാധകർക്ക് ഒട്ടും പ്രതീക്ഷ നൽകുന്നതല്ല.

തന്നെ സംബന്ധിച്ചിടത്തോളം രോഹിത്തിൻറെ ഭാവി തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണ്. അടുത്ത സീസണിൽ ഐപിഎല്ലിൽ മെഗാ താരലേലമാണ് നടക്കാൻ പോകുന്നത്. കണ്ടറിയണം, എന്താണ് സംഭവിക്കുകയെന്ന് എന്നായിരുന്നു ബൗച്ചറുടെ മറുപടി. ഈ സീസണിലെ രോഹിത്തിൻറെ പ്രകടനത്തെ രണ്ടായി ഭാഗിക്കാമെന്നും നല്ലരീതിയിൽ തുടങ്ങിയശേഷം പിന്നീട് രണ്ടാം പകുതിയിൽ രോഹിത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും മാർക്ക് ബൗച്ചർ പറഞ്ഞു.

തുടക്കം മുതൽ ആക്രമണ ക്രിക്കറ്റ് കാഴ്ചവെക്കാനാണ് രോഹിത് ശ്രമിച്ചത്. പക്ഷെ ചില മത്സരങ്ങളിൽ നിർഭാഗ്യവശാൽ വലിയ സ്കോറുകൾ നേടാനായില്ല. അത് ടീമിനും ഗുണകരമായിരുന്നില്ല. എന്നാൽ ഇന്നലെ ലഖ്നോവിനെതിരെ മികച്ച പ്രകടനം നടത്തിയാണ് രോഹിത് സീസൺ അവസാനിപ്പത്. കഴിഞ്ഞ ദിവസം രാത്രി രോഹിത്തുമായി സംസാരിച്ചിരുന്നു. ഈ സീസണിലെ പ്രകടനത്തെക്കുറിച്ച് ഞങ്ങൾ അവലോകനം ചെയ്തിരുന്നു. അതിനുശേഷം ഇനി എന്താണ് അടുത്തതെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചപ്പോൾ ടി20 ലോകകപ്പ് എന്നാണ് അദ്ദേഹം മറുപടി നൽകിയതെന്നും ബൗച്ചർ പറഞ്ഞു.

എന്തായാലും  നിലവിലെ ക്യാപ്റ്റൻ   ഹർദിക്കിന്റെ ശൈലിയോട് രോഹിത്തിന് വിയോജിപ്പുണ്ട്. അതുകൊണ്ടുതന്നെ രോഹിത്തിനെ ടീം വിടാൻ മുംബൈ അനുവദിക്കാനാണ്  കൂടുതൽ സാധ്യത. വലിയ ഉടച്ചുവാർക്കൽത്തന്നെ മുംബൈ ടീമിനുള്ളിൽ സംഭവിച്ചേക്കും. ഹാർദിക്കിന് കീഴിൽ കളിക്കാൻ സൂര്യകുമാർ യാദവിനും അതൃപ്തിയുണ്ട്. എന്നാൽ സൂര്യയെ ടീം വിടാൻ മുംബൈ അനുവദിച്ചേക്കില്ല. ജസ്പ്രീത് ബുംറയും സൂര്യയും ടീമിൽ തുടരാൻ ടീം മാനേജ്‌മെന്റ് ഇടപെടൽ നടത്തിയേക്കും.

എന്നാൽ രോഹിത്തിന്റെ സമീപവർഷങ്ങളിലെ ഐപിഎല്ലിലെ പ്രകടനങ്ങളെല്ലാം ശരാശരി ആയതിനാൽ രോഹിത്തിനെ ഒഴിവാക്കാനാവും മുംബൈ ശ്രമിക്കുക. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾ രോഹിത്തിനെ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. എന്തായാലും അടുത്ത സീസണിൽ രോഹിത്തിനെ പുതിയ തട്ടകത്തിൽ കാണാനാണ് സാധ്യത കൂടുതൽ.രോഹിത് ചെന്നൈയിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ടി20 ലോകകപ്പിന് പിന്നാലെ രോഹിത് ഇതിൽ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. എന്തായാലും  രോഹിത്തിനി ഏത് ടീമിന്റെ ജേഴ്സി അണിയുമെന്ന് കണ്ടുതന്നെ അറിയണം....

sports news rohit sharma mumbai indians