dinesh karthik set to play in upcoming legends league cricket season
അന്താരാഷ്ട്ര ക്രിക്കറ്റിൽ 20 വർഷത്തെ പോരാട്ടം, കളത്തിൽ എതിരാളികളെ വിറപ്പിച്ചവൻ, പറഞ്ഞുവരുന്നത് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിനെ കുറിച്ചാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷവും ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമാണ് ദിനേശ് കാർത്തിക്. സ്‌കൈ സ്‌പോർട്‌സിൽ കമന്റേറ്ററായും ക്രിക്ബസിനുവേണ്ടി വീഡിയോകൾ ചെയ്തും വിരമിച്ചശേഷമുള്ള ജീവിതത്തെ ആനന്ദകരമാക്കുകയാണ് താരം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 20 വർഷം തുടർന്ന താരം ഇപ്പോൾ കമന്ററി രംഗത്ത് മികച്ച രീതിയിൽ ക്രിക്കറ്റ് വിലയിരുത്തലുകൾ നടത്തുകയാണ്.2024 ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതിന് ശേഷം ദിനേശ് കാർത്തിക് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.ഇപ്പോഴിതാ താരം ലെജന്റ്‌സ് ക്രിക്കറ്റ് ലീഗിൽ കളിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.ലെജന്റ്‌സ് ക്രിക്കറ്റ് ലീഗ് സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്. ലെജന്റ്‌സ് ക്രിക്കറ്റ് ലീഗിൽ കളിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് കാർത്തിക് തന്നെ തുറന്നു സംസാരിച്ചിരുന്നു.
‘ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം ലെജന്റ്‌സ് ക്രിക്കറ്റ് ലീഗിൽ കളിക്കുക എന്നത് ഞാൻ പ്രതീക്ഷിക്കുന്ന ഒന്നാണ്. ഞാൻ എപ്പോഴും ആസ്വദിച്ച ക്രിക്കറ്റ് ബ്രാൻഡ് കളിക്കാനായി കാത്തിരിക്കുകയാണ്. ഏറ്റവും പ്രധാനമായി ആരാധകരോടാണ്, നിങ്ങളുടെ ഈ വലിയ പിന്തുണക്ക് നന്ദി. കളിക്കളത്തിൽ ഒരിക്കൽ കൂടി നിങ്ങളെ എന്റർടൈൻമെന്റ് ചെയ്യിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ദിനേശ് കാർത്തിക് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യക്കായി 2004ലാണ് ദിനേശ് കാർത്തിക് അരങ്ങേറ്റം കുറിക്കുന്നത്. ഏകദിനത്തിൽ 94 മത്സരങ്ങളിൽ 79 ഇന്നിങ്സിൽ നിന്നും 1752 റൺസാണ് ഡി.കെ നേടിയിട്ടുള്ളത്. ഒമ്പത് അർധസെഞ്ച്വറികളും വൈറ്റ് ബോൾ ക്രിക്കറ്റിൽ കാർത്തിക് നേടിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരം 42 ഇന്നിങ്‌സുകളിൽ നിന്നും 1025 റൺസും നേടി. ഒരു സെഞ്ച്വറിയും ഏഴ് ഫിഫ്റ്റിയും കാർത്തിക് ടെസ്റ്റിൽ നേടിയിട്ടുണ്ട്.
ടി-20യിൽ 60 മത്സരങ്ങൾ കളിച്ച കാർത്തിക് 686 റൺസും നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റിയും താരം കുട്ടിക്രിക്കറ്റിൽ നേടിയിട്ടുണ്ട്.ഐ.പി.എല്ലിലും തന്റെ പ്രതിഭ വേണ്ടുവോളം പുറത്തെടുക്കാൻ ദിനേശിന് സാധിച്ചിരുന്നു. ദൽഹി ക്യാപ്പിറ്റൽസ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയൺസ്, പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് കാർത്തിക് കളിച്ചിട്ടുള്ളത്.ഐ.പി.എല്ലിൽ 257 മത്സരങ്ങളിൽ 234 ഇന്നിങ്സിൽ നിന്നും 4842 റൺസാണ് കാർത്തിക് അടിച്ചെടുത്തത്. വ്യത്യസ്ത ടീമുകൾക്കായി കളിച്ചുകൊണ്ട് 22 അർധ സെഞ്ച്വറികളാണ് താരം നേടിയിട്ടുള്ളത്.
2024 ഐ.പി.എൽ സീസണിൽ ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമായിരുന്നു കാർത്തിക് നടത്തിയത്. 15 മത്സരങ്ങളിൽ നിന്നും രണ്ട് അർധസെഞ്ച്വറികൾ ഉൾപ്പെടെ 326 റൺസ് ആണ് കാർത്തിക് അടിച്ചെടുത്തത്. 36.22 ആവറേജിലും 187.36 സ്ട്രൈക്ക് റേറ്റിലും ആയിരുന്നു കാർത്തിക് ബാറ്റ് വീശിയത്.കഴിഞ്ഞ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ആദ്യ എട്ട് മത്സരങ്ങളിൽ ഏഴ് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നടന്ന ആറ് മത്സരങ്ങളും ജയിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്. എന്നാൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ട് ഈ സീസണിലും കിരീട സ്വപ്നം അവസാനിപ്പിക്കുകയായിരുന്നു ബെംഗളൂരു.