/kalakaumudi/media/media_files/2025/07/28/divya-2025-07-28-16-14-05.jpg)
ജോര്‍ജിയ: ലോകം ഉറ്റുനോക്കിയ കലാശപ്പോരാട്ടത്തില്‍ ആവേശകരമായ മത്സരത്തില്‍ കൊനേരു ഹംപിയെ കീഴടക്കി പത്തൊന്‍പതുകാരി ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകിരീടം.
ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ടൈബ്രേക്കറിലാണ് ദിവ്യയുടെ വിജയം. ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കര്‍ വേണ്ടിവന്നത്.
ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. ഇന്ത്യയുടെ 88ാം ഗ്രാന്‍ഡ്മാസ്റ്ററാണ് ദിവ്യ. വനിതകളില്‍ നാലാം ഗ്രാന്‍ഡ് മാസ്റ്ററും, കൊനേരു ഹംപി, ഡി.ഹരിക, വൈശാലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മുന്‍ഗാമികള്‍. ഇതിനു പുറമേ, അടുത്ത വനിതാ കാന്‍ഡിഡേറ്റ്‌സിനും ദിവ്യ യോഗ്യത നേടി.
ടൈബ്രേക്കറിന്റെ ആദ്യ ഘട്ടത്തിലുള്ള ഒന്നാം റാപ്പിഡ് ഗെയിമില്‍ ഇരുവരും തുല്യത പാലിച്ചെങ്കിലും, രണ്ടാം റാപ്പിഡ് ഗെയിമില്‍ നേടിയ വിജയത്തോടെയാണ് ദിവ്യ ദേശ്മുഖ് കിരീടം ചൂടിയത്. ഇരുവര്‍ക്കും 15 മിനിറ്റും ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് അധികസമയവുമുള്ള 2 റാപിഡ് ഗെയിമുകളിലെ ആദ്യ ഗെയിമാണ് സമനിലയില്‍ അവസാനിച്ചത്. റാപിഡ് ടൈബ്രേക്കറില്‍ ഫലം കണ്ടതോടെ ബ്ലിറ്റ്‌സ്, ആര്‍മഗെഡന്‍ മത്സരങ്ങള്‍ വേണ്ടിവന്നില്ല.
നാടകീയമായിരുന്നു ആദ്യ കളിയുടെ തുടക്കം. ഇരുവരുടെയും ആദ്യ ലോകകപ്പ് ഫൈനല്‍. പണ്ടേ പരിചിതര്‍. ഇന്ത്യയ്ക്കായി ഒന്നിച്ച് പലവട്ടം കളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യ നീക്കത്തിനു മുന്‍പ് പരസ്പരം മുഖം കൊടുക്കാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചു. വെള്ളക്കരുക്കളുമായി രാജ്ഞിക്കു മുന്‍പിലെ കാലാളിനെ നീക്കിയാണ് ദിവ്യ തുടങ്ങിയത്. ഏതാനും സെക്കന്‍ഡ് ആലോചിച്ച് ഹംപിയുടെ മറുപടി. പിന്നാലെ ക്വീന്‍സ് ഗാംബിറ്റ് പ്രാരംഭം കളത്തില്‍.
പതിവിലും ഗൗരവം തുടക്കം മുതലേ ഇരുവരുടെയും മുഖത്തുണ്ടായിരുന്നു. കളിയിലും അങ്ങനെതന്നെ. ഏറെ സമയമെടുത്തു ആദ്യ നീക്കങ്ങള്‍ക്ക് ഇരുവരും. എട്ടാം നീക്കമായതോടെ ടാക്റ്റിക്കല്‍ സാധ്യതകളുള്ള സങ്കീര്‍ണമായ കരുനിലയായി കളത്തില്‍. കുതിരയെ പിന്നിലേക്കു വലിച്ച ഹംപിയുടെ 10ാം നീക്കത്തിലെ പിഴവു തിരിച്ചറിഞ്ഞ ദിവ്യ 11ാം നീക്കത്തില്‍ ബിഷപ്പിനെ എഫ് 3 കളത്തിലേക്ക് വിന്യസിച്ചു.ദിവ്യയ്ക്കു നേരിയ മേല്‍ക്കൈ എന്നു പറയാവുന്ന സ്ഥിതി. എന്നാല്‍, വിജയതൃഷ്ണയില്‍ 12ാം നീക്കത്തില്‍ ഹംപിയുടെ രാജാവിന്റെ ദുര്‍ബലത മുതലെടുത്ത് ദിവ്യ കുതിരയെ ബലി നല്‍കിയത് അനവസരത്തിലായി എന്ന അഭിപ്രായമായിരുന്നു പരക്കെ. പക്ഷേ, കൃത്യമായ തുടര്‍ നീക്കം കണ്ടെത്തുന്നതില്‍ ഹംപിക്കു പിഴച്ചപ്പോള്‍ ദിവ്യ ആധിപത്യം നേടി.
കോട്ട കെട്ടാനാകാതെ കുരുങ്ങിയ ഹംപിയുടെ രാജാവിനെ ലാക്കാക്കിയ നീക്കങ്ങള്‍ക്കു മൂര്‍ച്ച നല്‍കാന്‍ ദിവ്യ ചിന്തയിലേക്ക്. എന്നാല്‍ ബിഷപ്പിനെ പരസ്പരം വെട്ടിമാറ്റാനുള്ള ദിവ്യയുടെ തീരുമാനം (14ാം നീക്കം) ആ ആനുകൂല്യം ഇല്ലാതാക്കി.ബലി നല്‍കിയ കരുവിനെ ദിവ്യ തിരിച്ചെടുത്തെങ്കിലും രാജ്ഞിയും റൂക്കുകളും കാലാളും മാത്രമുള്ള കളത്തില്‍ ഇരുവര്‍ക്കും വിജയസാധ്യത ഇല്ലായിരുന്നു. ആദ്യ 40 നീക്കങ്ങള്‍ എത്തുംമുന്‍പ് സമയസമ്മര്‍ദത്തില്‍ ഇരുവരും പിഴവുകള്‍ വരുത്തി. അവസാന നീക്കങ്ങള്‍ നടത്താന്‍ സെക്കന്‍ഡുകള്‍ മാത്രമായിരുന്നു ദിവ്യയുടെ ക്ലോക്കില്‍. 35ാം നീക്കത്തില്‍ പെര്‍പച്വല്‍ ചെക്കിലേക്കും സമനിലയിലേക്കും എത്താനായി ഹംപി റൂക്കിനെ ബലി നല്‍കി. 41 നീക്കങ്ങളില്‍ ഇരുവരും ഒരേ കരുനില ആവര്‍ത്തിച്ചപ്പോള്‍ അനിവാര്യമായ സമനില പിറന്നു.
പത്തൊന്‍പതിന്റെ ചോരത്തിളപ്പുമായിറങ്ങിയ ദിവ്യയെ 38 വയസ്സിന്റെ പരിചയസമ്പത്തോടെ ഹംപി നേരിട്ട മത്സരമായിരുന്നു ഇത്. വെള്ളക്കരുക്കളുമായി കുതിരയെ ഇറക്കി ഹംപിയുടെ തുടക്കം. ശാന്തമായ ഇംഗ്ലിഷ് പ്രാരംഭത്തില്‍ തുടങ്ങി ക്വീന്‍സ് ഗാംബിറ്റിനു സമാനമായ കരുനിലയില്‍ വന്നെത്തിയതോടെ ഹംപിയുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. തനിക്കു മികവുള്ള പൊസിഷനല്‍ ചെസില്‍ മുന്‍തൂക്കം നേടുക. ഹംപിയുടെ വേഗത്തിലുള്ള നീക്കങ്ങള്‍ക്ക് അതേവേഗത്തില്‍ തന്നെയായിരുന്നു ദിവ്യയുടെ മറുപടി. ദിവ്യയുടെ നാലാം നീക്കത്തിനു ശേഷം ചിന്തയിലേക്കു നീങ്ങിയത് ആദ്യം ഹംപിയായിരുന്നു.
കംപ്യൂട്ടര്‍ നീക്കങ്ങള്‍ക്കു സമാനമായ കണിശത ഇരുവരും പാലിച്ചതോടെ ആര്‍ക്കുമാര്‍ക്കും മുന്‍തൂക്കമില്ലാത്ത സ്ഥിതി. പതിമൂന്നാം നീക്കത്തോടെ ഇരുവരും രണ്ടു റൂക്കുകളും വെട്ടിമാറ്റിയതോടെ ഹംപിയുടെ രണ്ടു ബിഷപ്പിനു പകരം ദിവ്യയ്ക്കു 2 കുതിര എന്നതുമാത്രമായിരുന്നു കളത്തിലെ കാര്യമാത്രപ്രധാനമായ വ്യത്യാസം.
23ാം നീക്കത്തില്‍ ഹംപി താല്‍ക്കാലികമായി കാലാളിനെ ബലി നല്‍കിയതോടെ ഇരുവരും കളത്തില്‍ ആഗ്രഹിച്ച സമ്മര്‍ദഘട്ടം വന്നു. ശ്രദ്ധിച്ചു കളിച്ചില്ലെങ്കില്‍ കളി അപകടകരമാകുമെങ്കിലും വിജയത്തിന് എന്തെങ്കിലും സാധ്യതകളുണ്ടോ എന്നു പരിശോധിക്കുന്ന തിരക്കിലായി ദിവ്യ. കരുനില അല്‍പം മോശമായാലും തനിക്ക് അധികമായുള്ള കാലാള്‍ അന്ത്യഘട്ടത്തില്‍ ഗുണകരമാകും എന്നതായിരുന്നു ആ പ്രതീക്ഷയ്ക്ക് അടിസ്ഥാനം.
എന്നാല്‍, ഹംപിയുടെ ഓരോ നീക്കം കഴിയുന്തോറും ഏറ്റവും കൃത്യമായ 'ഒരേയൊരു മറുനീക്കം' കണ്ടെത്തേണ്ട സമ്മര്‍ദത്തിലായി ദിവ്യ. രണ്ടുപേരും വിജയത്തിനു ശ്രമിക്കുന്ന സ്ഥിതി. എന്നാല്‍, സമയസമ്മര്‍ദത്തില്‍ ആക്രമണങ്ങള്‍ക്ക് അവധി കൊടുത്ത് ഇരുവരും ഒരേനീക്കങ്ങള്‍ നടത്തി കരുനില മൂന്നുവട്ടം ആവര്‍ത്തിച്ചതോടെ 34 നീക്കങ്ങളില്‍ സമനില പിറന്നു.